19 Nov 2026 2:50 PM IST
Summary
2027 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ മൊത്തം റീട്ടെയില്‍ ക്രെഡിറ്റ് 185.2 ലക്ഷം കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 18.8% വളര്‍ച്ച
രാജ്യത്തെ വ്യക്തിഗത വായ്പയുടെ 92.1%വും കൊടുക്കുന്നത് ഇപ്പോള്‍ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളാണ് (NBFC). ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും വാങ്ങാന്‍ എടുക്കുന്ന ഉപഭോക്തൃ വായ്പകളില്‍ പോലും 90.3% ഈ വിഭാഗത്തിന്റെ പക്കലാണ്. സ്വര്‍ണ വായ്പയിലും അവര്‍ കുതിക്കുന്നു, 31.4 ശതമാനാണ് വിഹിതം. 2027 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ മൊത്തം റീട്ടെയില്‍ ക്രെഡിറ്റ് 185.2 ലക്ഷം കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 18.8% വളര്‍ച്ച. സ്വര്‍ണ വായ്പ 60.6% കൂടി, ബിസിനസ് വായ്പ 45.2% വര്‍ദ്ധിച്ചു. 25.1% വിഹിതവുമായി ഭവന വായ്പയാണ് ഇപ്പോഴും രാജാവ്.
പക്ഷേ ഈ കുതിപ്പിനിടയില്‍ ഒരു വലിയ അപകട മണിയും മുഴങ്ങുന്നുണ്ട്. CRIF റിപ്പോര്‍ട്ട് പറയുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ആളുകള്‍ ലോണ്‍ എടുക്കുന്നുണ്ട്, പക്ഷേ തിരിച്ചടയ്ക്കാന്‍ പാടുപെടുന്നു. 91 മുതല്‍ 180 ദിവസം വരെ കുടിശ്ശികയായ വ്യക്തിഗത വായ്പകള്‍ 0.8% ല്‍ നിന്ന് 1.1% ആയി കൂടി. പ്രത്യേകിച്ച് NBFC കളുടെ പോര്‍ട്ട്ഫോളിയോയിലും, 2 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള ലോണുകളിലുമാണ് ഈ സമ്മര്‍ദ്ദം കൂടുതല്‍. അതായത് ഇടത്തരം ലോണ്‍ എടുത്തവര്‍ തിരിച്ചടവില്‍ വീഴുകയാണ്.
സ്വര്‍ണ വായ്പയിലും ഇതേ അവസ്ഥയാണ്. NBFC കള്‍ സ്വര്‍ണ വായ്പയില്‍ മുന്നേറുമ്പോഴും, 31 മുതല്‍ 90 ദിവസം വരെ കുടിശ്ശികയായ ആദ്യഘട്ട കുടിശ്ശികകള്‍ 1.3% ആയി ഉയര്‍ന്നു. ഏപ്രിലിന് ശേഷം വന്ന നിയന്ത്രണ മാറ്റങ്ങളും തിരിച്ചടവ് നിബന്ധനകളിലെ മാറ്റവുമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്വര്‍ണം പണയം വെച്ച് പണം വാങ്ങാന്‍ എളുപ്പമായി, പക്ഷേ തിരിച്ചടയ്ക്കാന്‍ പലര്‍ക്കും പറ്റുന്നില്ല.
എങ്കിലും ഇന്ത്യയുടെ വായ്പാ വിപണി ഇപ്പോഴും കുതിക്കുകയാണ്. ഭവന വായ്പയില്‍ പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചുവന്നു. 44.5% വിഹിതം. ചുരുക്കത്തില്‍, ഇന്ത്യക്കാര്‍ ഇപ്പോള്‍ കടം വാങ്ങാന്‍ മടിക്കുന്നില്ല, NBFC കള്‍ പണം കൊടുക്കാനും മടിക്കുന്നില്ല. പക്ഷേ തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണവും കൂടുകയാണ് . ഈ കുതിപ്പ് തുടരുമോ, അതോ കടക്കെണിയില്‍ സാധാരണക്കാര്‍ വീഴുമോ എന്ന ആശങ്ക വിപണിയിലുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
