image

15 Jan 2024 1:25 PM GMT

Insurance

കേന്ദ്ര പദ്ധതി തള്ളി മലയാളികൾ; 30 കോടി ആയുഷ്മാന്‍ കാർഡിൽ കേരളീയർ 75.27 ലക്ഷം

MyFin Desk

30 crore Ayushman cards created so far Kerala is not in top ten
X

Summary

  • ആയുഷ്മാന്‍ ഗുണഭോക്താക്കളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍.
  • പട്ടികയില്‍ പതിനാറാം സ്ഥാനത്താണ് കേരളം.
  • ഇതുവരെ 14.6 കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍ സ്ത്രീകള്‍ക്കായി സൃഷ്ടിച്ചിട്ടുണ്ട്.


ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി-ജന്‍ ആരോഗ്യ യോജന (എബി പിഎം-ജെഎവൈ) വഴി വിതരണം ചെയ്തത് 30 കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍. 2024 ജനുവരി 12 നാണ് 30 കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍ എന്ന നാഴികക്കല്ല് മറികടന്നത്. പന്ത്രണ്ട് കോടിയിലധികം കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കാനാണ് ദേശീയ ആരോഗ്യ അതോറിറ്റി (എന്‍എച്ച്എ) ഇതുവഴി പ്രധാനമായും ലക്ഷ്യമിടുന്നത്.

ആയുഷ്മാന്‍ ഭാരത് പിഎം-ജെഎവൈക്ക് കീഴിലുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് ആയുഷ്മാന്‍ കാര്‍ഡ്. പദ്ധതിക്ക് കീഴിലുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ കാര്‍ഡ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ സമഗ്രമായ നിരീക്ഷണം നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ മാത്രം 16.7 കോടിയിലധികം ആയുഷ്മാന്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2023-24 കാലയളവില്‍ 7.5 കോടിയിലധികം ആയുഷ്മാന്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ മിനിറ്റിലും ഏകദേശം 181 ആയുഷ്മാന്‍ കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

2023 നവംബര്‍ 15 ന് ആരംഭിച്ച വിക്‌സിറ്റ് ഭാരത് സങ്കല്‍പ് യാത്രയില്‍ വാഗ്ദാനം ചെയ്യുന്ന ഓണ്‍-സ്‌പോട്ട് സേവനങ്ങളില്‍ ആയുഷ്മാന്‍ കാര്‍ഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ 2.43 കോടിയിലധികം ആയുഷ്മാന്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു.

കൂടാതെ, വിവിധ ആരോഗ്യ പദ്ധതികളുടെ വ്യാപനം കൈവരിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച ആയുഷ്മാന്‍ ഭവ കാംപെയിനിലൂടെയും 5.6 കോടിയിലധികം ആയുഷ്മാന്‍ കാര്‍ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. ആയുഷ്മാന്‍ കാര്‍ഡ് സൃഷ്ടിക്കുന്നതിനായി എന്‍എച്ച്എ 'ആയുഷ്മാന്‍ ആപ്പ്' പുറത്തിറക്കിയിട്ടുണ്ട്. ലളിതമായ 4 ഘട്ടങ്ങളില്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആയുഷ്മാന്‍ കാര്‍ഡ് സൃഷ്ടിക്കാം. 2023 സെപ്റ്റംബര്‍ 13 നു ശേഷം ആപ്ലിക്കേഷന്‍ 52 ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

സംസ്ഥാനങ്ങള്‍

ആയുഷ്മാന്‍ കാര്‍ഡ് ഗുണഭോക്താക്കളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍. സംസ്ഥാനത്ത് 4.83 കോടി ആയുഷ്മാന്‍ കാര്‍ഡുകളാണുള്ളത്. യഥാക്രമം 3.78 കോടി, 2.39 കോടി ആയുഷ്മാന്‍ കാര്‍ഡുകളുമായി മധ്യപ്രദേശും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഒരു കോടിയിലധികം ആയുഷ്മാന്‍ കാര്‍ഡുകളുണ്ട്. കേരളത്തില്‍ 75.27 ലക്ഷം കാര്‍ഡുകളാണുള്ളത്. പട്ടികയില്‍ പതിനാറാം സ്ഥാനത്താണ് കേരളം.

ഇതുവരെ 14.6 കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍ സ്ത്രീകള്‍ക്കായി സൃഷ്ടിച്ചിട്ടുണ്ട്. വനിതാ ഗുണഭോക്താക്കള്‍ക്ക് 49 ശതമാനം ആയുഷ്മാന്‍ കാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ആരോഗ്യ സേവനങ്ങളും പ്രാദേശിക തുല്യതയും വരുമാന തുല്യതയും കൈവരിക്കാനാണ് പദ്ധതിക്ക് ശ്രമിക്കുന്നത്.

ആയുഷ്മാന്‍ ഭാരത് പിഎം-ജെഎവൈ 79,157 കോടി രൂപയിലധികം 6.2 കോടി ആശുപത്രി പ്രവേശനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്.