image

22 Sep 2023 5:59 AM GMT

Insurance

ഇൻഷുറൻസുകൾക്കായി ഒരു ഏകജാലകം ബിമ സുഗം

MyFin Desk

single window bima sugam for insurances
X

Summary

  • ബിമ സുഗം 2024 ജൂണിൽ നിലവിൽ


ഇൻഷുറൻസിന്റെ ഓൺലൈൻ മാർക്കറ്റ് ``ബിമ സുഗം'' വികസിപ്പിക്കുന്നതിനായി ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സജ്ജമാകുന്നു . എല്ലാ ഇൻഷുറൻസ് സേവന ദാതാക്കളെയും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്നതിനായാണ് ഓൺലൈൻ പ്ലാറ്റ് ഫോം സജ്ജീകരിക്കുന്നത്. 2024 ജൂൺ മാസത്തിൽ പുതിയ പ്ലാറ്റ് ഫോം ലോഞ്ച് ചെയ്യും. ബിമ സുഗം ഇൻഷുറൻസ് പോർട്ടൽ ഇൻഷുറൻസ് മേഖലയിലെ ഒരു നാഴികക്കല്ലായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് ബിമ സുഗം

ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് വാങ്ങുന്ന പ്രക്രിയ ലളിതമാക്കുകയാണ് ബിമ സുഗം ലക്ഷ്യമിടുന്നത്. വിവിധ കമ്പനികളുടെ ഇൻഷുറൻസ് സ്കീമുകൾ ഈ പോർട്ടലിൽ കാണാം. അതുകൊണ്ടു തന്നെ, ഉപഭോക്താക്കൾക്ക് വിവിധ പോളിസികൾ താരതമ്യം ചെയ്ത് അനുയോജ്യമായ ഒരു പദ്ധതി തെരെഞ്ഞെടുക്കാൻ സാധിക്കും.ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് ആരോഗ്യ ഇൻഷുറൻസ് തുടങ്ങി എല്ലാം സ്കീമുകളും ഇവിടെ ലഭ്യമായിരിക്കും.

ആർക്കാണ് പ്രയോജനം

ഇൻഷുറർമാർ, ഏജന്റുമാർ, ഇടനിലക്കാർ, ഉപഭോക്താക്കൾ തുടങ്ങി എല്ലാവർക്കും പോർട്ടൽ ഉപയോഗപ്പെടുത്താം. ഇൻഷുറൻസ് ഏജന്റുമാരേക്കാൾ ഉപഭോക്താക്കൾക്ക് പോർട്ടൽ മുഖേന കൂടുതൽ പ്രയോജനം ലഭിക്കും. ഏജന്റുമാരുടെ കമ്മീഷനെ ഇത് കാര്യമായി ബാധിച്ചേക്കാം . ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനാവശ്യമായ പേപ്പർ വർക്കുകൾ കുറക്കാൻ ഇതുമൂലം സാധിക്കും.

ഉപഭോക്താവിന് ഇൻഷുറൻസ് സംബന്ധിച്ച എല്ലാ ആവശ്യങ്ങളും ഇത് വഴി സാധിക്കും പോളിസികൾ വാങ്ങിക്കാനും പ്രീമിയം അടയ്ക്കാനും എല്ലാം ക്‌ളെയിമുകളും ഒരൊറ്റ പ്ലാറ്റ് ഫോമിൽ തീർക്കാനും ഈ പോർട്ടൽ ഉപയോഗിക്കാം. വിവിധ ഇൻഷുറൻസ് കമ്പനികളുടെ വെബ്സൈറ്റുകൾ പ്രത്യേകം സന്ദർശിക്കേണ്ടതില്ല. ഒരാളുടെ എല്ലാ ഇൻഷുറൻസ് പോളിസികളും സൂക്ഷിക്കാൻ പോർട്ടലിൽ സൗകര്യമുണ്ടാകും. വിവരങ്ങൾ ഡിജിറ്റൽ അക്കൗ്ണ്ടിൽ സൂക്ഷിക്കുന്നതുകൊണ്ട് തന്നെ പോളിസി ഉടമകൾക്കും, നോമിനികൾക്കും വിവരങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യാൻ സാധിക്കും. കൂടാതെ ക്ലെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കാനും ഇതു സഹായിക്കും. ഇൻഷുറൻസ് വ്യവസായത്തിൽ ഈ പോർട്ടൽ ഒരു വലിയ മാറ്റത്തിനു വഴിയൊരുക്കുമെന്ന് ഐ ആർ ഡി എ കരുതുന്നു.