image

23 Feb 2024 12:51 PM GMT

Pension

ഏപ്രില്‍ ഒന്നുമുതല്‍ എന്‍പിഎസില്‍ ഇങ്ങനെ ലോഗിന്‍ ചെയ്യണം

MyFin Desk

ഏപ്രില്‍ ഒന്നുമുതല്‍ എന്‍പിഎസില്‍ ഇങ്ങനെ ലോഗിന്‍ ചെയ്യണം
X

Summary

  • പൗരന്മാര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം.
  • യുസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് സിആര്‍എയില്‍ ലോഗിന്‍ ചെയ്യുന്നത്.
  • ഫെബ്രുവരി 20 ലെ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) യിലെ നിക്ഷേപങ്ങള്‍ ഇനി കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്നാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്.

എന്‍പിഎസിലെ സെന്‍ട്രല്‍ റെക്കോഡ് കീപ്പിംഗ് (സിആര്‍എ) സംവിധാനത്തില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ രണ്ട് തവണ ഓതന്റിഫിക്കേഷന്‍ (ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍) വേണമെന്നാണ് നിര്‍ദ്ദേശം. ഫെബ്രുവരി 20 ലെ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സിആര്‍എ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സുരക്ഷ നടപടികള്‍ വര്‍ധിപ്പിക്കുന്നതിലൂടെ എന്‍പിഎസിന്റെ വരിക്കാരുടെയും പങ്കാളികളുടെയും വിവരങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനാണ് ആധാര്‍ അധിഷ്ടിതമായി പ്രവേശനം ഉറപ്പിക്കുന്നതെന്നാണ് പിഎഫ്ആര്‍ഡിഎ പറയുന്നത്. ഏപ്രില്‍ ഒന്നുമുതലാണ് ഈ പുതിയ സംവിധാനം നിലവില്‍ വരുന്നത്.

എങ്ങനെയാണ് സംവിധാനം

നിലവില്‍ ഉപഭോക്താക്കള്‍ യുസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് സിആര്‍എയില്‍ ലോഗിന്‍ ചെയ്യുന്നത്. ഇത് ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ വഴിയാകും ഇനി സാധ്യമാകുന്നത്. അതായത് യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നതിനൊപ്പം ലോഗിന്‍ ചെയ്യണമെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കി സ്ഥിരീകരണം നേടേണ്ടതുണ്ട്. ഇത് കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്നാണ് പിഎഫ്ആര്‍ഡിഎ അഭിപ്രായപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള നോഡല്‍ ഓഫീസുകള്‍ അവയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇതേ രീതിയാണ്.

എന്‍പിഎസ്

രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. ഇക്വിറ്റി, കോര്‍പറേറ്റ് ബോണ്ട്, ഗവണ്‍മെന്റ് ബോണ്ട്, ആള്‍ട്ടര്‍നേറ്റ് അസെറ്റ് എന്നിവയിലാണ് എന്‍പിഎസിലെ നിക്ഷേപം. പെന്‍ഷനും അതോടൊപ്പം നിക്ഷേപവും ചേര്‍ന്ന പദ്ധതിയാണിത്. എന്‍പിഎസില്‍. അംഗമാകുന്നവര്‍ക്ക് 60 വയസുമുതല്‍ പെന്‍ഷന്‍ ലഭിക്കും. ടയര്‍-1, ടയര്‍-2 അക്കൗണ്ടുകളാണ് എന്‍പിഎസിലുള്ളത്. അറുപ്ത് വയസ് പൂര്‍ത്തിയായാല്‍ നിക്ഷേപത്തിന്റെ 60 ശതമാനം ലംപ്‌സം ആയി പിന്‍വലിക്കാം. ഇതിന് നികുതി നല്‍കേണ്ടതില്ല. എന്‍പിഎസിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ആദായ നികുതി വകുപ്പ് സെക് ഷന്‍ 80 സി പ്രകാരം നികുതി നല്‍കേണ്ടതില്ല. ഇതിനു പുറമേയുള്ള 50,000 രൂപയുടെ നിക്ഷേപത്തിനും 80 സിസിഡി (1ബി) പ്രകാരവും നികുതിയിളവ് ലഭ്യമാണ്.