25 Sept 2026 1:53 PM IST
നിങ്ങൾ ഇൻഷുറൻസ് എടുത്തിട്ടുണ്ടോ? എങ്കിൽ ഐആർഡിഎഐയുടെ ഈ നീക്കങ്ങൾ അറിഞ്ഞിരിക്കണം
Amritha Elizabeth Abraham
Summary
വലിയ പ്രീമിയം വരുന്ന ഇൻഷുറൻസ് പോളിസികളിൽ എത്ര ശതമാനം കമ്മീഷൻ, ഏജന്റ് ആര്, ഇൻഷുറൻസ് കമ്പനി ഏത്, ഇൻഷുറൻസ് പ്രീമിയത്തിൽ ഉൾപ്പെടുന്ന മറ്റു ഘടകങ്ങൾ എന്നിവ നിർബന്ധമായും വെളിപ്പെടുത്തിയിരിക്കണം.
ഇൻഷുറൻസ് മേഖലയിൽ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുകയാണ്. സെപ്റ്റംബർ 23ന് "റീകാലിബ്രേറ്റിംഗ് എക്കണോമിക്സ് ഓഫ് ഇൻഷുറൻസ് ഡിസ്ട്രിബൂഷൻ" എന്ന കൺസൾട്ടേഷൻ പേപ്പർ ഐആർഡിഎഐ പുറത്തിറക്കി. ഈ റിപ്പോർട്ട് പൊതുജനങ്ങൾക്ക് സന്തോഷവും ഇൻഷുറൻസ് കമ്പനികൾക്കും ഏജന്റുമാർക്കും ഇരുട്ടടിയുമാണ് നൽകിയത്. കാരണം കമ്പനികളും ഏജന്റുമാരും പിഴിഞ്ഞിരുന്ന കമ്മീഷൻ ചാർജുകൾ എന്ന 'ബ്രോക്കർ കാശ്' കുറച്ചധികം വെട്ടിക്കുറക്കാനുള്ള നീക്കമാണ് ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി നടത്തിയിരിക്കുന്നത്.
മാറ്റങ്ങൾ ഇവയൊക്കെ
ഐആർഡിഎഐ മുന്നോട്ടുവെച്ച നിർദേശപ്രകാരം ഇൻഷുറൻസ് കമ്മീഷൻ വൻതോതിൽ വെട്ടിക്കുറക്കും. മാത്രമല്ല, 10 വർഷത്തിലധികം കാലാവധിയുള്ള ലൈഫ് സേവിംഗ്സ് പോളിസികളുടെ ആദ്യവർഷ കമ്മീഷൻ ചാർജ്ജ്, സ്ഥാപനങ്ങൾക്ക് 20 ശതമാനവും ഏജന്റുമാർക്ക് (വ്യക്തിഗത) 25 ശതമാനം എന്ന പരിധിയും വെക്കും. ക്രെഡിറ്റ്-ലൈഫ് പോളിസികളുടെ (സിംഗിൾ പ്രീമിയം) കമ്മീഷൻ തുക, നിലവിലെ 40-45 ശതമാനത്തിൽ നിന്ന് വെറും 2-2.5 ശതമാനമായി കുത്തനെ ഇടിയും. മോട്ടോർ തേർഡ് പാർട്ടി കമ്മീഷൻ എന്റിറ്റികൾക്ക് പൂജ്യമാകും. ഒപ്പം ഏജന്റുമാർക്ക് 2.5 ശതമാനവും ആകും. ആരോഗ്യ ഇൻഷുറൻസ് ആദ്യവർഷ കമ്മീഷൻ ചാർജ്ജ്, സ്ഥാപനങ്ങൾക്ക് 15ഉം ഏജന്റുമാർക്ക് 20 ശതമാനവുമായി കുറയും.
ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ മാനേജ്മെന്റ് ചെലവ് (ഇഓഎം) കണക്കാക്കുന്നതിനുള്ള അടിസ്ഥാനം ജി.ഡബ്ല്യു.പി.യിൽ നിന്ന് ജിഡിപിഐ യിലേക്ക് മാറ്റാൻ ഐആർഡിഎഐ നിർദ്ദേശിക്കുന്നു. ഇതിലൂടെ 'ഇൻവേർഡ് റീഇൻഷുറൻസ്' ഈ കണക്കുകൂട്ടലിൽ നിന്ന് ഒഴിവാക്കപ്പെടും. മാത്രമല്ല, ഇഓഎം പരിധി രണ്ട് വർഷത്തിനുള്ളിൽ 15 ശതമാനമായും അഞ്ച് വർഷത്തിനുള്ളിൽ 12.5 ശതമാനമായും കുറയ്ക്കേണ്ടതുണ്ട്. ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുടേത് 30ൽ നിന്ന് രണ്ട് വർഷത്തിനുള്ളിൽ 25 ശതമാനമായും അഞ്ച് വർഷത്തിനുള്ളിൽ 20 ശതമാനമായും നിജപ്പെടുത്താനാണ് നിർദ്ദേശം. ടേം ലൈഫ് പ്ലാനിന്റെ കമ്മീഷന് 25-30 ശതമാനം എന്ന പരിധി വെക്കും. എട്ട് വിഭാഗമുള്ള ഡിസ്ട്രിബ്യൂഷൻ ഘടന മൂന്നായി ചുരുക്കും. ഐഡിഇ, ഐഡിപി, എംഐഐ എന്നിവയാണവ. ഒക്ടോബർ 25 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം സമർപ്പിക്കാം.
ബാങ്കുകൾക്കും എൻബിഎഫ്സികൾക്കും ആഘാതം
ബാങ്കഷുറൻസ് വരുമാനത്തെയും ഇത് ബാധിക്കും. പോളിസി ബസാറിനാണ് ഏറ്റവും കനത്ത അടി കിട്ടിയതെന്ന് ബേൺസ്റ്റൈൻ, മാക്വാറി, ജെഫറീസ് എന്നീ പ്രമുഖ ബ്രോക്കറേജുകൾ ഒരുപോലെ ചൂണ്ടിക്കാട്ടുന്നു. 10 ശതമാനം കമ്മീഷൻ കുറവ് കമ്പനിയുടെ ലാഭത്തിൽ 10 മുതൽ 12 ശതമാനം വരെ ഇടിവുണ്ടാക്കുമെന്ന് ജെഫറീസ് പറയുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ലാഭത്തിന്റെ 7.3 ശതമാനവും ബന്ധൻ ബാങ്കിന്റെ 30.8 ശതമാനവും ഇൻഷുറൻസ് വരുമാനത്തിൽ നിന്നാണ്. ഇവയ്ക്ക് കൂടുതൽ സമ്മർദമുണ്ടാകും. ഏറ്റവും കുറവ് ഐസിഐസിഐ ബാങ്കിനും (0.6%). ഒപ്പം ബാങ്ക് ഓഫ് ബറോഡ (1.4 %), എസ്ബിഐ (2.6%) എന്നിവയ്ക്ക് എക്സ്പോഷർ കുറവായതിനാൽ ആഘാതം കുറയും. എൻബിഎഫ്സികളിൽ ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റിനാണ് ഏറ്റവും കൂടുതൽ എക്സ്പോഷർ (ലാഭത്തിന്റെ 15.5%). ബജാജ് ഫിനാൻസിന് 7.8 ശതമാനവും ശ്രീറാം ഫിനാൻസിന് 2.6 ശതമാനവുമാണുള്ളത്. അതുകൊണ്ട് ശ്രീറാം ഫിനാൻസിന് ആഘാതം കുറവായിരിക്കും.
നേട്ടം ആർക്കൊക്കെ?
കമ്മീഷൻ നിരക്കിൽ പ്രതീക്ഷിച്ചതിലും കടുത്ത വെട്ടിച്ചുരുക്കലാണ് ഇതെന്ന് പ്രമുഖ ആഗോള ബ്രോക്കറേജ് ഏജൻസിയായ ബേൺസ്റ്റൈൻ വിലയിരുത്തി. ഇൻഷുറൻസ് കമ്പനികളിൽ എൽഐസി, എസ്ബിഐ ലൈഫ് എന്നിവയ്ക്ക് ആഘാതം താരതമ്യേന കുറവായിരിക്കുമെന്ന് പ്രമുഖ ബ്രോക്കറേജുകളായ ബേൺസ്റ്റൈൻ, മക്വാറി, ജെഫറീസ്, എച്ച്എസ്ബിസി എന്നിവർ ഒരേസ്വരത്തിൽ പറയുന്നു. 60 ശതമാനം വിൽപനയും എസ്ബിഐയുടെ ബാങ്കാഷുറൻസ് ചാനൽ വഴിയായതിനാലും ശക്തമായ യുലിപ് മിക്സ് ഉള്ളതിനാലും. ഹ്രസ്വകാലത്തേക്ക് വളർച്ച വെല്ലുവിളി നേരിടുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വിതരണച്ചെലവ് കുറയുന്നതോടെ ലാഭക്ഷമത മെച്ചപ്പെടുമെന്നാണ് നിഗമനം. ഇൻഷുറൻസ് മേഖലയിൽ എസ്ബിഐ ലൈഫിനെയും ബാങ്കിംഗിൽ ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയെയുമാണ് വിശകലന വിദഗ്ധർ കൂടുതൽ ഇഷ്ടപ്പെടുന്നത്.
എങ്ങനെയാണ് ഗുണമാവുക?
ഇങ്ങനെയൊരു മാറ്റം ഒരുപാട് ഗുണങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. കമ്മീഷനുകൾ പരിമിതപ്പെടുത്തുന്നതിലൂടെയും ഇൻഷുറർമാരുടെ മാനേജ്മെന്റ് ചെലവുകൾ കുറയ്ക്കുന്നതിലൂടെയും, ഇൻഷുറൻസ് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റാനാവും എന്നതാണ് ഏറ്റവും മികച്ച നേട്ടം. അതായത് കുറഞ്ഞ പ്രീമിയത്തിൽ മികച്ച ഇൻഷുറൻസ് പോളിസികൾ സ്വന്തമാക്കാൻ സാധിക്കും. ഇങ്ങനെ കമ്പനികൾക്ക് ലൈഫ് സേവിംഗ്സ് പോളിസികളുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ഏറ്റവും എടുത്തു പറയേണ്ട 'നന്മ' മറ്റൊന്നാണ്. ഒരു തലവേദന ഒഴിവായി കിട്ടുന്നത് പോലെ നിർബന്ധിത വില്പനയും തെറ്റായ വിൽപ്പനയും വളരെയധികം കുറയ്ക്കാനാവും. അതായത് ടാർഗറ്റ് തികയ്ക്കാൻ ഇൻഷുറൻസ് നിർബന്ധിപ്പിച്ച് എടുപ്പിക്കുന്ന പ്രവണത ഇല്ലാതാവും. മാത്രമല്ല ചില ലോണുകൾ എടുക്കുമ്പോൾ ഒപ്പം ഇൻഷുറൻസും എടുത്തേ മതിയാകൂ എന്ന രീതിയും മാറും. ആരോഗ്യം, ടേം ഇൻഷുറൻസ് എന്നീ ഉയർന്ന കമ്മീഷൻ ചാർജ് ഉള്ള പോളിസികളുടെ കർശനമായ പ്രീമിയം പരിധികൾക്ക് അയവുണ്ടാക്കും. ഇൻഷുറൻസ് കമ്പനികളുടെ മുഖംമൂടി മാറ്റുന്ന ഒരു നിലപാട് ഈ റിപ്പോർട്ടിൽ ശ്രദ്ധേയമാണ്. വലിയ പ്രീമിയം വരുന്ന ഇൻഷുറൻസ് പോളിസികളിൽ എത്ര ശതമാനം കമ്മീഷൻ, ഏജന്റ് ആര്, ഇൻഷുറൻസ് കമ്പനി ഏത്, ഇൻഷുറൻസ് പ്രീമിയത്തിൽ ഉൾപ്പെടുന്ന മറ്റു ഘടകങ്ങൾ എന്നിവ നിർബന്ധമായും വെളിപ്പെടുത്തിയിരിക്കണം എന്നതാണ് പുതിയ നിർദ്ദേശം.
എന്നാൽ ലാഭിക്കുന്ന തുക ഉപഭോക്താവിന് കൈമാറുമോ എന്നതാണ് ചോദ്യം. അല്ലെങ്കിൽ നേട്ടം കമ്പനികളുടെ ലാഭത്തിൽ മാത്രമൊതുങ്ങും. ഇരുചക്രവാഹനം പോലുള്ള കുറഞ്ഞ പ്രീമിയം പോളിസികൾ ഏജന്റുമാർക്ക് ലാഭകരമല്ലാതാകുന്നതോടെ ഗ്രാമങ്ങളിൽ ലഭ്യതയും സേവനവും കുറയാം.
ദീർഘകാലത്തിൽ ചെലവ് ക്രമപ്പെടുന്നതോടെ വിഎൻബി മാർജിൻ മെച്ചപ്പെടുമെന്നും, എന്നാൽ പരിവർത്തന കാലയളവിൽ വളർച്ചാ വെല്ലുവിളി നേരിടുമെന്നും വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത്, ഈ പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരമാകുമോ എന്നത് ഐആർഡിഎഐയുടെ അന്തിമ ചട്ടങ്ങളും കമ്പനികളുടെ നടപ്പാക്കലും എങ്ങനെയെന്നതിനെ ആശ്രയിച്ചിരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
