16 Jan 2026 4:50 PM IST
Summary
ഒരു ദിവസത്തെ ആഘോഷത്തിനായി വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ബാധ്യത വേണോ? വെഡ്ഡിങ് ലോൺ എടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ത്യയിൽ വിവാഹങ്ങൾ എന്നത് ആഘോഷങ്ങളുടെ വലിയൊരു വിരുന്നാണ്. മിക്കവരും ഇപ്പോൾ ലോൺ എടുത്തും വിവാഹം നടത്താറുണ്ട്. എന്നാൽ ഈ ആഘോഷങ്ങൾക്കായി ലോൺ എടുക്കുന്നത് ശരിയായ ഒരു സാമ്പത്തിക തീരുമാനമാണോ? വിവാഹ ആവശ്യങ്ങൾക്കായി പേഴ്സണൽ ലോൺ എടുക്കുന്നതിന് മുൻപ് ഗൗരവമായി ആലോചിക്കേണ്ട ചില വശങ്ങളുണ്ട്.
1 എപ്പോഴാണ് ലോൺ എടുക്കേണ്ടത്?
വിവാഹത്തിന് ആവശ്യമായ പണത്തിന്റെ സിംഹഭാഗവും നിങ്ങളുടെ കൈവശമുണ്ടാവുകയും, ചെറിയൊരു തുകയുടെ മാത്രം കുറവുണ്ടാവുകയും ചെയ്യുമ്പോൾ ലോൺ പരിഗണിക്കാം. വലിയ തുകയുടെ ലോൺ ഉപേക്ഷിക്കാം. കുറഞ്ഞ കാലയളവിലെ ലോണുകളായിരിക്കും ഉചിതം.
തിരിച്ചടവ് ശേഷി: പ്രതിമാസ വരുമാനത്തിന്റെ വലിയൊരു ഭാഗം ഇഎംഐ ആയി പോകുന്നില്ല എന്ന് ഉറപ്പുവരുത്തുക. മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിച്ചേക്കാം.
ലോൺ എടുക്കുമ്പോഴുള്ള അപകടങ്ങൾ പലതാണ്.
ഉയർന്ന പലിശ നിരക്ക്: പേഴ്സണൽ ലോണുകൾക്ക് സാധാരണയായി 10% മുതൽ 24% വരെ ഉയർന്ന പലിശയാണ് ഈടാക്കുന്നത്. ഇത് നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ (ഉദാഹരണത്തിന് വീട് വാങ്ങുക, വിരമിക്കലിനുള്ള നിക്ഷേപം എന്നിവയെയും ബാധിച്ചേക്കാം.
കടക്കെണി: വിവാഹം കഴിഞ്ഞാലുടൻ വലിയൊരു കടബാധ്യതയുമായി ജീവിതം തുടങ്ങുന്നത് ദമ്പതികൾക്കിടയിൽ മാനസിക സമ്മർദ്ദമുണ്ടാക്കാനും കാരണമാകും.
ലോൺ ഒഴിവാക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?
ബജറ്റ് പ്ലാനിംഗ്. കയ്യിലുള്ള തുകയ്ക്കനുസരിച്ച് വിവാഹ ചെലവുകൾ ക്രമീകരിക്കുക. അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കുന്നത് കടബാധ്യത കുറയ്ക്കാൻ സഹായിക്കും.
നേരത്തെ നിക്ഷേപിക്കുക: വിവാഹത്തിനായി മുൻകൂട്ടി പ്ലാൻ ചെയ്ത് എസ്ഐപി വഴിയോ മറ്റോ പണം നിക്ഷേപിച്ചു തുടങ്ങുന്നത് ലോൺ എടുക്കേണ്ട സാഹചര്യം ഒഴിവാക്കും. സ്വർണ്ണപ്പണയം പോലുള്ള ഓപ്ഷനുകൾ പേഴ്സണൽ ലോണിനെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാകുന്നവയാണ്. എന്നാൽ ഇതും ഒരു ബാധ്യത തന്നെയാണെന്ന് ഓർക്കുക.
വിവാഹം ഒരു ദിവസത്തെ ആഘോഷമാണ്, എന്നാൽ ലോൺ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ബാധ്യതയാണ്. അതിനാൽ, ലോൺ എടുക്കുന്നതിന് മുൻപ് അത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകർക്കില്ലെന്ന് ഉറപ്പുവരുത്തുക. ആഡംബരത്തേക്കാൾ പ്രാധാന്യം സമാധാനപരമായ ദാമ്പത്യ ജീവിതത്തിന് നൽകുന്നതാണ് ബുദ്ധി.സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് കൃത്യമായ വിശകലനം നടത്തുക.
പഠിക്കാം & സമ്പാദിക്കാം
Home
