image

6 April 2024 8:30 AM GMT

Loans

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍, ടേക്കോവര്‍ ഭവന വായ്പാ ഇഎംഐ കുറയ്ക്കാനുള്ള വഴികളൊന്നു നോക്കാം

MyFin Desk

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍, ടേക്കോവര്‍ ഭവന വായ്പാ ഇഎംഐ കുറയ്ക്കാനുള്ള വഴികളൊന്നു നോക്കാം
X

Summary

  • ഇഎംഐ എന്നത് ഒഴിവാക്കാനാവത്ത ബാധ്യതയാണ്
  • കൃത്യമായ തിരിച്ചടവ് ശീലം സാമ്പത്തിക അച്ചടക്കത്തിന്റെ ലക്ഷണമാണ്
  • കുറഞ്ഞ പലിശ വായ്പാ ബാധ്യത ലഘുകരിക്കുന്ന പ്രധാന ഘടകം


തുടര്‍ച്ചയായി ഏഴാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതിരിക്കുന്നത്. 2023 ഫെബ്രുവരിയില്‍ 6.25 ശതമാനത്തില്‍ നിന്നും 6.5 ശതമാനത്തിലേക്ക് എത്തിയതില്‍ പിന്നെ മാറ്റമില്ലാതെ തുടരുന്ന പലിശ നിരക്കു മൂലം ഭവന വായ്പാ പലിശ നിരക്കും ഉയര്‍ന്ന നിലയിലാണ്.

ആര്‍ബിഐയുടെ നയ നിരക്കുകളിലെ മാറ്റത്തിനനുസരിച്ചാണ് ഭവന വായ്പകളുടെ നിരക്കിലും ബാങ്കുകള്‍ മാറ്റം വരുത്തുന്നത്. നിലവില്‍ നിരക്കില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടോ, മൂന്നോ തവണ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും സാമ്പത്തിക വിദ്ഗധര്‍ തള്ളിക്കളയുന്നില്ല.ഏകദേശം 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെയുള്ള നിരക്ക് കുറയ്ക്കലാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ, അത് നടപ്പിലാകാന്‍ മൂന്ന് മുതല്‍ ആറ് മാസത്തെ സമയമെടുക്കും. പക്ഷേ, അത്രയും നാള്‍ നിലവില്‍ ഭവന വായ്പ എടുത്തവര്‍ ഉയര്‍ന്ന നിരക്കു തന്നെ ഇഎംഐയായി നല്‍കേണ്ടി വരും. എന്നാല്‍, ഇഎംഐ തുക കുറയ്ക്കാന്‍ ചില വഴികളുണ്ട് അതൊന്ന് നോക്കിയാലോ?

വായ്പാ ദാതാവിനോട് കുറഞ്ഞ പലിശ നിരക്കിലേക്ക് മാറ്റാന്‍ ആവശ്യപ്പെടാം

നിലവിലെ വായ്പ പഴയ പലിശ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതും എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അധിഷ്ടിത വായ്പാ നിരക്ക് (ഇബിഎല്‍ആര്‍) അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഉയര്‍ന്ന പലിശ നിരക്കായിരിക്കും ഈടാക്കുന്നത്. അങ്ങനെയാണെങ്കില്‍ വായ്പ എടുത്തയാള്‍ക്ക് വായ്പാദാതാവിനോട് ഇബിഎല്‍ആര്‍ അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കുന്നതിലേക്ക് വായ്പയെ മാറ്റാന്‍ ആവശ്യപ്പെടാം. ഇങ്ങനെ മാറിയാല്‍ വിപണിയില്‍ പലിശ നിരക്ക് കുറയുമ്പോള്‍ അതിന്റെ നേട്ടം വേഗത്തില്‍ ലഭ്യമാകും.

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെട്ടെങ്കില്‍ പലിശ കുറവ് ആവശ്യപ്പെടാം

പലപ്പോഴും ഭവന വായ്പ എടുക്കുന്ന സമയത്ത് പലര്‍ക്കും ക്രെഡിറ്റ് സ്‌കോര്‍ വളരെ കുറവായിരിക്കും. അതിനാല്‍ ഉയര്‍ന്ന പലിശക്ക് വായ്പയെടുക്കാന്‍ നിര്‍ബന്ധിതമാകും. പിന്നീട് ഭവന വായ്പ തിരിച്ചടവ് കൃത്യമായി നടത്തിയാല്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടാം. അങ്ങനെ സംഭവിച്ചാല്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറിനനുസരിച്ച് പലിശ നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെടാം.

തിരിച്ചടവ് കാലാവധി നീട്ടാം

സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളില്‍ വലിയൊരു തുക ഇഎംഐയായി അടയ്ക്കാന്‍ കഴിയില്ല, ഇത്തരം സാഹചര്യങ്ങളില്‍ ഇഎംഐ തുക കുറയ്ക്കാന്‍ വായ്പയുടെ തിരിച്ചടവ് കാലാവധി കൂട്ടി നല്‍കാന്‍ വായ്പാദാതാവിനോട് ആവശ്യപ്പെടാം. കാലാവധി വര്‍ധിക്കുമ്പോള്‍ ഇഎംഐ തുക കുറയും. നിലവിലുള്ള വായ്പയുടെ മൂലധന തുകയുടെ ഗണ്യമായ ഭാഗം അടച്ചു തീര്‍ത്തവര്‍ക്കാണ് പൊതുവേ ഈ ആനുകൂല്യം വായ്പാദാതാക്കള്‍ നല്‍കാറ്. ഉദാഹരണത്തിന്, 40 ലക്ഷം രൂപയാണ് വായ്പ എടുത്തത് 9 ശതമാനമാണ് പലിശ, 30 വര്‍ഷത്തേക്കെടുത്ത വായ്പയുടെ 20 വര്‍ഷങ്ങള്‍ അടച്ചു തീര്‍ത്തു. ഇനിയുള്ളത് 10 വര്‍ഷമാണ് അത് 10 വര്‍ഷത്തേക്കു കൂടി നീട്ടി 20 വര്‍ഷമാക്കുകയാണ് ആവശ്യമെങ്കില്‍ ഇഎംഐ തുക കുറയും. ഇത് എല്ലാവര്‍ക്കും ബാധകമല്ല. റിട്ടയര്‍മെന്റിനോടടുത്തവര്‍, പ്രായം 60 നോടടുത്തവര്‍ തുടങ്ങിയവര്‍ക്ക് ഇത് ലഭിക്കണമെന്നില്ല.

വായ്പാ ടേക്കോവര്‍ ചെയ്യിക്കാം

നിലവില്‍ ഉയര്‍ന്ന നിരക്കുള്ള സ്ഥാപനത്തിലാണ് വായ്പയെങ്കില്‍ അത് കുറഞ്ഞ നിരക്കുള്ള സ്ഥാപനത്തിലേക്ക് മാറ്റിവെയ്ക്കാന്‍ അവസരമുണ്ട്. ഇതാണ് ടേക്കോവര്‍. സാധാരണ ഒരു ബാങ്ക് വായ്പയുടെ നടപടിക്രമങ്ങള്‍ തന്നെയാണിതിനും. നിലവില്‍ വിപണിയില്‍ കുറഞ്ഞ നിരക്ക് നല്‍കുന്ന സ്ഥാപനമേതാണെന്ന് കൃത്യമായ അന്വേഷണം നടത്തി വേണം ടേക്കോവര്‍ ചെയ്യാനുള്ള സ്ഥാപനം കണ്ടെത്താന്‍. അതിനൊപ്പം പ്രോസസിംഗ് ഫീസ് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും വായ്പയുള്ളവര്‍ക്ക് താരതമ്യേന പലിശ കുറവ് നല്‍കുന്ന പൊതുമേഖല ബാങ്കുകളിലേക്കും മറ്റും വായ്പ മാറ്റിവെയ്ക്കാന്‍ ഈ രീതി ഉപയോഗിക്കാം.

ഫ്‌ളോട്ടിംഗ് നിരക്കില്‍ നിന്നും ഫിക്‌സ്ഡ് നിരക്കിലേക്ക് മാറാം

ഒരു സ്ഥിര പലിശ നിരക്കിലാണ് വായ്പ എടുത്തിട്ടുള്ളതെങ്കില്‍ ലോണ്‍ കാലയളവിലുടനീളം വളരെ ഉയര്‍ന്ന പലിശനിരക്ക് നല്‍കേണ്ടി വരും. എന്നാല്‍ ഫ്‌ളോട്ടിംഗ് നിരക്കാണെങ്കില്‍ വിപണിയില്‍ പലിശ നിരക്ക് കുറയുന്ന സാഹചര്യങ്ങളില്‍ കുറഞ്ഞ നിരക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഭാഗിക തിരിച്ചടവ് നടത്താം

ഫ്‌ളോട്ടിംഗ് പലിശ നിരക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് അവരുടെ വായ്പാ തുകയുടെ ഒരു നിശ്ചിത ഭാഗം നേരത്തെ അടയ്ക്കാം. ഇതുവഴി ഇഎംഐ കുറയ്ക്കാം. അല്ലെങ്കില്‍ വായ്പാ തിരിച്ചടവ് കാലാവധി കുറയ്ക്കാം. ഏതാണോ ഉപഭോക്താവിന് ആവശ്യം അത് തെരഞ്ഞെടുക്കാം.