image

10 May 2024 7:18 AM GMT

Personal Finance

സ്വർണ്ണത്തിൽ എങ്ങിനെ മികച്ച നിക്ഷേപം നടത്താം?

കവിത സുബ്രഹ്മണ്യൻ, സഹസ്ഥാപക, അപ്സ്റ്റോക്സ്

how can gold be a good investment
X

Summary

  • ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പഴക്കമേറിയതും ഏറ്റവും ഇഷ്ടപ്പെട്ടതുമായ നിക്ഷേപ സാധ്യതകളിൽ ഒന്നാണ് സ്വർണ്ണം
  • തുടക്കക്കാർ സ്വർണ്ണ വിപണിയെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്


ഇന്ത്യയിൽ ഇപ്പോൾ നിക്ഷേപ അന്തരീക്ഷം വളർച്ചയുടെ പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ ഒരു സമ്പാദ്യ സമ്പദ്വ്യവസ്ഥയിൽ നിന്ന് നിക്ഷേപ സമ്പദ് വ്യവസ്ഥയിലേക്ക് ക്രമേണ മാറികൊണ്ടിരിക്കുകയാണ്. നിക്ഷേപ സാദ്ധ്യതകളെ (ഷെയർ മാർക്കറ്റ്, മ്യൂച്വൽ ഫണ്ടുകൾ, ഐപിഒകൾ, സ്വർണം, സ്ഥിര വരുമാന പദ്ധതികൾ) സംബന്ധിച്ച ശരിയായ വിവര ലഭ്യത നിക്ഷേപകരെ അവരുടെ പോർട്ട്ഫോളിയോ വിശാലമാക്കാനും ശരിയായ നിക്ഷേപം നടത്താനും സഹായിച്ചിട്ടുണ്ട്.

വളരെയധികം നിക്ഷേപ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പഴക്കമേറിയതും ഏറ്റവും ഇഷ്ടപ്പെട്ടതുമായ നിക്ഷേപ സാധ്യതകളിൽ ഒന്നാണ് സ്വർണ്ണം. ശക്തമായ സാംസ്കാരിക ചരിത്രത്തിൻറെ പിൻബലം അതിനുണ്ട്. കഴിഞ്ഞ കുറച്ചുവർഷമായി മികച്ച പ്രകടനമാണ് സ്വർണ്ണം കാഴ്ചവെക്കുന്നത്. 2023 കലണ്ടർ വർഷത്തിൽ ഏകദേശം 25 ശതമാനവും 2024ൽ ഇതുവരെ അത് ഏകദേശം 12 ശതമാനവും ആണ്. ഈ കണക്കുകൾ സ്വർണ്ണം ഒരു പ്രധാന നിക്ഷേപ സാധ്യതയായി പെട്ടെന്നു മാറിയയതിനെയാണ് കാണിക്കുന്നത്. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ഒരു നല്ല സാധ്യതയാവുന്നതിന് നിരവധി കാരണങ്ങളുണ്ട്:

പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണമായി സ്വർണ്ണം ഉപയോഗിക്കാം: പണപ്പെരുപ്പം ഉയരുമ്പോൾ കറൻസിയുടെ വാങ്ങൽ ശേഷി കുറയുന്നു. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ മിക്ക പ്രധാന കറൻസികളും മൂല്യത്തകർച്ച നേരിട്ടതിന് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. അങ്ങനെ സ്വർണ്ണം ഈ പണപ്പെരുപ്പ സമ്മർദങ്ങൾക്കെതിരായ ഒരു സംരക്ഷണമായി വർത്തിക്കുന്നതോടൊപ്പം സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായി മാറുകയും ചെയ്യുന്നു.

താരതമ്യേന കുറഞ്ഞ അപകടസാധ്യതകൾ: നിങ്ങളുടെ പോർട്ട്ഫോളിയോ വിപണിയിലെ ചലനങ്ങൾക്കും വ്യതിയാനങ്ങൾക്കും മേൽ കൂടുതൽ ചെറുത്തുനിൽപ്പിനുള്ള ശേഷിയുള്ളതാണെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണ് സ്വർണ നിക്ഷേപം. മറ്റ് ആസ്തി ഇനങ്ങളെ ബാധിക്കുന്ന സൂക്ഷ്മവും സ്ഥൂലവുമായ ഘടകങ്ങൾ സ്വർണ്ണത്തിൻറെ മൂല്യത്തെ ബാധിച്ചേക്കില്ല എന്നതിനാൽ സ്വർണ്ണം പോർട്ട്ഫോളിയോ ചാഞ്ചാട്ടം കുറയ്ക്കുന്നു. അതായത് അതിൻറെ മൂല്യം കമ്പനികളുടെ പ്രകടനവുമായോ സാമ്പത്തിക സൂചകങ്ങളുമായോ നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നതല്ല. തൽഫലമായി ഒരു പോർട്ട്ഫോളിയോയിലെ മറ്റ് ആസ്തികളുടെ വിലയിലോ മൂല്യത്തിലോ വ്യതിയാനം ഉണ്ടായാൽ പോലും പോർട്ട്ഫോളിയോ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് സ്വർണ്ണം ഒരു മികച്ച നിക്ഷേപമായി പ്രവർത്തിക്കുന്നു.

സ്വർണ്ണം വേഗത്തിൽ പണമായി മാറ്റാവുന്ന ഒരു ആസ്തിയാണ്: വിവിധ രൂപത്തിൽ ആസ്തികൾ വാങ്ങാനും വിൽക്കാനും കഴിയുക എന്നതാണ് ലിക്വിഡിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോൾ ലഭ്യമായ ഏറ്റവും പ്രധാന ലിക്വിഡ് നിക്ഷേപ മാർഗ്ഗങ്ങളിലൊന്നായതിനാൽ ആവശ്യാനുസരണം വേഗത്തിലും എളുപ്പത്തിലും പണമാക്കി മാറ്റാനാകും. ഇതുകാരണം സാമ്പത്തിക അസ്ഥിരതയുടെ കാലത്ത് നിക്ഷേപകർക്ക് അവരുടെ സമ്പത്ത് സംരക്ഷിക്കാൻ സ്വർണ്ണത്തിലേക്ക് തിരിയുന്നതാണ് ഉത്തമം.

തുടക്കക്കാർ സ്വർണ്ണ വിപണിയെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ചെറുതായി തുടങ്ങിയതിന് ശേഷം വൈവിധ്യവൽക്കരണത്തിലൂടെ മെച്ചപ്പെടുത്താവുന്ന ദീർഘകാല നിക്ഷേപമാണ് സ്വർണ്ണം. സ്വർണ്ണ നിക്ഷേപത്തിന് ഏറ്റവും മികച്ച മാർഗ്ഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. എന്നാൽ ഒരു പ്രത്യേക സമയത്ത് ട്രഞ്ച് ഓപ്പണിംഗ് ഇല്ലെങ്കിൽ നിക്ഷേപകർക്ക് ഗോൾഡ് ഇടിഎഫുകളിലൂടെയും ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിലൂടെയും സ്വർണ്ണത്തിൽ നിക്ഷേപിക്കാം. എന്നിരുന്നാലും നിക്ഷേപം നടത്തുമ്പോൾ മൊത്തത്തിലുള്ള നിക്ഷേപ ലക്ഷ്യം, നിക്ഷേപങ്ങളുടെ സമയപരിധി, വിപണി പ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിക്കുക തുടങ്ങിയ നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

ഏതൊരു നിക്ഷേപ ശ്രമവും വിജയകരവും ഫലപ്രദമാകണമെങ്കിൽ നിക്ഷേപകർ ഈ ഘടകങ്ങളെ കുറിച്ചെല്ലാം ബോധവാൻമാരായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിപണിയിലെ ബഹളങ്ങൾക്ക് ചെവികൊടുക്കാതെ ആധികാരികമായ അറിവോടെ വിവേകപൂർണ്ണവുമായ നിക്ഷേപ തീരുമാനങ്ങൾ എടുക്കുക