image

18 April 2024 9:13 AM GMT

Personal Finance

ബാങ്ക് ലോക്കറാണെങ്കിലും ജാഗ്രത വേണം

MyFin Desk

open a bank locker
X

Summary

  • വെറുതെ ഒരു ലോക്കര്‍ എടുത്തിട്ട് കാര്യമില്ല
  • ലോക്കറിന്റെ സുരക്ഷിതത്വം ബാങ്കിന്റെ ഉത്തരവാദിത്തങ്ങള്‍ എന്നിവ അറിഞ്ഞിരിക്കണം
  • വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുകയും ചെയ്യാം. സുരക്ഷിതത്വത്തെക്കുറിച്ചോര്‍ത്ത് പേടിക്കുകയും വേണ്ട


പണമായി കയ്യിലുള്ള സമ്പത്ത് ബാങ്കില്‍ നിക്ഷേപിക്കാം. പക്ഷേ, സ്വര്‍ണം, വജ്രം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളായാണ് ആസ്തിയെങ്കില്‍ അത് ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയില്ലല്ലോ? പക്ഷേ, സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. ഇതിനുള്ള വഴിയാണ് ബാങ്ക് ലോക്കറുകള്‍. ചെറിയ തുക ചാര്‍ജായി നല്‍കി ബാങ്ക് ലോക്കറുകള്‍ എടുക്കാം. അതില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുകയും ചെയ്യാം. സുരക്ഷിതത്വത്തെക്കുറിച്ചോര്‍ത്ത് പേടിക്കുകയും വേണ്ട.

എസ്ബിഐ, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്കുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ സ്വകാര്യ മേഖല ബാങ്കുകളും സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ സൗകര്യം നല്‍കുന്നുണ്ട്.

ജാഗ്രത വേണം

സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്കറിലേക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ മാറ്റുന്നത്. സൂക്ഷിക്കാനായാണ് ഏല്‍പ്പിക്കുന്നതെങ്കിലും ജാഗ്രത വേണം. അതോടൊപ്പം അതിന്റെ അപകട സാധ്യതകളെക്കുറിച്ചും ബോധവാന്മായിരിക്കണം. ബാങ്ക് ലോക്കര്‍ എടുക്കും മുമ്പ് പരിഗണിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ദൂരം

ലോക്കര്‍ എടുക്കാനാഗ്രഹിക്കുന്നവര്‍ ഏറ്റവും അടുത്ത് ഈ സേവനം നല്‍കുന്നത് ആരാണ് എന്ന് പരിശോധിക്കണ്ടതുണ്ട്. എന്തെങ്കിലും ആവശ്യം വന്നാല്‍ വേഗത്തില്‍ എത്തിച്ചേരാനാകണം. മാത്രവുമല്ല ലോക്കറില്‍ വെയ്ക്കാനായി വിലപിടിപ്പുള്ള വസ്തുവുമായി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുമ്പോള്‍ മോഷണ സാധ്യതയും വര്‍ധിക്കും. അതിനാല്‍ സുരക്ഷിതത്വത്തിന് എപ്പോഴും ദൂരം കുറവാണ് നല്ലത്.

സന്ദര്‍ശനം

ചില ബാങ്കുകള്‍ ലോക്കര്‍ ഉപയോഗത്തിന് പരിധി വെച്ചിട്ടുണ്ട്. അതായത് ഒരു വര്‍ഷത്തെ പരിധിക്ക് മുകളിലുള്ള ലോക്കര്‍ സന്ദര്‍ശനങ്ങളുടെ എണ്ണത്തിന് അധിക ഫീസ് ഈടാക്കും. അതുകൊണ്ട് ലോക്കര്‍ തെരഞ്ഞെടുക്കും മുമ്പ് അതുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം. എപ്പോഴൊക്കെ ലോക്കര്‍ സന്ദര്‍ശിക്കേണ്ടി വരുമെന്ന് കണക്കാക്കുക. ബാങ്കിന്റെ പോളിസികള്‍ നിങ്ങള്‍ക്ക് അനുയോജ്യമാണോയെന്ന് ഉറപ്പാക്കുക.

പിഴ

ലോക്കറിന്റെ താക്കോല്‍ നഷ്ടപ്പെട്ടാല്‍ ലോക്കറിന്റെ പൂട്ട് തകര്‍ക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളില്‍ ലോക്കറുടമയുടെ കയ്യില്‍ നിന്നും പിഴയായി ഒരു തുക ഈടാക്കും. അതുകൊണ്ട് താക്കോലുകള്‍ സുരക്ഷതിമായി സൂക്ഷിക്കണം. മാത്രവുമല്ല താക്കോല്‍ നഷ്ടപ്പെട്ടാലുള്ള പിഴ എത്രായണ്, അതുമായി ബന്ധപ്പെട്ട നടപടികള്‍ എന്തൊക്കെയാണെന്ന് ലോക്കര്‍ എടുക്കും മുമ്പേ ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പാക്കേണ്ടതുണ്ട്.

നഷ്ടപ്പെട്ടാല്‍

ലോക്കറിലുള്ള വസ്തും ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ടാല്‍ ബാങ്കിന്റെ ബാധ്യത എന്താണെന്നു കൂടി ഉറപ്പാക്കേണ്ടതുണ്ട്. പലപ്പോഴും ബാങ്കുകള്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ ബാധ്യത കുറവായിരിക്കും. അതുകൊണ്ട് ലോക്കറിലുള്ള വസ്തുവിന്റെ നഷ്ടത്തില്‍ ബാങ്കിനുള്ള ഉത്തരവാദിത്തം എന്താണെന്ന് അറിഞ്ഞിരിക്കണം. ലോക്കര്‍ വാടക കരാറുകള്‍, പ്രകൃതി ദുരന്തങ്ങള്‍, ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ, മറ്റ് പ്രവചനാതീതമായ സാഹചര്യങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന നഷ്ടത്തിനുണ്ടാകുന്ന ബാധ്യതകള്‍ ബാങ്കും ലോക്കറുടമയും എങ്ങനെ വഹിക്കേണ്ടി വരുമെന്ന് കൃത്യമായി അറിഞ്ഞു വേണം ലോക്കര്‍ എടുക്കാന്‍.

ഇന്‍ഷുറന്‍സ്

ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെങ്കിലും വിലപിടിപ്പുള്ള വസ്തുക്കള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പ്രത്യേകമായി എടുക്കാം.അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് സുരക്ഷിതത്വം നല്‍കും.