7 March 2026 4:33 PM IST
സ്വന്തമായി വരുമാനമുണ്ടോ? മികച്ച സമ്പാദ്യം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ
Rinku Francis
Summary
വനിതകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും കളറാകേണ്ടേ? മികച്ച സമ്പാദ്യം സ്വരുക്കൂട്ടാൻ മൂന്ന് കാര്യങ്ങൾ
കേവലം സ്ത്രീ സമത്വം എന്നതിനപ്പുറത്തേക്ക് ഇനി സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും ഭദ്രതയും കൂടുതലായി ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. മിക്ക വീടുകളിലും പുരുഷൻമാർക്കൊപ്പം നിന്ന് സ്ത്രീകളും ജോലി ചെയ്യുകയും പ്രതിമാസ വരുമാനം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. 30 ദിവസത്തെ ഓട്ടപ്പാച്ചിലിന് ശേഷം കയ്യിലെത്തുന്ന പണം എങ്ങനെയാണ് ആവശ്യങ്ങൾക്ക് മാത്രം ചെലവഴിച്ച് ബാക്കിയുള്ള തുക മിച്ചം പിടിക്കുക? സാമ്പത്തിക ഭദ്രതക്കായി ഒഴിവാക്കേണ്ട തെറ്റുകൾ എന്തൊക്കെയാണ്? സേവിങ്സിലെ ചില അടിസ്ഥാന പാഠങ്ങൾ ദീർഘകാലത്തേക്കുള്ള ആസ്തി വർധനക്ക് നമ്മളെ സഹായിക്കും.
വരുമാനം ലഭിച്ചു തുടങ്ങുമ്പോൾ തന്നെ 20 ശതമാനം മുതൽ 30 ശതമാനം വരെ തുകയെങ്കിലും നിക്ഷേപത്തിനായി നീക്കി വയ്ക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഏറ്റവും കുറഞ്ഞത് 10 -15 ശതമാനം തുകയെങ്കിലും മാറ്റി വയ്ക്കണം. എല്ലാ ചെലവുകൾക്കും ശേഷം മിച്ചം വരുന്ന തുക സമ്പാദ്യത്തിനായി നീക്കി വയ്ക്കാൻ ശ്രമിക്കുന്നതാണ് പൊതുവെയുള്ള രീതിയെങ്കിലും ഇത് മാറണം. അത്യാവശ്യ ചെലവുകൾ കഴിഞ്ഞാൽ ബാക്കിയുള്ള തുക സമ്പാദ്യത്തിനായി മാറ്റി വെക്കാനാകുമെങ്കിൽ ഇതിന് മുൻഗണന നൽകാം.
എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നോ അത്രയും തുക വർഷങ്ങൾ പിന്നിടുമ്പോൾ കയ്യിൽ അധികമായുണ്ടാകും. ഉദാഹരണത്തിന് 22 വയസിൽ ജോലി ലഭിക്കുമ്പോൾ മുതൽ നിക്ഷേപത്തിനായി നിശ്ചിത തുക വീതം നീക്കി വയ്ക്കുന്നതും 30 വയസ് മുതൽ നീക്കി വെച്ചു തുടങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മ്യൂച്വൽ ഫണ്ട് എസ്ഐപി , പോസ്റ്റോഫീസ് നിക്ഷേപങ്ങൾ , ചിട്ടി, റെക്കറിങ് ഡെപ്പോസിറ്റ് എന്നിവയിൽ നിന്ന് ഏറ്റവും അനുയോജ്യമായ നിക്ഷേപ രീതികൾ തിരഞ്ഞെടുക്കാം.
സേവിങ്സ് അക്കൗണ്ടിൽ എല്ലാ സമ്പാദ്യവും വേണ്ട
സാലറി അക്കൗണ്ടിലോ സേവിങ്സ് അക്കൗണ്ടിലോ തന്നെ മാസ വരുമാനം സൂക്ഷിക്കുന്ന നിരവധി വനിതകളുണ്ട്. ഇത് മണ്ടത്തരമാണ്. എത്ര ഉയർന്ന പലിശയുള്ള സേവിംഗ്സ് അക്കൗണ്ടാണെങ്കിലും പലിശ 3 -4 ശതമാനമാണ്. പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ സേവിങ്സ് അക്കൗണ്ടുകൾ നൽകുന്ന വരുമാനം വളരെ കുറവാണ്. വരുമാനത്തിൻ്റെ മൂല്യത്തിൽ കാര്യമായ വർധനയൊന്നുമുണ്ടാകുന്നില്ല.
അത്യാവശ്യ ചെലവുകൾക്ക് ശേഷം നിശ്ചിത തുക മാത്രം സാലറി അക്കൗണ്ടിൽ നിലനിർത്തി ബാക്കി തുക സമ്പാദ്യത്തിനായി നീക്കി വയ്ക്കണം. ദീർഘകാല സമ്പാദ്യമാണ് ആഗ്രഹിക്കുന്നതെങ്കിൽ വ്യത്യസ്ത എസ്ഐപികൾ തുടങ്ങാം. 2000 രൂപ മുതൽ 5000 രൂപ വരെ തുടക്കത്തിൽ നീക്കി വയ്ക്കാം. പിന്നീട് തുക ഉയർത്താം. സുരക്ഷിതമായ നിക്ഷേപ പദ്ധതികളാണ് താൽപ്പര്യമെങ്കിൽ പോസ്റ്റോഫീസ് നിക്ഷേപങ്ങൾ , എൻപിഎസ്, പിഎഫ് പോലുള്ള പദ്ധതികളെയൊക്കെ ആശ്രയിക്കാം.
വേണം എക്സ്പൻസ് ട്രാക്കർ
മിക്കവരുടെയും സാലറി അക്കൗണ്ട് ഗൂഗിൾപേ പോലുള്ള ഡിജിറ്റൽ വാലറ്റുകളുമായും ലിങ്ക് ചെയ്തിട്ടുണ്ടാകും. ഇത്തരം വാലറ്റുകളിലൂടെ നടത്തുന്ന പല ഇടപാടുകളും നമ്മൾ അവഗണിക്കുകയാണ് പതിവ്. എന്നാൽ വാലറ്റുകൾ ഉപയോഗിച്ച് ചെലവാക്കുന്നതുൾപ്പെടെയുള്ള പ്രതിമാസ ചെലവുകൾ ട്രാക്ക് ചെയ്തില്ലെങ്കിൽ മാസവസാനമാകുമ്പോൾ അക്കൗണ്ട് കാലിയാകും. ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിക്കുന്നതിന് മുമ്പ് തുക എന്തിനാണെന്നും ഇത് ഇപ്പോൾ ആവശ്യമുള്ള ചെലവാണോ എന്നും ചിന്തിക്കാം.
ഒരു കുടുംബ ബജറ്റിലും ഇത് നിർണായകമാണ്. സാധനങ്ങൾ വാങ്ങുമ്പോൾ അത്യാവശ്യ സാധനങ്ങൾക്ക് മുൻഗണന നൽകാം. പിന്നീട് അവശ്യ സാധനങ്ങൾക്കും. തീരെ ഉപയോഗമില്ലാത്തതും വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്നതുമായുള്ള സാധനങ്ങൾക്കായി പണം ചെലവഴിക്കും മുമ്പ് വീണ്ടും വീണ്ടും ആലോചിക്കാം. സൂപ്പർമാർക്കറ്റുകളിലും ടെക്സ്റ്റൈൽ ഷോപ്പുകളിലുമൊക്കെ ഇങ്ങനെ അനാവശ്യമായി ചെലവാക്കാറുള്ള തുക ലാഭിക്കാനായാൽ പോലും നല്ലൊരു തുക സമ്പാദ്യത്തിനായി നിക്കിവയ്ക്കാൻ ആകും.
വേണം ഒരു എമർജൻസി ഫണ്ട്
കഴിവതും ആവശ്യമില്ലാത്ത സാമ്പത്തിക ബാധ്യതകൾ എല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. അനാവശ്യ കടബാധ്യതകൾ സാമ്പത്തിക ഭദ്രത നഷ്ടമാക്കും. ലോണോ മറ്റ് ബാധ്യതകളോ ഉണ്ടെങ്കിൽ കുറേശ്ശെയായി തീർത്ത് കൊണ്ടുവന്നതിന് ശേഷം സമ്പാദ്യത്തിന് പ്രാധാന്യം നൽകാം. ഉയർന്ന പലിശയിലെ പേഴ്സണൽ ലോണുകൾ, ക്രെഡിറ്റ് കാർഡ് ലോണുകൾ എന്നിവ കഴിയുന്നതും ഒഴിവാക്കാം. അതുപോലെ സമ്പാദ്യം പ്രധാനമായത് പോലെ തന്നെ ഒരു എമർജൻസി ഫണ്ടും എപ്പോഴും പ്രധാനമാണ്.
പെട്ടെന്നുണ്ടാകുന്ന അത്യാവശ്യങ്ങൾക്ക് പണം കണ്ടെത്താൻ നിശ്ചിത തുക വീതം സുരക്ഷിതമായ മറ്റൊരു ഫണ്ടിലേക്ക് മാറ്റം. ഒരാളുടെ പ്രതിമാസ ചിലവ് 30000 രൂപയാണെങ്കിൽ 90000 , 12 ,0000 രൂപയെങ്കിലും എമർജൻസി ഫണ്ടായി ഉണ്ടാകണമെന്നതാണ് പൊതുവെയുള്ള പേഴ്സണൽ ഫിനാൻസ് റൂൾ. പെട്ടെന്ന് വരുമാനം നിലച്ചാൽ രണ്ട്, മൂന്ന് മാസം വാടക പോലുള്ള അടിസ്ഥാന ആവശ്യങ്ങളെ ബാധിക്കാതിരിക്കാനാണിത്. വരുമാനവും സാഹചര്യവും അനുസരിച്ച് പറ്റുന്ന ഒരു തുക എമർജൻസി ഫണ്ടായി കരുതുന്നതും ഗുണം ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
