2 May 2025 3:42 PM IST
Summary
- അമിത ആത്മവിശ്വാസവും "എനിക്കൊന്നും സംഭവിക്കില്ല" എന്ന ചിന്തയും അപകടം
- ഉന്നത വിദ്യഭ്യാസം ഉള്ളവർ പോലും ഇൻഷുറൻസ് എടുക്കാൻ മടിക്കുന്നു
കേരളയീയരുടെ ജീവിതത്തിൽ സാമ്പത്തിക ഭദ്രതയ്ക്കും, അച്ചടക്കത്തിനും വലിയ പ്രാധാന്യം ഉണ്ട്. എന്നാൽ ഇൻഷുറൻസിന്റെ കാര്യം വരുമ്പോൾ പലരും പിന്നോട്ട് നിൽക്കുന്നതായാണ് കാണുന്നത്. ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ വെല്ലുവിളികളെ നേരിടാനും, സാമ്പത്തിക ഭാവിയുടെ അടിത്തറ ശക്തമാക്കാനും ഇൻഷുറൻസിൻ്റെ പങ്ക് എത്രത്തോളം വലുതാണെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും ഇൻഷുറൻസ് എടുക്കാൻ മടിക്കുന്നു. ഇൻഷുറൻസിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, ഗുണങ്ങളെക്കുറിച്ചുമുള്ള അവബോധക്കുറവ് ആണ് ഇതിനു പ്രധാന കാരണം. പ്രീമിയം തുക ഒരു സാമ്പത്തിക ഭാരമായി കരുതുന്നത്, തങ്ങൾക്ക് രോഗങ്ങൾ വരാൻ സാധ്യതയില്ലെന്ന അമിത ആത്മവിശ്വാസം, "എനിക്കൊന്നും സംഭവിക്കില്ല" എന്ന ചിന്ത, ഇൻഷുറൻസ് കമ്പനികളെക്കുറിച്ചുള്ള വിശ്വാസക്കുറവ് അല്ലെങ്കിൽ ക്ലെയിം ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ഭയം ഇവയൊക്കെ ഒരു കാരണം ആകാം. എന്നാൽ, ഒരു വ്യക്തിയുടെ അല്ലങ്കിൽ ഒരു കുടുംബത്തിന്റെ തന്നെ സാമ്പത്തിക സുരക്ഷിതത്തിന് ഇൻഷുറൻസ് വലിയ പങ്ക് വഹിക്കുന്നു എന്നതാണ് സത്യം.
ഒരു വ്യക്തി പ്രധാനമായി എടുക്കേണ്ട മൂന്ന് ഇൻഷുറൻസുകൾ
1. ഹെൽത്ത് ഇൻഷുറൻസ്: അപ്രതീക്ഷിതമായ രോഗങ്ങൾ വരുമ്പോഴുണ്ടാകുന്ന ചികിത്സാ ചെലവുകൾ താങ്ങാൻ ഇത് വളരെ അധികം സഹായിക്കും. ഹെൽത്ത് ഇൻഷുറൻസിൽ ഓപ്ഷണൽ കവർ ആയി തിരഞ്ഞെടുക്കാവുന്ന ക്രിട്ടിക്കൽ ഇൽനെസ് പോളിസി ഗുരുതരമായ രോഗങ്ങൾ പിടിപെട്ടാൽ വലിയൊരു തുക ലഭിക്കാനും ചികിത്സാ ചെലവുകൾക്കും, വരുമാന നഷ്ടം നികത്താനും ഉപകരിക്കും.
2. ടേം ഇൻഷുറൻസ്: പോളിസി കാലയളവിനുള്ളിൽ പോളിസി ഉടമ മരിക്കുകയാണെങ്കിൽ, അവരുടെ ആശ്രിതർക്ക് സാമ്പത്തിക സുരക്ഷ നൽകും.
3. വാഹന ഇൻഷുറൻസ് : വാഹന അപകടങ്ങൾ, നാശനഷ്ടങ്ങൾ, കോമ്പ്രെഹെൻസീവ്, തേർഡ്-പാർട്ടി ലയബിലിറ്റി എന്നിവയിൽ നിന്ന് സാമ്പത്തിക സംരക്ഷണം നൽകുന്നു. നിയമപരമായും ഇത് നിർബന്ധമാണ്
ജനറൽ ഇൻഷുറസുകൾ
ജനറൽ ഇൻഷുറൻസിൽ പ്രധാനമായും ഉൾപ്പെടുന്നത് വെഹിക്കിൾ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ് എന്നിവയാണ്. വീടിനും അതിലെ വസ്തുക്കൾക്കും പ്രകൃതിദുരന്തങ്ങൾ, തീപിടുത്തം, മോഷണം തുടങ്ങിയവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് ഹോം ഇൻഷുറൻസ് സാമ്പത്തിക പരിരക്ഷ നൽകുന്നു.
നോ ക്ലെയിം ബോണസുകൾ
ഹെൽത്ത് ഇൻഷുറൻസിൽ ക്ലെയിം ചെയ്യാത്ത വർഷങ്ങളിൽ സാധാരണയായി അടച്ച പ്രീമിയം തിരികെ ലഭിക്കില്ല. എന്നാൽ പല ഇൻഷുറൻസ് കമ്പനികളും NCB അതായത് നോ ക്ലെയിം ബോണസ് പോലുള്ളവ, ക്ലെയിം-രഹിത വർഷങ്ങൾക്ക് റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് അടുത്ത വർഷത്തെ പ്രീമിയം തുകയിൽ ഇളവ് ലഭിക്കാനോ അല്ലെങ്കിൽ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കാനോ സഹായിക്കും
അനുയോജ്യ പോളിസികൾ തിരഞ്ഞെടുക്കുക
വിവിധ പോളിസികൾ നൽകുന്ന കവറേജ് എത്രത്തോളമുണ്ടെന്ന് താരതമ്യം ചെയ്യുക. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ കവറേജ് പരിശോധിക്കുക. വിവിധ പോളിസികളുടെ പ്രീമിയം തുക താരതമ്യം ചെയ്യുക. എന്നാൽ കുറഞ്ഞ പ്രീമിയം മാത്രം നോക്കാതെ, ലഭിക്കുന്ന കവറേജും പരിഗണിക്കണം. ഓരോ വ്യക്തിയുടെയും ഇൻഷുറൻസ് ആവശ്യകതകൾ വ്യത്യസ്തമായിരിക്കും. അതിനാൽ, നിങ്ങളുടെ സാഹചര്യങ്ങൾക്കനുരിച്ച് ഏറ്റവും ഉചിതമായ പോളിസിയാണ് തിരഞ്ഞെടുക്കെണ്ടത്. കൂടതെ എക്സ്ക്ലൂഷൻസ് നോക്കുക, അതായത്, പോളിസിയിൽ എന്തൊക്കെ സാഹചര്യങ്ങളിലാണ് ക്ലെയിം ലഭിക്കാത്തത് എന്ന് ശ്രദ്ധിക്കണം.
ഓരോ പോളിസിയുടെയും നിബന്ധനകളും വ്യവസ്ഥകളും വ്യത്യസ്തമായിരിക്കും. അതിനാൽ, പോളിസി എടുക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. സംശയങ്ങളുണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനി പ്രതിനിധികളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താവുന്നതാണ്.
ഇൻഷുറൻസ് ഒരു നിക്ഷേപമല്ല, മറിച്ച് നിക്ഷേപ്പത്തെ സംരക്ഷിക്കുന്ന ഒന്നാണ് ഇൻഷുറൻസ്. ഇത് നിലവിലെ നിക്ഷേപം നഷ്ടമാകുന്നത് തടയുക അല്ലങ്കിൽ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അപ്രതീക്ഷിതമായ സാമ്പത്തിക ബുദ്ധിമുട്ടുകളിൾ ഒഴിവാക്കുന്ന ഒരു സാമ്പത്തിക സുരക്ഷാ വലയമാണ് ഇൻഷുറൻസ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ എത്രയും നേരത്തെ ഇൻഷുറൻസ് എടുക്കുന്നത് അത്രെയും കൂടുതൽ പ്രയോജനകരമായ ഒന്നാണ്.