image

27 Feb 2024 7:22 AM GMT

Insurance

മോഡേണ്‍ ട്രീറ്റ്‌മെന്റിന് തയ്യാറെടുക്കുകയാണോ? ഇന്‍ഷുറന്‍സ് ക്ലെയിം ഉറപ്പാക്കാം

MyFin Desk

മോഡേണ്‍ ട്രീറ്റ്‌മെന്റിന് തയ്യാറെടുക്കുകയാണോ? ഇന്‍ഷുറന്‍സ് ക്ലെയിം ഉറപ്പാക്കാം
X

Summary

  • പല ഇന്‍ഷുറന്‍സ് കമ്പനികളും ഇത്തരം ചികിത്സകളെ തെളിവില്ലാത്ത (unproven) ചികിത്സകളായാണ് കണക്കാക്കുന്നത്.
  • ഏത് ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കണമെന്നത് ഉപഭോക്താവിന്റെ തീരുമാനമാണ്.
  • ഇത്തരം ചികിത്സകളോട് മുഖം തിരിക്കുന്നത് ഇത്തരം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരാജയത്തിനും കാരണമാകും.


ദിവസേനയെന്നോണമാണ് ചികിത്സ രംഗത്ത് മാറ്റങ്ങള്‍ വരുന്നത്. അത് പുതിയ ചികിത്സ രീതികളോ, പുതിയ ചികിത്സ ഉപകരണങ്ങളോ ഒക്കെയാകാം. പക്ഷേ, ഇതില്‍ പലതും ചികിത്സ രംഗത്തും മനുഷ്യരുടെ ആരോഗ്യ കാര്യത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. 'മോഡേണ്‍ ട്രീറ്റമെന്റ്' എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം ചികിത്സകള്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന്റെ കാര്യം വരുമ്പോള്‍ അല്‍പ്പം പരുങ്ങലിലാകും. കാരണം, പല ഇന്‍ഷുറന്‍സ് കമ്പനികളും ഇത്തരം ചികിത്സകളെ തെളിവില്ലാത്ത (unproven) ചികിത്സകളായാണ് കണക്കാക്കുന്നത്. സ്റ്റെം സെല്‍ തെറാപ്പി, റോബോട്ടിക് സര്‍ജറി, ഓറല്‍ കീമോ തെറാപ്പി തുടങ്ങിയവയൊക്കെ ഇത്തരം നൂതന ചികിത്സ രീതിയില്‍ പെടുന്നതാണ്. എന്നാല്‍, 2019 വരെ ഇത്തരം ചികിത്സകള്‍ക്ക് ക്ലെയിം നല്‍കാന്‍ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മടിയായിരുന്നു.

2019 ന് ശേഷം

ഇത്തരം ചികിത്സകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പരിരക്ഷയുടെ പരിധിക്ക് പുറത്താണെങ്കിലും ഇത്തരം ചികിത്സ നടപടിക്രമങ്ങളുടെ ചെലവും തിരികെ നല്‍കണമെന്നാണ് 2019 ല്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ഇന്‍ഷുറന്‍സ് കമ്പനികളോട് നിര്‍ദ്ദേശിച്ചത്. ഇതിനൊപ്പം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പരിരക്ഷ നല്‍കാന്‍ പാലിക്കേണ്ട 12 നടപടിക്രമങ്ങളുടെ ഒരു നിര്‍ദ്ദിഷ്ട പട്ടികയും ഐആര്‍ഡിഎഐ നല്‍കിയിരുന്നു. ഇതോടെ 2019 നുശേഷം വിതരണം ചെയ്യുകയും പുതുക്കുകയും ചെയ്യുന്ന എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും ഇത്തരം ചെലവുകള്‍ക്ക് ക്ലെയിം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശത്തിന്റെ ഉള്ളടക്കം. അത് എത്രത്തോളം ഫലപ്രദമായി ഇപ്പോള്‍ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ നടപ്പാക്കുന്നുണ്ടെന്നുള്ളത് ശ്രദ്ധിക്കേണ്ടതുണ്ട്.

എന്താണ് മോഡേണ്‍ ട്രീറ്റ്‌മെന്റ് പ്രോസീജ്യര്‍

ഗര്‍ഭാശയ ആര്‍ട്ടറി എംബോളിസേഷന്‍ (ശസ്ത്രക്രിയയില്ലാതെ ഫൈബ്രോയിഡുകള്‍ ചികിത്സിക്കുന്ന രീത), ബലൂണ്‍ സൈനപ്ലാസ്റ്റി (ഒരു തരം എന്‍ഡോസ്‌കോപിക് നേസല്‍ ശസ്ത്രക്രിയ), ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ആഴത്തിലുള്ള മസ്തിഷ്‌ക ഉത്തേജനം), ഓറല്‍ കീമോതെറാപ്പി, കുത്തിവയ്പ്പുകളായി നല്‍കുന്ന ഇമ്മ്യൂണോതെറാപ്പി-മോണോക്ലോണല്‍ ആന്റിബോഡികള്‍ - ഇന്‍ട്രാ-വിട്രിയല്‍ കുത്തിവയ്പ്പുകള്‍, റോബോട്ടിക് ശസ്ത്രക്രിയകള്‍, സ്റ്റീരിയോടാക്റ്റിക് റേഡിയോ ശസ്ത്രക്രിയകള്‍, ബ്രോങ്കിക്കല്‍ തെര്‍മോപ്ലാസ്റ്റി, വാപറൈസേഷന്‍ ഓഫ് ദ പ്രോസ്‌ട്രേറ്റിന്റെ (ഗ്രീന്‍ ലേസര്‍ ചികിത്സ അല്ലെങ്കില്‍ ഹോള്‍മിയം ലേസര്‍ ചികിത്സ), ഇന്‍ട്രാ-ഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിംഗ്, സ്റ്റെം സെല്‍ തെറാപ്പി എന്നിവയെല്ലാം മോഡേണ്‍ ട്രീറ്റ്‌മെന്റില്‍ ഉള്‍പ്പെടുന്നു.

എന്തുകൊണ്ടാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത് നിരാകരിക്കുന്നത്

പല ഇന്‍ഷുറര്‍മാരും ഈ നടപടിക്രമങ്ങളെ പരീക്ഷണാത്മക ചികിത്സയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ചികിത്സകള്‍ക്കോ അല്ലെങ്കില്‍ ചികിത്സയുടെ ഫലത്തിനോ തെളിവില്ല എന്നു പറഞ്ഞാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇവയ്ക്കുള്ള ക്ലെയിം നിക്ഷേപിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇത്തരം കര്‍ശന നിലപാടുകള്‍ കാരണം. ഫലപ്രദമായ പല തെറാപ്പികള്‍ക്കും ചെറിയ കുറവുണ്ടായി. കാന്‍സര്‍ രോഗികള്‍ക്കുള്ള ഓറല്‍ കീമോതെറാപ്പി, അമിതവണ്ണമുള്ള വ്യക്തികള്‍ക്കുള്ള ബാരിയാട്രിക് ശസ്ത്രക്രിയ എന്നിവ അങ്ങനെ കുറവ് സംഭവിച്ച ചികിത്സകള്‍ക്കുള്ള ഉദാഹരണങ്ങളാണ്.

എന്നാല്‍ ഐആര്‍ഡിഎഐ തെളിയിക്കപ്പെടാത്ത ചികിത്സകള്‍ എന്നതിനെ അവയുടെ ഫലപ്രാപ്തിയെ പിന്തുണയ്ക്കുന്നതിന് കാര്യമായ മെഡിക്കല്‍ രേഖകള്‍, നടപടിക്രമങ്ങള്‍ ഇല്ലാത്തവയാണെന്ന് 2019 ലെ സര്‍ക്കുലറില്‍ പറയുന്നു.

കവറേജുണ്ട് പക്ഷേ, പരിമിതിയും

ഈ നൂതന തെറാപ്പികളില്‍ പലതിനും ചെലവ് കൂടുതലായതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിമിന് പരിധി വെച്ചിട്ടുണ്ട് (സബ് ലിമിറ്റ്). അതിന് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ച സ്റ്റാന്‍ഡേര്‍ഡ് സബ്-ലിമിറ്റുകളൊന്നുമില്ല. പക്ഷേ അവ ഓരോ ഇന്‍ഷുറന്‍സ് കമ്പനിയുടെയും ഉത്പന്നങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ഫ്യൂച്ചര്‍ ജനറലിയുടെ ഹെല്‍ത്ത് അബ്‌സൊല്യൂട്ട്, ഐസിഐസിഐ ലോംബാര്‍ഡിന്റെ ഹെല്‍ത്ത് അഡ്വാന്റേജ് എന്നീ പോളിസികളില്‍ ബാരിയാട്രിക് ശസ്ത്രക്രിയയുടെ കാര്യത്തില്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 50 ശതമാനം ഉപപരിധിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിന്റെ സൂപ്പര്‍ ടോപ്പ്-അപ്പ് പോളിസി ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 20 ശതമാനം യാണ് ഓറല്‍ കീമോതെറാപ്പി ചികിത്സ ക്ലെയിം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നത്. ഇത്തരം ഉപ പരിധികള്‍ ഏര്‍പ്പെടുത്തുന്നത് ഇന്‍ഷുറന്‍സ് എടുത്തവരെ ആധുനിക ചികിത്സ തെരഞ്ഞെടുക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്ന ഘടകമാണ്. ആളുകള്‍ ഇത്തരം ചികിത്സകളോട് മുഖം തിരിക്കുന്നത് ഇത്തരം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരാജയത്തിനും കാരണമാകും.

ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നത്

ഇത്തരം ചികിത്സ നടപടിക്രമങ്ങള്‍ പുതിയതും നൂതനവുമാണ്. പക്ഷേ, അവ പരമ്പരാഗത രീതികളേക്കാള്‍ മികച്ചതാണെന്നോ, റിസള്‍ട്ട് തരുന്നുവെന്നോ അര്‍ത്ഥമാക്കുന്നില്ലെന്നാണ് ഇന്‍ഷുറര്‍മാര്‍ വാദിക്കുന്നത്.

ഏറ്റവുമൊടുവില്‍, ഏത് ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കണമെന്നത് ഉപഭോക്താവിന്റെ തീരുമാനമാണ്. അതുപോലെ ഏത് ചികിത്സ തെരഞ്ഞെടുക്കണം എന്നതും. അതുകൊണ്ട് ഉപഭോക്താവാണ് മോഡേണ്‍ ട്രീറ്റ്‌മെന്റ് വേണോ, പരമ്പരാഗത രീതി വേണോ എന്ന് തീരുമാനിക്കേണ്ടത്. അതിനൊപ്പം ചെലവ്, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, ചികിത്സയുടെ സുരക്ഷ, പൂര്‍വ്വ സ്ഥിതിയിലെത്താനുള്ള സമയം, പാര്‍ശ്വഫലങ്ങള്‍, അപകട സാധ്യത എന്നിവയും പരിഗണിക്കുക.