image

24 April 2024 11:55 AM GMT

Personal Finance

യാത്രാ പ്രേമികളെ ലക്ഷ്യം വെച്ച് എസ്ബിഐയുടെ 3 ക്രെഡിറ്റ് കാര്‍ഡുകള്‍

MyFin Desk

sbi with 3 types of credit cards
X

Summary

  • എസ്ബിഐ കാര്‍ഡ് മൈല്‍സിന്റെ മൂന്ന് വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്
  • യാത്രാ പ്രേമികളായ ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്
  • റിവാര്‍ഡ് പോയിന്റുകള്‍, എയര്‍പോര്‍ട്ട് ലൗഞ്ച് ആക്‌സസ് എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നു


ഇന്ത്യക്കാരുടെ യാത്ര പ്രേമം കണക്കിലെടുത്ത് ട്രാവല്‍ സേവനങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പുതിയ ക്രെഡിറ്റ് കാര്‍ഡ് വേരിയന്റുകളുമായി എസ്ബിഐ. എസ്ബിഐ കാര്‍ഡ് മൈല്‍സിന്റെ മൂന്ന് വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. എസ്ബിഐ കാര്‍ഡ് എലൈറ്റ്, എസ്ബിഐ കാര്‍ഡ് മൈല്‍ പ്രൈം, എസ്ബിഐ കാര്‍ഡ് മൈല്‍സ് എന്നിവയാണത്. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍, വിമാന യാത്രികര്‍ എന്നിവരെയാണ് പ്രധാനമായും കാര്‍ഡ് ലക്ഷ്യമിടുന്നത്. മാസ്റ്റര്‍ കാര്‍ഡ്, റുപേ നെറ്റ് വര്‍ക്കുകളില്‍ കാര്‍ഡ് ലഭ്യമാണ്.

ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡുകള്‍

ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ട്രാവല്‍ ക്രെഡിറ്റുകള്‍ എയര്‍ മൈലുകളിലേക്കും ഹോട്ടല്‍ പോയിന്റുകളിലേക്കും പരിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഓരോ ട്രാവല്‍ ബുക്കിംഗിനും എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം റിവാര്‍ഡും ലഭിക്കും.

എസ്ബിഐ കാര്‍ഡ് മൈല്‍സ് എലൈറ്റ്: ഈ വിഭാഗം കാര്‍ഡ് ഉടമകള്‍ ഓരോ 200 രൂപ യാത്രയ്ക്കായി ചെലവഴിക്കുമ്പോള്‍ ആറ് ട്രാവല്‍ ക്രെഡിറ്റുകളും മറ്റ് വിഭാഗങ്ങളില്‍ 200 രൂപ ചെലവഴിക്കുമ്പോള്‍ രണ്ട് ട്രാവല്‍ ക്രെഡിറ്റുകളും ലഭിക്കും. എസ്ബിഐ കാര്‍ഡ് മൊബൈല്‍ ആപ്ലിക്കേഷനോ വെബ്‌സൈറ്റോ സന്ദര്‍ശിച്ച് ഒരാള്‍ക്ക് ഈ ട്രാവല്‍ ക്രെഡിറ്റുകള്‍ എയര്‍ മൈല്‍സ് / ഹോട്ടല്‍ പോയിന്റുകളാക്കി മാറ്റാം അല്ലെങ്കില്‍ വിമാന ടിക്കറ്റുകളും ഹോട്ടല്‍ താമസവും ബുക്ക് ചെയ്യാന്‍ ഉപയോഗിക്കാം.

എസ്ബിഐ കാര്‍ഡ് മൈല്‍സ് പ്രൈം:200 രൂപയുടെ യാത്ര ചെലവഴിക്കലിന് 4 ക്രെഡിറ്റ്‌സ് ലഭിക്കും. ഇതര ചെലവഴിക്കലിന് 200 രൂപയ്ക്ക് രണ്ട് ക്രെഡിറ്റ്‌സ് ലഭിക്കും.

എസ്ബിഐ കാര്‍ഡ് മൈല്‍സ്: ഈ വിഭാഗം കാര്‍ഡാണെങ്കില്‍ 200 രൂപയുടെ യാത്ര ചെലവഴിക്കലിന് 2 ക്രെഡിറ്റ് പോയിന്റും ഇതര ചെലവഴിക്കലിന് ഒരു പോയിന്റുമാണ് ലഭിക്കുന്നത്.

കാര്‍ഡ് ഉടമകള്‍ക്ക് ട്രാവല്‍ ക്രെഡിറ്റ് ഉപയോഗിക്കാന്‍ കാര്‍ഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വിമാന, ഹോട്ടല്‍ കമ്പനികളെ തെരഞ്ഞെടുക്കാം. എയര്‍ വിസ്താര, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, എയര്‍ ഫ്രാന്‍സ്-കെഎല്‍എം, ഇത്തിഹാദ് എയര്‍വേയ്‌സ്, എയര്‍ കാനഡ, തായ് എയര്‍വേയ്‌സ്, ക്വാണ്ടാസ് എയര്‍വേയ്‌സ്, ഐടിസി ഹോട്ടല്‍സ്, ഐഎച്ച്ജി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, അക്കോര്‍ എന്നിവയുള്‍പ്പെടെ 20 ലധികം എയര്‍ലൈന്‍, ഹോട്ടല്‍ ബ്രാന്‍ഡുകള്‍ കാര്‍ഡ് പങ്കാളികളില്‍ ഉള്‍പ്പെടുന്നു.

അംഗമാകുമ്പോഴുള്ള നേട്ടങ്ങള്‍

വെല്‍ക്കം ബെനഫിറ്റ് എന്ന പേരില്‍ ചില നേട്ടങ്ങളും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുണ്ട്. എസ്ബിഐ കാര്‍ഡ് മൈല്‍സ് എലൈറ്റ് കാര്‍ഡ് എടുത്ത് 60 ദിവസത്തിനുള്ളില്‍ 1 ലക്ഷം രൂപയുടെ ചെലവഴിക്കല്‍ നടത്തിയാല്‍ 5000 ട്രാവല്‍ ക്രെഡിറ്റ്‌സ് ലഭിക്കും.

എസ്ബിഐ കാര്‍ഡ് മൈല്‍സ് പ്രൈം: 60 ദിവസത്തിനുള്ളില്‍ 60,000 രൂപ ചെലവവഴിച്ചാല്‍ 3000 രൂപയുടെ ട്രാവല്‍ ക്രെഡിറ്റ് ലഭിക്കും.

എസ്ബിഐ കാര്‍ഡ് മൈല്‍സ്: 60 ദിവസത്തിനുള്ളില്‍ 30,000 രൂപ ചെലവഴിച്ചാല്‍ 1500 ട്രാവല്‍ ക്രെഡിറ്റ് ലഭിക്കും.

മൈല്‍ സ്റ്റോണ്‍ നേട്ടങ്ങള്‍

എസ്ബിഐ കാര്‍ഡ് മൈല്‍സ് എലൈറ്റ്: 12 ലക്ഷം രൂപയുടെ ചെലവഴിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ 20,000 ക്രെഡിറ്റ് പോയിന്റ് ലഭിക്കും. 15 ലക്ഷം രൂപയുടെ ചെലവഴിക്കല്‍ നാഴികക്കല്ല് പിന്നിട്ടാല്‍ ആന്വല്‍ ഫീ റിവേഴ്‌സല്‍ ലഭിക്കും.

എസ്ബിഐ കാര്‍ഡ് മൈല്‍സ് പ്രൈം: 10 ലക്ഷം രൂപയുടെ ചെലവഴിക്കല്‍ മൈല്‍ സ്റ്റോണ്‍ പിന്നിട്ടാല്‍ ആന്വല്‍ ഫീ റിവേഴ്‌സല്‍ ലഭിക്കും.

എസ്ബിഐ കാര്‍ഡ് മൈല്‍സ്: ആറ് ലക്ഷം രൂപയുടെ ചെലവഴിക്കല്‍ പിന്നിട്ടാല്‍ ആന്വല്‍ ഫീ റിവേഴ്‌സല്‍ ലഭിക്കും.

എയര്‍പോര്‍ട്ട് ലൗഞ്ച് ആക്‌സസ്

എസ്ബിഐ കാര്‍ഡ് മൈല്‍സ് എലൈറ്റ്: ആഭ്യന്തര എയര്‍പോര്‍ട്ടുകളില്‍ ഓരോ പാദത്തിലും രണ്ട് സന്ദര്‍ശനം. അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളില്‍ 6 സന്ദര്‍ശനം.

എസ്ബിഐ കാര്‍ഡ് മൈല്‍സ് പ്രൈം: ആഭ്യന്തര എയര്‍പോര്‍ട്ടില്‍ എട്ട് സന്ദര്‍ശനം. അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ 4 സന്ദര്‍ശനം.

എസ്ബിഐ കാര്‍ഡ് മൈല്‍സ്: നാല് ആഭ്യന്തര എയര്‍പോര്‍ട്ട് സന്ദര്‍ശനം. അന്താരാഷ്ട്ര എയര്‍പോര്‍ട്ട് സന്ദര്‍ശനങ്ങളില്ല.

വാര്‍ഷിക ഫീസ്

എസ്ബിഐ കാര്‍ഡ് മൈല്‍സ് എലൈറ്റിന്റെ ജോയിനിംഗ്, വാര്‍ഷിക ഫീസ് 4,999 രൂപയാണ്. എസ്ബിഐ കാര്‍ഡ് മൈല്‍സ് പ്രൈം, എസ്ബിഐ കാര്‍ഡ് മൈല്‍സ് എന്നിവയ്ക്ക് യഥാക്രമം 2,999 രൂപയും 1,499 രൂപയാണ് വാര്‍ഷിക ഫീസ്.