image

18 Oct 2025 9:57 AM IST

Personal Finance

അടിച്ചു പൊന്നേ..സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപകർക്ക് തകർപ്പൻ നേട്ടം!

MyFin Desk

sovereign gold investors get breakthrough returns
X

Summary

സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപകർക്ക് അമ്പരപ്പിക്കുന്ന റിട്ടേൺ


സർക്കാരിൻ്റെ സോവറിൻ ഗോൾഡ് ബോണ്ടുകൾ ഓർമയില്ലേ? കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ഈ ഡിജിറ്റൽ ഗോൾഡ് നിക്ഷേപ പദ്ധതി നിക്ഷേപകർക്ക് നൽകിയ നേട്ടം എത്രയാണെന്നോ? 338 ശതമാനം റിട്ടേൺ. സോവറിൻ ഗോൾഡ് ബോണ്ടിൻ്റെ 2017–18 സീരീസ് III കാലാവധി പൂർത്തിയാക്കിയത് 2025 ഒക്ടോബർ 16നാണ്. നിക്ഷേപകരുടെ എട്ട് വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ റിട്ടേൺ ഏകദേശം 338 ശതമാനത്തോളം വരും. പ്രാരംഭ ഇഷ്യൂ വില ഗ്രാമിന് 2,866 രൂപയായിരുന്നെങ്കിൽ ഇപ്പോൾ ഗ്രാമിന് 12,567 രൂപയാണ് ആർബിഐ നിശ്ചയിച്ചിരക്കുന്ന ക്ലോസിങ് റേറ്റ്. നിക്ഷേപകർക്ക് നൽകുന്ന 2.5 ശതമാനം പലിശ കൂടാതെയാണിത്.

ഇന്ത്യാ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ 2025 ഒക്ടോബർ 13, 14, 15 തീയതികളിൽ പ്രസിദ്ധീകരിച്ച വിലയുടെ ശരാശരിയിൽ നിന്നാണ് കാലാവധി അവസാനിക്കുന്നതിന് മുന്നുള്ള ഗോൾഡ് യൂണിറ്റുകളുടെ മൂല്യം കണക്കാക്കുന്നത്. 999 പരിശുദ്ധിയുള്ള സ്വർണ്ണമാണിത്. സ്വർണ വിലയും കൈവശമുള്ള സ്വർണത്തിൻ്റെ മൂല്യവും അനുസരിച്ചുള്ള റിട്ടേണും പലിശയും നിക്ഷേപകർക്ക് ലഭിക്കും.

സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ ദീർഘകാല നിക്ഷേപകർക്ക് സുരക്ഷിതവും മികച്ച നേട്ടം നൽകുന്നതുമായ ഓപ്ഷനുകളിലൊന്നായി ഡിജിറ്റൽ ഗോൾഡ് നിക്ഷേപം മാറി. എട്ടു വർഷമാണ് സോവറിൻ ഗോൾഡ് ബോണ്ട് കാലാവധി എങ്കിലും ഇഷ്യു ചെയ്ത തീയതി മുതൽ അഞ്ച് വർഷത്തിന് ശേഷം നിക്ഷേപകർക്ക് പണം പിൻവലിക്കാനും ഓപ്ഷൻ നൽകിയിരുന്നു.

നിക്ഷേപം നടത്താനാകുന്നത് ആർക്കൊക്കെ?

അതേസമയം സ്വർണത്തിൻ്റെ വിപണി വില കുത്തനെ ഇടിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ നിക്ഷേപകർ നഷ്ടം നേരിടേണ്ടതായി വന്നേനെ. കൈവശം വെച്ചിരിക്കുന്ന യൂണിറ്റുകളുടെ എണ്ണത്തിൽ യാതൊരു മാറ്റവുമില്ലാത്തതിനാൽ ഈ നഷ്ട സാധ്യത വിരളമാണ്. 1999 ലെ വിദേശ പണവിനിമയ നിയന്ത്രണ നിയമ പ്രകാരം, ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്കാണ് സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കാൻ അർഹതയുള്ളത്. പിന്നീട് വിദേശത്ത് പോയവർക്ക് നിക്ഷേപ കാലാവധി പൂർത്തിയാകുന്നതുവരെ മാത്രമാണ് സ്വർണം കൈവശം വയ്ക്കാനാകുക.

വ്യക്തികൾക്ക് മാത്രമല്ല ഹിന്ദു അവിഭക്ത കുടുംബങ്ങൾ (എച്ച്‌യുഎഫ്), ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവക്കും നിക്ഷേപം നടത്താനാകുമായിരുന്നു. കൈവശം വയ്ക്കാവുന്ന സ്വർണത്തിൻ്റെ അളവിൽ നിബന്ധനകളുണ്ട്.

പുതിയ ബോണ്ടുകൾ ഇല്ലേ?

2024 ഫെബ്രുവരിക്ക് ശേഷം ആർബിഐ പുതിയ ഗോൾഡ് ബോണ്ടുകൾ ഇഷ്യൂ ചെയ്തിട്ടില്ല. സ്വർണ വിലയിലെ അപ്രതീക്ഷിത മുന്നേറ്റത്തെ തുടർന്ന് ചെലവുകൾ ഉയർന്നതാണ് കാരണം.