image

18 Jan 2024 2:00 PM GMT

Pension

എന്‍പിഎസില്‍ നിന്നും ഭാഗികമായി പിന്‍വലിക്കാം; മാറ്റം ഫെബ്രുവരി മുതല്‍

MyFin Desk

The change can be partially withdrawn from NPS from February
X

Summary

  • പുതിയ നിയമം ഫെബ്രുവരി ഒന്നുമുതല്‍ പ്രബല്യത്തില്‍ വരും.
  • നിക്ഷേപത്തിന്റെ 25 ശതമാനം വരെ ഇങ്ങനെ പിന്‍വലിക്കാം.
  • എന്‍പിഎസ് സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ മൂന്ന് ഭാഗിക പിന്‍വലിക്കലുകളാണ് അനുവദിക്കുന്നത്.


ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും ഇനി ഭാഗികമായി നിക്ഷേപം പിന്‍വലിക്കാം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്റഡ് അതോറിറ്റിയാണ് നിലവിലെ നിയമം പരിഷ്‌കരിച്ചത്. പുതിയ നിയമം ഫെബ്രുവരി ഒന്നുമുതല്‍ പ്രബല്യത്തില്‍ വരും.

ഈ മാസം 12 ന് പിഎഫ്ആര്‍ഡിഎ പുറത്തിറക്കിയ സര്‍ക്കുലറിലാണ് എന്‍പിഎസില്‍ നിന്നും ഭാഗികമായി പിന്‍വലിക്കാം എന്ന് വ്യക്തമാക്കിയിട്ടുള്ളത്. 2015 ലെ നിയമം പരിഷ്‌കരിച്ചാണ് ഭാഗികമായി പിന്‍വലിക്കല്‍ അനുവദിക്കുന്നത്. നിക്ഷേപകര്‍ക്ക് പെന്‍ഷന്‍ അക്കൗണ്ടിലെ നിക്ഷേപത്തിന്റെ 25 ശതമാനം വരെ ഇങ്ങനെ പിന്‍വലിക്കാം.

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങാനോ, നിര്‍മിക്കാനോ, കാന്‍സര്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സ, നിക്ഷേപകന് സംരംഭമോ, സ്റ്റാര്‍ട്ടപ്പോ ആരംഭിക്കാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കുന്നത്. എന്‍പിഎസില്‍ അംഗമായി മൂന്ന് വര്‍ഷമായ നിക്ഷേപകര്‍ക്കാണ് ഇതിനു യോഗ്യത. എന്‍പിഎസ് സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ മൂന്ന് ഭാഗിക പിന്‍വലിക്കലുകളാണ് അനുവദിക്കുന്നത്.

നിക്ഷേപം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള അപേക്ഷയോടൊപ്പം സെന്‍ട്രല്‍ റെക്കോഡ്കീപ്പിംഗ് ഏജന്‍സിയില്‍ നിന്നുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും സമര്‍പ്പിക്കണം. എന്തെങ്കിലും അസുഖം മൂലമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ കുടുംബാഗംങ്ങള്‍ പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.