image

26 March 2024 11:01 AM GMT

Pension

എന്‍പിഎസിലെ ഓഹരി നിക്ഷേപം; മികച്ച റിട്ടേണ്‍ നല്‍കിയ പിഎഫ് ഏതാണ്

MyFin Desk

nps, tata pf gave 39% return
X

Summary

  • ഐസിഐസിഐ പിഎഫ് 38.93 ശതമാനം റിട്ടേണ്‍ നല്‍കി
  • നിക്ഷേപകന് ഓട്ടോ ചോയിസ്, ആക്ടീവ് ചോയിസ് ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം
  • നിബന്ധനകളോടെ ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കുന്നുണ്ട്


എല്ലാവര്‍ക്കും പെന്‍ഷന്‍ എന്നതാണ് എന്‍പിഎസിന്റെ ലക്ഷ്യം. ടയര്‍ വണ്‍, ടയര്‍ ടു എന്നീ രണ്ട് അക്കൗണ്ടുകളിലായാണ് ഇതിലെ നിക്ഷേപം. ടയര്‍-1 നിര്‍ബന്ധമായും എടുക്കേണ്ട പെന്‍ഷന്‍ അക്കൗണ്ടാണ്. എന്‍പിഎസിലെ ടയര്‍-1 അക്കൗണ്ടിലെ ഇക്വിറ്റി നിക്ഷേപം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കിയ റിട്ടേണ്‍ 33 മുതല്‍ 39 ശതമാനത്തോളമാണ്. എന്‍പിഎസില്‍ 10 പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരാണുള്ളത്. ഓരോ ഫണ്ട് മാനേജര്‍മാരുടെയും റിട്ടേണ്‍ വ്യത്യസ്തമാണ്. ഏറ്റവും ഉയര്‍ന്ന റിട്ടേണ്‍ നല്‍കിയ ഫണ്ട് മാനേജര്‍ ടാറ്റയാണ്. ടാറ്റ നല്‍കിയത് 39.74 ശതമാനം റിട്ടേണാണ്. ഐസിഐസിഐ പിഎഫ് 38.93 ശതമാനവും യുടിഐആര്‍എസ്എല്‍ 36.89 ശതമാനവും റിട്ടേണ്‍ നല്‍കി. ബിര്‍ള പിഎഫ് 35.06 ശതമാനം, കൊട്ടക് പിഎഫ് 35.02 ശതമാനം, മാക്‌സ് ലൈഫ് 35.95 ശതമാനം എന്നിങ്ങനെയാണ് ഇക്വിറ്റി നിക്ഷേപത്തില്‍ നിന്നും 35 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയ മറ്റ് ഫണ്ട് മാനേജര്‍മാര്‍.


നിക്ഷേപം സുരക്ഷിതം

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലെ (എന്‍പിഎസ്) നിക്ഷേപം സാധാരണയായി ലാര്‍ജ് കാപ് ഓഹരികളിലാണ്. അതിനാല്‍, നിക്ഷേപങ്ങള്‍ അടിസ്ഥാനപരമായി സുരക്ഷിതമാണ്, മാത്രവുമല്ല മിഡ്, സ്‌മോള്‍ കാപ്പുകളില്‍ കാണുന്നതുപോലെ കടുത്ത ചാഞ്ചാട്ടത്തിന് ലാര്‍ജ് കാപ് വിധേയമല്ല.

ആക്ടീവ് ചോയ്‌സ്

പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് പുറമേ നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ട്‌ഫോളിയോയിലെ ആസ്തികളുടെ വിഹിതം തീരുമാനിക്കാന്‍ കഴിയും. ആക്ടീവ് ചോയ്‌സാണ് ഇതിനവസരം നല്‍കുന്നത്. അതില്‍ ഇക്വിറ്റി, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, കോര്‍പ്പറേറ്റ് ഡെറ്റ്, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്) എന്നിങ്ങനെയുള്ള ആസ്തി വിഭാഗങ്ങളിലെ നിക്ഷേപ അനുപാതം ഉപഭോക്താവിന് തീരുമാനിക്കാനുള്ള അവസരം നല്‍കുന്നതാണിത്.

ഓട്ടോ ചോയ്‌സ്

ആക്ടീവ് ചോയിസിനു പകരമായി ഉപഭോക്താവിന്റെ പ്രായം, അപകടസാധ്യത എന്നിവയെ അടിസ്ഥാനമാക്കി മുന്‍കൂട്ടി നിശ്ചയിച്ച അനുപാതത്തില്‍ നിക്ഷേപം നടത്തുന്നതിനായുള്ള ഓപ്ഷനാണ് ഓട്ടോ ചോയ്‌സ് ഓപ്ഷന്‍. ഇതില്‍ തന്നെ മൂന്ന് ഓപ്ഷനുകള്‍ വേറെയുമുണ്ട്. ഓട്ടോ തിരഞ്ഞെടുപ്പില്‍ മൂന്ന് ഓപ്ഷനുകള്‍ ഉണ്ട്: കണ്‍സര്‍വേറ്റീവ്, മോഡറേറ്റ്, അഗ്രസീവ് എന്നിവയാണത്.

കണ്‍സര്‍വേറ്റീവ് ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഇക്വിറ്റിയിലേക്കുള്ള നിക്ഷേപ വിഹിതം 25 ശതമാനം വരെയാകാം. മോഡറേറ്റ് ഓപ്ഷനില്‍ പരമാവധി പരിധി 50 ശതമാനവും അഗ്രസീവ് തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന നിക്ഷേപ പരിധി 75 ശതമാനവുമാണ്.

എന്‍പിഎസ് പിന്‍വലിക്കലുകള്‍

മറ്റ് നിക്ഷേപ ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്‍പിഎസില്‍ നിന്നുള്ള പിന്‍വലിക്കലുകള്‍ക്ക് നിയന്ത്രണമുണ്ട്. എങ്കിലും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും എന്‍പിഎസ് നിക്ഷേപം ആരംഭിച്ചവരാണെങ്കില്‍ രോഗം, കുട്ടികളുടെ വിദ്യാഭ്യാസം അല്ലെങ്കില്‍ വിവാഹം, വീട് നിര്‍മ്മാണം തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്ക് അവരുടെ സംഭാവനയുടെ 25 ശതമാനം വരെ പിന്‍വലിക്കാന്‍ അര്‍ഹതയുണ്ട്. ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ എന്‍പിഎസ് പുറത്തിറക്കിയത്.