3 May 2026 10:14 AM IST
ഇന്‍ഷുറന്‍സ് മേഖലയില്‍ ഇനി 100% വിദേശ നിക്ഷേപം; നൂറ് ശതമാനം നിക്ഷേപത്തിനും കേന്ദ്രാനുമതി
MyFin Desk
Summary
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം നേടിയെടുക്കാം. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സിയില്‍ വിദേശ നിക്ഷേപം 20 ശതമാനമായി തന്നെ തുടരും
ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയുടെ വാതിലുകള്‍ വിദേശ നിക്ഷേപകര്‍ക്കായി പൂര്‍ണ്ണമായും തുറന്നുനല്‍കിക്കൊണ്ട് ധനകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇനിമുതല്‍ ഓട്ടോമാറ്റിക് റൂട്ടിലൂടെ 100 ശതമാനം വിദേശ നേരിട്ടുള്ള നിക്ഷേപം ഇന്‍ഷുറന്‍സ് കമ്പനികളില്‍ അനുവദിക്കും. 2025 ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ 'സബ്ക ബീമ സബ്കി രക്ഷാ ബില്ലിന്' രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് 74 ശതമാനമായിരുന്ന നിക്ഷേപ പരിധി നൂറിലെത്തിയത്.
ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം നേടിയെടുക്കാം. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സിയില്‍ വിദേശ നിക്ഷേപം 20 ശതമാനമായി തന്നെ തുടരും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ കര്‍ശനമായ പരിശോധനകള്‍ക്കും അംഗീകാരത്തിനും വിധേയമായിട്ടായിരിക്കും ഈ നിക്ഷേപങ്ങള്‍ അനുവദിക്കുക.
വിദേശ ഉടമസ്ഥാവകാശം അനുവദിക്കുമ്പോഴും കമ്പനികളുടെ നിയന്ത്രണത്തില്‍ സുപ്രധാനമായ ഒരു നിബന്ധന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. 100 ശതമാനം വിദേശ നിക്ഷേപമുള്ള ഇന്‍ഷുറന്‍സ് കമ്പനികളാണെങ്കിലും, അവരുടെ ബോര്‍ഡ് ചെയര്‍പേഴ്സണ്‍, മാനേജിംഗ് ഡയറക്ടര്‍ , ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരില്‍ ഒരാളെങ്കിലും നിര്‍ബന്ധമായും സ്ഥിരതാമസക്കാരനായ ഇന്ത്യന്‍ പൗരനായിരിക്കണം.
ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കൂടുതല്‍ ആഗോള മൂലധനവും അത്യാധുനിക സാങ്കേതികവിദ്യയും എത്തിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് കരുതപ്പെടുന്നു. 2020-ല്‍ ഇന്‍ഷുറന്‍സ് ഇടനിലക്കാര്‍ക്ക് 100 ശതമാനം എഫ്.ഡി.ഐ അനുവദിച്ചതിന് പിന്നാലെ വന്ന ഈ മാറ്റം, ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വിപണിയെ വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതാക്കി മാറ്റും. രാജ്യത്തെ ഇന്‍ഷുറന്‍സ് വ്യാപനം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
