image

20 Feb 2024 11:57 AM GMT

Loans

ചൂളമടിച്ച് കറങ്ങി നടക്കണോ? വനിതകള്‍ക്കായി 'ഹോളിഡേ നൗ പേ ലേറ്റര്‍' പദ്ധതി

MyFin Desk

ചൂളമടിച്ച് കറങ്ങി നടക്കണോ? വനിതകള്‍ക്കായി        ഹോളിഡേ നൗ  പേ ലേറ്റര്‍ പദ്ധതി
X

Summary

  • വായ്പ ലഭിക്കാന്‍ മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം.
  • പന്ത്രണ്ട് മുതല്‍ 36 മാസമാണ് തിരിച്ചടവ് കാലാവധി.
  • സുരക്ഷിതമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം.


വനിതകളേ ഈ വനിതാ ദിനത്തില്‍ നിങ്ങള്‍ നിങ്ങള്‍ക്കൊരു സമ്മാനം കൊടുക്കുന്നോ? അത് ഏറെക്കാലമായി മോഹിപ്പിച്ച സ്ഥലത്തേക്കുള്ള ഒരു യാത്രയായാലോ സംഭവം പൊളിക്കുമല്ലോ. പക്ഷേ, കയ്യില്‍ കാശില്ലല്ലോ എന്നാണോ ചിന്തിക്കുന്നത് അതിനുള്ള കാശ് വായ്പയായി ലഭിക്കും. യാത്രയൊക്കെ അടിച്ചിപൊളിച്ച് ആസ്വദിച്ച് വന്നതിനുശേഷം ഇംഐയായി തിരിച്ചടവ് നടത്തിയാല്‍ മതി. ടൂര്‍ ഓപ്പറേറ്റര്‍മാരായ വീണ വേള്‍ഡ്, തോമസ് കുക്ക്, കേസരി ടൂര്‍സ്, വാണ്ടര്‍ വുമാനിയ അങ്ങനെ അങ്ങനെ പോകുന്നു ഈ സേവനം നല്‍കുന്ന കമ്പനികളുടെ ലിസ്റ്റ്. ചില ടൂര്‍ ഓപ്പറേറ്റര്‍മാരാകട്ടെ ഫിന്‍ടെക് കമ്പനികളുമായും എന്‍ബിഎഫ്‌സികളുമായി ചേര്‍ന്നാണ് വായ്പ ലഭ്യമാക്കുന്നത്. പന്ത്രണ്ട് മുതല്‍ 36 മാസമാണ് തിരിച്ചടവ് കാലാവധി.

51,000 രൂപയ്ക്ക് കേരളം കാണാം

വീണ വേള്‍ഡ് സ്ത്രീകള്‍ക്കായി മാര്‍ച്ചില്‍ സ്‌പെഷ്യല്‍ ടൂര്‍ പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. എട്ട് ദിവസമാണ് മിക്ക പാക്കേജുകളും. യൂറോപ്പിലേക്കാണെങ്കില്‍ രണ്ട് ലക്ഷം രൂപയാണ് ചെലവ്. ഇഎംഐയായി 11,136 രൂപ നല്‍കണം. ദുബായ്, അബുദാബി പാക്കേജ് ഏഴ് ദിവസത്തേക്കാണ് 1.3 ലക്ഷം രൂപയാണ് ചെലവ് ഇഎംഐ 7,327 രൂപ, ഓസ്‌ട്രേലിയ പാക്കേജ് ഒമ്പത് ദിവസമാണ് മൂന്ന് ലക്ഷം രൂപയ്ക്ക് ഇഎംഐ 16,704 രൂപ, കേരളം കാണാന്‍ എട്ട് ദിവസത്തെ പാക്കേജാണ് 51,000 രൂപയാണ് ചെലവ് ഇഎംഐ 2,992 രൂപ, ആസാം, മേഘാലയ എന്നിവിടങ്ങളിലേക്കാണ് യാത്രയെങ്കില്‍ എട്ട് ദിവസത്തേക്ക് 75,000 രൂപയുടേതാണ് പാക്കേജ് ഇഎംഐ 4,825 രൂപ എന്നിങ്ങനെയാണ് പാക്കേജുകള്‍. പാക്കേജില്‍ തിരിച്ചുരവിനുള്ള ചെലവ്, യാത്രാ ചെലവ്, താമസം, ഭക്ഷണം, സ്ഥലങ്ങള്‍ കാണല്‍, പ്രവേശന ഫീസ്, ഡ്രൈവര്‍, ഗൈഡ് എന്നിവര്‍ക്കുള്ള ടിപ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, ടൂര്‍ മാനേജര്‍ സേവനങ്ങള്‍, വിസ ഫീസ് തുടങ്ങിയവ ഉള്‍പ്പെടും. മുകളില്‍ സൂചിപ്പിച്ച ഇഎംഐ 24 മാസ കാലാവധിയിലുള്ളതാണ്. പ്രതിവര്‍ഷം 30 ശതമാനമാണ് പലിശ നിരക്ക്.


ക്രെഡിറ്റ് സ്‌കോര്‍ വേണം

വായ്പ ലഭിക്കാന്‍ മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം എന്നതാണ് നിബന്ധന. ഹോളിഡേ നൗ പേ ലേറ്റര്‍ ഓപ്ഷന്‍ സ്‌കീമില്‍ വായ്പ എടുക്കുമ്പോള്‍ പാക്കേജിന്റെ ചെലവിന്റെ 15 മുതല്‍ 20 ശതമാനം കയ്യിലുണ്ടായിരിക്കണം. കൂടാതെ, ബാക്കി തുക യാത്ര കഴിഞ്ഞ് തിരിച്ചു വന്നിട്ട് നല്‍കിയാല്‍ മതി. തിരികെ നല്‍കാനുള്ള മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കിയാല്‍ പലിശ നല്‍കേണ്ടതില്ല. എന്നാല്‍, ഇഎംഐ ആയാണ് തിരിച്ചടവ് നടത്തുന്നതെങ്കില്‍ പലിശ നല്‍കേണ്ടി വരും. 'ഹോളിഡേ-നൗ-പേ-ലേറ്റര്‍' സ്‌കീമിന്റെ കരാറിലെ വ്യവസ്ഥകള്‍ 'ബൈ-നൗ-പേ-ലേറ്റര്‍' സ്‌കീമിന് സമാനമാണ്. അതായത് തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയാല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഇത്തരം വായ്പകള്‍ അത്ര സുരക്ഷിതമല്ല എന്നു കൂടി ഓര്‍ക്കണം.

ഇവരും നല്‍കും കിടിലന്‍ പാക്കേജുകള്‍

തോമസ് കുക്ക് ഓണ്‍ലൈന്‍ ട്രാവല്‍ ഓപ്പറേറ്റര്‍മാരായ യാത്ര, മേക്ക് മൈ ട്രിപ്പ്, ഗോയിബിബോ, ഈസ് മൈട്രിപ്പ് എന്നിവയുമായാണ് അവധിക്കാല പാക്കേജുകള്‍ നല്‍കുന്നത്. ബജാജ് ഫിന്‍സെര്‍വ്, പൂനാവാല ഫിന്‍കോര്‍പ്പ് തുടങ്ങിയ എന്‍ബിഎഫ്‌സികളുമായി സഹകരിച്ചാണ് അവധിക്കാല പാക്കേജുകള്‍ നല്‍കുന്നത്.

സെസ്റ്റ് മണി, സങ്കാഷ് തുടങ്ങിയ ഫിന്‍ടെക് വായ്പാ ദാതാക്കളാകട്ടെ അവധിക്കാല പാക്കേജുകള്‍ക്കായി ഒന്നിലധികം ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിക്കുന്നുണ്ട്. സങ്കാഷുമായി പങ്കാളിത്തമുള്ള ഒരു ടൂര്‍ ഓപ്പറേറ്ററില്‍ നിന്നാണ് വായ്പ എടുക്കുന്നതെങ്കില്‍ രണ്ട് ലക്ഷം രൂപയുടെ പാക്കേജിന് 12 മാസത്തെ കാലാവധിയില്‍ 18,667 രൂപയാണ് ഇഎംഐ. പലിശ പ്രതിവര്‍ഷം 20 ശതമാനവും പ്രോസസിംഗ് ഫീസ് 3,999 രൂപയും വരും.

ഇക്കാര്യങ്ങള്‍ ഓര്‍ക്കണേ

ഇഎംഐകള്‍ ഒന്നു മുടങ്ങിയാല്‍ പണികിട്ടുമെന്ന് ഓര്‍ക്കണമെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. കാരണം ഉയര്‍ന്ന പലിശ നിരക്കുള്ളവയാണ് ഇത്തരം വായ്പകള്‍. പ്രതിവര്‍ഷം 30 ശതമാനം പലിശയ്ക്ക് രണ്ട് വര്‍ഷത്തെ കാലാവധിയിലുമുള്ള 2 ലക്ഷം രൂപ വായ്പയെടുത്താല്‍ വായ്പാ കാലാവധി അവസാനിക്കുമ്പോള്‍ പലിശ ചെലവായി നല്‍കേണ്ടത് 68,000 രൂപയാണ്. സാധാരണ വ്യക്തിഗത വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വായ്പകളുചടെ പലിശ നിരക്ക് ഉയര്‍ന്നതാണ്. വായ്പാ തിരിച്ചടവ് മുടങ്ങി ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ ഭാവിയില്‍ ലഭിക്കാനോ എടുക്കാനോ ഇരിക്കുന്ന വായ്പകളെ അത് മോശമായി ബാധിക്കുമെന്ന് ഓര്‍ക്കുക.

ഇത്തരമൊരു ഓപ്ഷന്‍ എടുക്കുന്നതിനു മുമ്പ് വ്യക്തിഗത വായ്പാ സാധ്യതകള്‍ അന്വേഷിക്കാം. അല്ലെങ്കില്‍ ഓരോ യാത്രയെയും ലക്ഷ്യമാക്കി സമ്പാദിക്കാം. അല്ലെങ്കില്‍ നിലവിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, ഷെയറുകള്‍, ബോണ്ടുകള്‍ അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള നിക്ഷേപങ്ങള്‍ക്കെതിരെ വായ്പ എടുക്കാം. എപ്പോഴും ഏറ്റവും സുരക്ഷിതമായ ഓപ്ഷനാകണം തെരഞ്ഞെടുക്കേണ്ടത്.