image

23 Nov 2025 10:00 AM IST

Insurance

ഇന്‍ഷുറന്‍സ്: എഫ്ഡിഐ ബില്‍ അടുത്ത സമ്മേളനത്തില്‍

MyFin Desk

insurance, fdi bill in next session
X

Summary

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 1 ന് ആരംഭിച്ച് 19വരെ തുടരും


ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 1 ന് ആരംഭിച്ച് 19 വരെ തുടരും. സമ്മേളനത്തിന് 15 പ്രവൃത്തി ദിവസങ്ങള്‍ ഉണ്ടായിരിക്കും.

ഇന്‍ഷുറന്‍സ് നിയമ (ഭേദഗതി) ബില്‍ 2025, പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന 10 നിയമനിര്‍മ്മാണങ്ങളുടെ ഭാഗമാണ്.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി നിലവിലുള്ള 74 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്താന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തിലാണ് നിര്‍ദ്ദേശിച്ചത്.പുതുതലമുറ ധനകാര്യ മേഖല പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള നടപടിയാണിത്.

1938 ലെ ഇന്‍ഷുറന്‍സ് നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ ധനകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമഗ്രമായ ഒരു നിയമനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി, 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തോടൊപ്പം, 1956 ലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നിയമവും 1999 ലെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയമവും ഭേദഗതി ചെയ്യും.

ബ്രാഞ്ച് വിപുലീകരണം, നിയമനം തുടങ്ങിയ പ്രവര്‍ത്തനപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ എല്‍ഐസി ബോര്‍ഡിന് അധികാരം നല്‍കുന്നതിന് എല്‍ഐസി നിയമത്തിലെ ഭേദഗതികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

പോളിസി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, അവരുടെ സാമ്പത്തിക സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കൂടുതല്‍ പങ്കാളികളെ പ്രവേശിപ്പിക്കുക, അതുവഴി സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നിവയാണ് നിര്‍ദ്ദിഷ്ട ഭേദഗതിയുടെ പ്രാഥമിക ലക്ഷ്യം.

ഇത്തരം മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാനും, '2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്‍ഷുറന്‍സ് വ്യാപനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതുവരെ ഇന്‍ഷുറന്‍സ് മേഖല 82,000 കോടി രൂപയുടെ വിദേശ നിക്ഷേപം (എഫ്ഡിഐ) വഴി ആകര്‍ഷിച്ചു.