image

6 Oct 2026 11:39 AM IST

Insurance

വില്‍പ്പന ഉത്സവച്ചൂടിലേക്ക്; വീടിനും സാധനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ?

MyFin Desk

വില്‍പ്പന ഉത്സവച്ചൂടിലേക്ക്; വീടിനും   സാധനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ?
X

Summary

ഉത്സവസമയത്ത് വിളക്കുകള്‍, മെഴുകുതിരികള്‍, അലങ്കാര ലൈറ്റുകള്‍, അധിക വൈദ്യുത ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍ തീപിടിത്ത സാധ്യതയും കൂടുന്നു


ദുര്‍ഗാപൂജ, ദീപാവലി തുടങ്ങിയ ഉത്സവങ്ങള്‍ അടുത്തെത്തുമ്പോള്‍ സ്വര്‍ണം, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഫര്‍ണിച്ചര്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ വാങ്ങല്‍ വര്‍ധിക്കുകയാണ്. ഇതോടെ വീടിനൊപ്പം വീട്ടിനുള്ളിലെ സാധനങ്ങള്‍ക്കും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഉയരുന്നു. ഉത്സവകാലത്ത് പുതുതായി വാങ്ങുന്ന വസ്തുക്കളുടെ മൂല്യം കണക്കിലെടുത്ത് കുടുംബങ്ങള്‍ ഹോം ഇന്‍ഷുറന്‍സ് പോളിസി വീണ്ടും പരിശോധിക്കണമെന്ന് ഇന്‍ഷുറര്‍മാര്‍ നിര്‍ദേശിക്കുന്നു.

ചോള എംഎസ് ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ രാജീവ് കുമാരസ്വാമി പറഞ്ഞു, ഹോം ഇന്‍ഷുറന്‍സ് വീടിന്റെ ഘടനയ്ക്ക് മാത്രമല്ല, അതിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതായിരിക്കണം. ഭാരത് ഗൃഹ രക്ഷാ പോളിസി പോലുള്ള പദ്ധതികള്‍ പോളിസി നിബന്ധനകള്‍ക്ക് വിധേയമായി തീപിടിത്തം, മിന്നല്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ അപകടങ്ങളില്‍ നിന്ന് വീടിനെയും വീട്ടുപകരണങ്ങളെയും സംരക്ഷിക്കും. ആഭരണങ്ങള്‍ക്കും മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ക്കും പ്രത്യേക പരിധികളും പ്രഖ്യാപനങ്ങളും ബാധകമായേക്കാം.വിശദാംശങ്ങള്‍ വിലയിരുത്തി ഓരോ വ്യക്തികളും തങ്ങള്‍ക്ക് യോജിച്ച ഇന്‍ഷുറന്‍സാണ് തെരഞ്ഞെടുക്കേണ്ടത്.

ഉത്സവസമയത്ത് വിളക്കുകള്‍, മെഴുകുതിരികള്‍, അലങ്കാര ലൈറ്റുകള്‍, അധിക വൈദ്യുത ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍ തീപിടിത്ത സാധ്യതയും കൂടുന്നു. ദീപാവലി ആഘോഷങ്ങളിലെ പടക്കങ്ങള്‍ മൂലവും തീപിടിത്തം ഉണ്ടാകാം. എന്നാല്‍ സാധാരണ തേയ്മാനം, ക്രമേണയുള്ള കേടുപാടുകള്‍, അശ്രദ്ധ മൂലമുള്ള നഷ്ടങ്ങള്‍ തുടങ്ങിയവ പല പോളിസികളിലും ഉള്‍പ്പെടണമെന്നില്ല. അതിനാല്‍ പോളിസിയിലെ ഒഴിവാക്കലുകളും നിബന്ധനകളും ശ്രദ്ധാപൂര്‍വം വായിക്കണം.

ആഭരണങ്ങള്‍ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇന്‍വോയ്‌സ്, ഫോട്ടോ, മൂല്യനിര്‍ണ്ണയ രേഖ, ഉടമസ്ഥാവകാശ രേഖകള്‍ എന്നിവ സൂക്ഷിക്കുന്നത് ക്ലെയിം സമയത്ത് സഹായകരമാണ്. ഉത്സവങ്ങള്‍ക്ക് മുമ്പ് ഇന്‍ഷ്വര്‍ ചെയ്ത തുക, കവറേജ് പരിധി, വിലപിടിപ്പുള്ള വസ്തുക്കളുടെ സംരക്ഷണം എന്നിവ കുടുംബങ്ങള്‍ പരിശോധിക്കണം. നഷ്ടമുണ്ടായാല്‍ ഉടന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, കസ്റ്റമര്‍ കെയര്‍ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ഏജന്റ് വഴി ക്ലെയിം രജിസ്റ്റര്‍ ചെയ്യുന്നത് നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.