image

19 Sep 2023 12:02 PM GMT

Loans

ഭവന വായ്പാ തിരിച്ചടവ് കാലാവധി നീട്ടണോ, ഇഎംഐ കൂട്ടണോ

Nominitta Jose

extend your home loan tenure or increase your emi
X

Summary

  • പലിശ നിരക്കിലെ വര്‍ധനയെത്തുടര്‍ന്ന് പല ഉപഭോക്താകള്‍ക്കും റിട്ടയര്‍മെന്റ് കാലം വരെ വായ്പാ തിരിച്ചടവ് നടത്തേണ്ട അവസ്ഥയാണ്.
  • ഓഗസ്റ്റ് 18 നാണ്് ആര്‍ബിഐ വായ്പാ ദാതാക്കള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കയിട്ടുള്ളത്.
  • നയപലിശ നിരക്ക് വര്‍ധിച്ചാല്‍ ഭവന വായ്പ തുടങ്ങി എല്ലാ വായ്പകളുടെയും പലിശ നിരക്കില്‍ വര്‍ധനയുണ്ടാകും.


സമീപകാലങ്ങളില്‍ റീപോ നിരക്കില്‍ വര്‍ധന വന്നതോടെ ഭവന വായ്പയുടെ പലിശ നിരക്കിലും കാര്യമായ വര്‍ധനയുണ്ടായി. നയപലിശ നിരക്ക് വര്‍ധിച്ചാല്‍ ഭവന വായ്പ തുടങ്ങി എല്ലാ വായ്പകളുടെയും പലിശ നിരക്കില്‍ വര്‍ധനയുണ്ടാകും. പലിശ നിരക്ക് ഉയര്‍ന്നാല്‍ പൊതുവേ വായ്പയുടെ തിരിച്ചടവ് കാലാവധി നീട്ടുകയാണ് വായ്പാ ദാതാക്കള്‍ ചെയ്യാറ്. അതായത് ബാങ്കുകള്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുന്നു. അതുവഴി പ്രതിമാസ ഇഎംഐ വ്യത്യാസമില്ലാതെ തുടരും. എന്നാല്‍ വായ്പയെടുക്കുന്നവരുടെ ബാധ്യതാകാലം നീളും.നിലവിലെ പലിശ നിരക്കിലെ വര്‍ധനയെത്തുടര്‍ന്ന് പല ഉപഭോക്താകള്‍ക്കും റിട്ടയര്‍മെന്റ് കാലം വരെ വായ്പാ തിരിച്ചടവ് നടത്തേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ഭവന വായ്പയുടെ തിരിച്ചടവ് തുക, തിരിച്ചടവ് കാലാവധി എന്നിവ സംബന്ധിച്ച് ആര്‍ബിഐ പുതിയ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍

് പലിശ നിരക്കില്‍ മാറ്റം വരുത്തുമ്പോള്‍ വായ്പ എടുക്കുന്നവരുടെ താല്‍പര്യം അനുസരിച്ച് തിരിച്ചടവ് കാലാവധി നീട്ടി നല്‍കണം, അല്ലെങ്കില്‍ മാസം തോറുമുള്ള ഇഎംഐ തുക വര്‍ധിപ്പിക്കണം. അതുമല്ലെങ്കില്‍ ഇഎംഐ വര്‍ധിപ്പിക്കുകയും തിരിച്ചടവ് കാലാവധി നീട്ടി നല്‍കുകയും വേണം. എന്ത് മാറ്റം വരുത്തിയാലും അത് ഉപഭോക്താക്കളെ അറിയിച്ച് അവരുടെ സമ്മതത്തോടെയെ നടത്താവു എന്ന് ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നു. ഓഗസ്റ്റ് 18 നാണ്് ആര്‍ബിഐ വായ്പാ ദാതാക്കള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കയിട്ടുള്ളത്. പലിശ നിരക്കില്‍ മാറ്റം വരുത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്ഥിര പലിശ നിരക്കിലേക്ക് വായ്പയെ മാറ്റാനുള്ള അവസരം നല്‍കണമെന്നതാണ് ആര്‍ബിഐയുടെ മറ്റൊരു നിര്‍ദ്ദേശം. കാലാവധി നീട്ടി നല്‍കുമ്പോള്‍ പ്രതിമാസ തിരിച്ചടവ് വായ്പയുടെ പലിശ നിരക്ക് ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമാണോയെന്ന് പരിശോധിക്കണം. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാം.

ഏത് ഓപ്ഷന്‍ തെരഞ്ഞെടുക്കും

ഭവന വായ്പ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഇഎംഐ വര്‍ധിപ്പിക്കാം, തിരിച്ചടവ് കാലാവധി നീട്ടാം, അല്ലെങ്കില്‍ ഇത് രണ്ടും തെരഞ്ഞെടുക്കാം എന്ന ഓപ്ഷനുള്ളപ്പോള്‍ ഏത് ഓപ്ഷന്‍ തെരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പമുണ്ടാകും. ഇഎംഐ വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വായ്പ എടുക്കുന്നവര്‍ ആദ്യം തിരിച്ചടവ് ശേഷി എത്രയാണെന്ന് ഉറപ്പാക്കുക. കാരണം പ്രതിമാസമുള്ള തിരിച്ചടവ് തുക വര്‍ധിക്കുമ്പോള്‍ അത് മാസ ബജറ്റിനെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇഎംഐ വര്‍ധിപ്പിച്ചാലും മാസ ബജറ്റിനെ ബാധിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ഇഎംഐ തുക വര്‍ധിപ്പിക്കാം.

ഇനി തിരിച്ചടവ് കാലാവധി നീട്ടാനാണ് തീരുമാനമെങ്കില്‍ തിരിച്ചടവ് തുക കുറയും. ഇത് പ്രതിമാസ ബജറ്റില്‍ വലിയൊരു പ്രതിസന്ധി സൃഷ്ടിക്കില്ല. പക്ഷേ, ഇതുമൂലം തിരിച്ചടവ് കാലയളവില്‍ കൂടുതല്‍ പലിശ നല്‍കേണ്ടി വരും. അതുകൊണ്ട് ദീര്‍ഘ നാളത്തേക്ക് ഇത് സാധിക്കുമോ എന്ന് പരിശോധിക്കണം.

ഉപഭോക്താക്കള്‍ക്ക് കയ്യില്‍ കൂടുതല്‍ തുക വരുന്ന സാഹചര്യങ്ങളില്‍ ഇഎംഐ തുക കൂട്ടി അടയ്ക്കാന്‍ സാധിക്കും. ഇതുവഴി പലിശ ബാധ്യത കുറയ്ക്കാം. തിരിച്ചടവ് തുകയിലും കാലാവധിയിലും കുറവ് വരും. അതുകൊണ്ട് ദീര്‍ഘകാല വായ്പാ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ വായ്പാ തിരിച്ചടവ് തീര്‍ക്കാനും പലിശയിലും ഇഎംഐയിലും കുറവ് വരുത്താനും ഏറ്റവും നല്ല മാര്‍ഗമാണ് പ്രതിമാസ ബജറ്റിനെ ബാധിക്കാതെ കയ്യില്‍ കൂടുതല്‍ പണം വരുന്ന മാസങ്ങളില്‍ വായ്പാ തിരിച്ചടവ് തുക കൂട്ടി അടയ്ക്കുക എന്നത്.