image

14 April 2024 3:56 AM GMT

Insurance

എന്താണ് ഫ്രീ ലുക്ക് പിരീഡ്? പുതിയ മാറ്റങ്ങള്‍ എന്തൊക്കെ?

MyFin Desk

എന്താണ് ഫ്രീ ലുക്ക് പിരീഡ്? പുതിയ മാറ്റങ്ങള്‍ എന്തൊക്കെ?
X

Summary

  • ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍, ഏജന്റുമാര്‍ എന്നിവരുടെ നിര്‍ബന്ധത്തിന് വഴിങ്ങിയാണ് പലരും പോളിസികള്‍ എടുക്കുന്നത്
  • പോളിസി രേഖകള്‍ വിശദമായി പരിശോധിക്കുമ്പോള്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഏന്തെങ്കിലും അതുമായി ബന്ധപ്പെട്ട വിദഗ്ധരോട് ഇത് സംബന്ധിച്ച് ചോദിക്കാം
  • രേഖകള്‍ ഇലക്ട്രോണിക് രൂപത്തിലോ അല്ലാതെയോ ലഭിച്ചാലും ഈ നിയമം ബാധകമാണ്


പുതിയതായി ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഫ്രീ ലുക്ക് പിരീഡ് കാലാവധി 15 ദിവസത്തില്‍ നിന്നും 30 ദിവസമായി ഉയര്‍ത്തിയത്.

എന്താണ് ഫ്രീ ലുക്ക് പിരീഡ്

സറണ്ടര്‍ ചാര്‍ജുകളൊന്നും നല്‍കാതെ ഉപഭോക്താവിന് ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കാനും പണം തിരികെ നേടാനും (പോളിസി വാങ്ങുമ്പോള്‍ നിങ്ങള്‍ സാധാരണയായി ആദ്യത്തെ പ്രീമിയം അടച്ചിരിക്കും) കഴിയുന്ന ഒരു സംവിധാനമാണ് ഫ്രീ-ലുക്ക് കാലയളവ്.

2024 മാര്‍ച്ച് 20 ലെ വിജ്ഞാപനത്തിലാണ് ഐആര്‍ഡിഎഐ 'ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള പോളിസികള്‍ ഒഴികെ ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ ഉടമകള്‍ക്ക് പോളിസി ഡോക്യുമെന്റ് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തെ ഫ്രീ ലുക്ക് കാലയളവ് നല്‍കുമെന്ന് വ്യക്തമാക്കിയത്. രേഖകള്‍ ഇലക്ട്രോണിക് രൂപത്തിലോ അല്ലാതെയോ ലഭിച്ചാലും ഈ നിയമം ബാധകമാണ്.

നിലവില്‍ 30 ദിവസത്തെ ഫ്രീ ലുക്ക് പിരീഡ് ഇലക്ട്രോണിക് രീതിയിലോ, ഡിസ്റ്റന്‍സ് മാര്‍ക്കറ്റിംഗ് വഴിയോ വില്‍ക്കുന്ന പോളിസികള്‍ക്ക് മാത്രമേ ബാധകമായിരുന്നുള്ളു. പേപ്പര്‍ രൂപത്തില്‍ രേഖകള്‍ ലഭിക്കുന്ന പോളിസികള്‍ക്ക് 15 ദിവസമായിരുന്നു ഫ്രീ ലുക്ക് പിരീഡ്. പുതിയ നിയമമനുസരിച്ച് 30 ദിവസത്തെ ഫ്രീ ലുക്ക് പിരീഡില്‍ ഉപഭോക്താവിന് പോളിസി അനുയോജ്യമല്ലെങ്കില്‍ റദ്ദാക്കാം. ആദ്യത്തെ പ്രീമിയം, മറ്റ് എന്തെങ്കിലും ചാര്‍ജുകള്‍ എന്നിവ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരികെ ലഭിക്കും. മാത്രവുമല്ല സറണ്ടര്‍ ചാര്‍ജും നല്‍കേണ്ടതില്ല.

ഉപഭോക്തൃ സൗഹൃദം

ഈ നീക്കം ഉപഭോക്താക്കളെ പിന്തുണയ്ക്കുന്ന നീക്കമാണെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധരുടെ അഭിപ്രായം. പലപ്പോഴും ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍, ഏജന്റുമാര്‍ എന്നിവരുടെ നിര്‍ബന്ധത്തിന് വഴിങ്ങിയാണ് പലരും പോളിസികള്‍ എടുക്കുന്നത്. വാങ്ങിക്കഴിയുമ്പോഴാണ് അനുയോജ്യമായ പോളിസി അല്ലെന്ന് അറിയുന്നത്. പോളിസി നല്‍കിയ ആള്‍ ഫ്രീ ലുക്ക് പിരീഡിനെക്കുറിച്ച് പറഞ്ഞിട്ടെയുണ്ടാകില്ല. ബാധ്യതയായി ഒരു പോളിസി കുറെക്കാലം മുന്നോട്ട് കൊണ്ടുപോകും. സറണ്ടര്‍ ചെയ്യാനുള്ള അവസരം ലഭിക്കുമ്പോള്‍ സറണ്ടര്‍ ചാര്‍ജ് നല്‍കി പോളിസി സറണ്ടര്‍ ചെയ്യും.

ഫ്രീ ലുക്ക് പിരീഡില്‍ പോളിസി റിട്ടേണ്‍ ചെയ്താല്‍

ഫ്രീ ലുക്ക് പിരീഡില്‍ പോളിസി രേഖകള്‍ വിശദമായി പരിശോധിക്കുമ്പോള്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഏന്തെങ്കിലും അതുമായി ബന്ധപ്പെട്ട വിദഗ്ധരോട് ഇത് സംബന്ധിച്ച് ചോദിക്കാം. അതില്‍ മടി കാണിക്കരുത്.

ഫ്രീ ലുക്ക് കാലയളവില്‍ പോളിസി റദ്ദാക്കുകയാണെങ്കില്‍ ഇന്‍ഷുറര്‍ക്ക് ഉപഭോക്താവില്‍ നിന്ന് ഈടാക്കാവുന്ന നിരക്കുകള്‍ സംബന്ധിച്ച് ഐആര്‍ഡിഎഐ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫ്രീ ലുക്ക് പിരീഡില്‍ സൂചിപ്പിച്ച കാരണങ്ങള്‍ കണക്കിലെടുക്കാതെ കവറേജ് കാലയളവ്, ഉപഭോക്താവിന്റെ മെഡിക്കല്‍ പരിശോധന, സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജുകള്‍ എന്നിവയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനി വരുത്തിയ ചെലവുകള്‍ക്കും ആനുപാതികമായ റിസ്‌ക് പ്രീമിയത്തിന്റെ കിഴിവിന് ശേഷമുള്ള പ്രീമിയമാണ് പോളിസി ഉടമയ്ക്ക് റീ ഫണ്ടായി ലഭിക്കുന്നത്.