image

3 April 2024 7:01 AM GMT

Loans

വായ്പ എടുക്കാന്‍ ക്രെഡിറ്റ് സ്‌കോറാണോ വില്ലന്‍? വരുതിയിലാക്കാന്‍ വഴിയുണ്ട്

MyFin Desk

How much credit score do you need to get a personal loan
X

Summary

  • മികച്ച ക്രെഡിറ്റ് സ്‌കോര്‍ സ്വയം ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളു
  • കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിലും വായ്പ കിട്ടും
  • കടമെടുപ്പ് സ്വഭാവം അളക്കാനുള്ള റിപ്പോര്‍ട്ട് കാര്‍ഡാണിത്


വായ്പാ അന്വേഷണങ്ങളുടെ തുടക്കം എപ്പോഴും ക്രെഡിറ്റ് സ്‌കോറില്‍ നിന്നാണ്. വ്യക്തിഗത വായ്പ (പേഴ്‌സണല്‍ ലോണ്‍) എടുക്കാന്‍ എത്രയാണ് കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ എന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം കിട്ടിയെന്നും വരില്ല. പല വായ്പാദാതാക്കളും ക്രെഡിറ്റ് സ്‌കോര്‍ 720-750 നും ഇടയിലുള്ള നിരക്കിനെയാണ് അനുകൂല സ്‌കോറായി പരിഗണിക്കാറ്. കാരണം ഈ നിലയിലുള്ള ക്രെഡിറ്റ് സ്‌കോര്‍ വായ്പ എടുക്കുന്നയാളുടെ ക്രെഡിറ്റ് മാനേജ്മന്റെ്, കൃത്യ സമയത്തുള്ള വായ്പാ തിരിച്ചടവ് എന്നിവയെയാണ് സൂചിപ്പിക്കുന്നത്.

ഇനി ക്രെഡിറ്റ് സ്‌കോര്‍ കുറവാണെങ്കിലും പേഴ്‌സണല്‍ വായ്പാ കിട്ടിയേക്കും. പക്ഷേ, ഉയര്‍ന്ന പലിശ നിരക്ക് പ്രതീക്ഷിക്കാം. അതോടെ വായ്പാ കാലവധിയും തിരിച്ചടവ് തുകയും വര്‍ധിക്കുമെന്ന് ഓര്‍ക്കുക.

എന്താണ് ക്രെഡിറ്റ് സ്‌കോര്‍

എന്തായാലും വായ്പാ അന്വേഷണങ്ങളിലേക്ക് കടക്കും മുമ്പ് ക്രെഡിറ്റ് സ്‌കോര്‍ എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് നിര്‍ണായകമാണ്. ക്രെഡിറ്റ് സ്‌കോര്‍ ഒരു മൂന്നക്ക സംഖ്യയാണ്. ഇത് ഒരാളുടെ വായ്പയെടുക്കാനുള്ള യോഗ്യത, വായ്പാ തിരിച്ചടവിലെ കൃത്യത എന്നിവയെയെല്ലാം സൂചിപ്പിക്കുന്നു. ഒരാളുടെ കടമെടുപ്പ് സ്വഭാവത്തിനുള്ള ഒരു റിപ്പോര്‍ട്ട് കാര്‍ഡായി വേണം കണക്കാക്കാന്‍. ഒരാളുടെ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറാണ് വായ്പാദാതാക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

ക്രെഡിറ്റ് സ്‌കോര്‍ റേഞ്ച്

സാധാരണയായി ക്രെഡിറ്റ് സ്‌കോര്‍ റേഞ്ച് 300 മുതല്‍ 900 വരെയാണ്.

ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്ന മാനദണ്ഡങ്ങള്‍

  • തിരിച്ചടവിലെ കൃത്യത: ഏറ്റവും പ്രധാനപ്പെട്ട ഘടകം തിരിച്ചടവിലെ കൃത്യതയാണ്. ഇതുവരെയുള്ള വായ്പകള്‍ കൃത്യസമയത്ത് തിരിച്ചടവ് നടത്തിയോ എന്നാണ് ഇത് ഉറപ്പാക്കുന്നത്.
  • വായ്പാ ഉപയോഗം: ഒരാള്‍ അയാളുടെ വായ്പാ പരിധിക്കുള്ളില്‍ നിന്നാണോ വായ്പാ വിനിയോഗം നടത്തുന്നതെന്നാണ് ഇത് പരിശോധിക്കുന്നത്. ഒരാള്‍ക്ക് അനുവദനീയമായ വായ്പയുടെ 30 ശതമാനം ഉപയോഗിക്കുമ്പോഴാണ് മികച്ച വായ്പാ വിനിയോഗമാണെന്ന് പറയുന്നത്. അതായത് ഒരാള്‍ക്ക് ഒരു ലക്ഷം രൂപയുടെ വായാപാ പരിധിയാണെന്നിരിക്കട്ടെ അയാള്‍ 30000 രൂപയെ വായ്പയായി എടുക്കുന്നുള്ളുവെങ്കില്‍ അത് മികച്ച വായ്പാ വിനിയോഗമാണെന്ന് പറയാം.
  • ദീര്‍ഘ നാളത്തെ വായ്പാ ഇടപാടുകള്‍: ദീര്‍ഘ നാളത്തെ വായ്പാ ഇടപാടുകള്‍ ഒരാളുടെ ക്രെഡിറ്റ് സ്‌കോറിനെ കാര്യമായി തന്നെ ബാധിക്കും. മികച്ച ഇടപാട് ചരിത്രമാണെങ്കില്‍ അത് ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിക്കാനിടയാക്കും.
  • വായ്പകളുടെ സ്വഭാവം:ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ, ഇഎംഐകള്‍ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ള വായ്പകളാണെങ്കില്‍ അതും ക്രെഡിറ്റ് സ്‌കോറിനെ പോസിറ്റീവായി ബാധിക്കുന്ന ഘടകമാണ്.
  • പുതിയ വായ്പാ അന്വേഷണങ്ങള്‍: കുറഞ്ഞ സമയത്തിനുള്ളിലെ നിരവധി വായ്പാ അന്വേഷണങ്ങള്‍ ക്രെഡിറ്റ് സ്‌കോര്‍ ഇടിയാന്‍ കാരണാകും. അതുകൊണ്ട് വായ്പാ അന്വേഷണങ്ങള്‍ സൂക്ഷിച്ചു വേണം നടത്താന്‍.