Summary
ഈയാഴ്ചയിലെ ധനനയ അവലോകന തീരുമാനങ്ങൾക്ക് മുമ്പെങ്ങുമില്ലാത്ത വിധം പ്രസക്തിയുണ്ട്
ഈയാഴ്ചയിലെ ധനനയ അവലോകന തീരുമാനങ്ങൾക്ക് മുമ്പെങ്ങുമില്ലാത്ത വിധം പ്രസക്തിയുണ്ട്. ധനനയ അവലോകന കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങളായ നാണ്യപ്പെരുപ്പ തോതും, അതോടൊപ്പവും മനസ്സിൽ വെക്കേണ്ട രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും നിരക്ക് കുറക്കുവാൻ കാരണമായി നിൽക്കുന്നില്ല. വിലക്കയറ്റ നിരക്ക് എക്കാലത്തെയും താഴെയാണ്. ഒക്ടോബറിൽ അത് 0.25 ശതമാനത്തിൽ എത്തിനിൽക്കുന്നു. റിസർവ് ബാങ്ക് തന്നെ ബെഞ്ച്മാർക്കായി നിശ്ചയിട്ടുള്ള 4 ശതമാനത്തിനും എത്രയോ താഴെയാണിത്. മാത്രമല്ല തൊട്ടു മുമ്പത്തെ മാസമായ സെപ്റ്റംബറിൽ നിന്നും 119 പോയിന്റുകൾ താഴ്ന്നാണ് കാൽ ശതമാനത്തിൽ എത്തിയത്. ഈ ചുറ്റുപാടിൽ വിലക്കയറ്റ നിരക്കിനെ അടിസ്ഥാനമാക്കി റിപോ നിരക്ക് കുറക്കുവാൻ കഴിയില്ല. കൂടാതെ ഇന്ത്യൻ രൂപ ഡോളറിനെ അപേക്ഷിച്ച് മൂല്യം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് നിരക്കുകൾ എങ്ങനെയാണ് കുറക്കുവാൻ കഴിയുക?
ആഭ്യന്തര വളർച്ച ഉയർന്നു തന്നെ
ആഭ്യന്തര വളർച്ചയുടെ കാര്യം നോക്കാം. നടപ്പു സാമ്പത്തിക വർഷത്തിൽ കണക്കാക്കിയിരുന്ന 7.3 ശതമാനത്തിൽ നിന്നും ഉയർന്ന് രണ്ടാം പാദത്തിൽ ഇത് 8.2 ശതമാനത്തിൽ നില്കുന്നു. 7 ശതമായിരുന്നു രണ്ടാം പാദത്തിലെ വളർച്ച നിരക്കായി പ്രതീക്ഷിച്ചിരുന്നത് എന്നോർക്കണം. ഉത്പാദനരംഗത്തും കാർഷികരംഗത്തും സേവനരംഗത്തും ഉണ്ടായ വളർച്ചയാണ് ആഭ്യന്തര വളർച്ചക്ക് സഹായകമായത്. ഈ നിലക്ക് പോയാൽ ഈ സാമ്പത്തിക വർഷം ആഭ്യന്തര വളർച്ച 8 ശതമാനം വരെയാകാം എന്നാണ് വിലയിരുത്തുന്നത്. അപ്പോൾ പിന്നെ വളർച്ചയെ സഹായിക്കാൻ വേണ്ടി റിപോ നിരക്കിൽ കുറവ് കൊണ്ടുവരേണ്ടതില്ല.
ഈ സാമ്പത്തിക വർഷം റിപോ നിരക്ക് 75 ബേസിസ് പോയിന്റുകൾ കുറച്ച് വളർച്ചക്കു തുടക്കത്തിലേ ഉൾപ്രേരകം ആകുകയാണ് ഇത്തവണ റിസർവ് ബാങ്ക് ചെയ്തത്. മാത്രമല്ല ക്യാഷ് റിസർവ് റേഷ്യോ 100 ബേസിസ് പോയിൻ്റ് കുറച്ച് രണ്ടര ലക്ഷം കോടി രൂപയുടെ പണലഭ്യതയാണ് അധികമായി സാമ്പത്തിക രംഗത്ത് കൊണ്ടുവന്നത്. ജിഎസ്ടി യിൽ കൊണ്ടുവന്ന മാറ്റങ്ങൾ മൂലം വിപണിയിൽ ഉണ്ടായ ചലനം ഉൽപാദന - ഉപഭോഗ രംഗത്തുണ്ടാക്കിയ ഉണർവാണ് മറ്റൊന്ന്. ഇതെല്ലം സാമ്പത്തിക വളർച്ചയെ നേരിട്ട് ശക്തിപ്പെടുത്തുകയും ചെയ്തു. അമേരിക്ക കൊണ്ടുവന്ന ട്രേഡ് താരിഫിന്റെ ആഘാതം മറികടന്നുകൊണ്ടാണ് ഇന്ത്യ ഈ വളർച്ച കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ് താനും.
വായ്പ നൽകാൻ ബാങ്കുകളിൽ പണമില്ല
ഇതെല്ലാം പറയുമ്പോഴും വായ്പ നൽകുവാൻ ബാങ്കുകളുടെ കൈയ്യിൽ ആവശ്യത്തിന് നിക്ഷേപമില്ല എന്ന വസ്തുത നില നില്കുന്നു. ഒറ്റപ്പെട്ട ബാങ്കുകളുടെ ക്രെഡിറ്റ് ഡെപോസിറ്റ് റേഷ്യോ 80 ശതമാനത്തിന് മേലെ നില്കുന്നു എന്ന സ്ഥിതി മാറി, ഇപ്പോൾ ബാങ്കിങ് വ്യവസായത്തിൽ ആകെമാനം ഇത് 80 ശതമാനത്തിന് മുകളിൽ എത്തി നിൽക്കുകയാണ്. വായ്പ വളർച്ച 12 ശതമാനത്തിന് അടുത്ത് നിൽക്കുമ്പോൾ ഡെപോസിറ്റ് വളർച്ച 9 ശതമാനത്തിൽ ആണ്. വിവിധ കാരണങ്ങളാൽ ഈയടുത്ത കാലത്തായി ബാങ്കുകൾ നേരിടുന്ന വലിയ വെല്ലുവിളിയാണ് നിക്ഷേപ സമാഹരണം.
ആഭ്യന്തര വളർച്ചയെ സഹായിക്കുന്ന എല്ലാ രംഗത്തും ബാങ്ക് വായ്പകളുടെ ആവശ്യം ഉയർന്നു നില്കുന്നു. വായ്പകൾ നൽകുവാൻ വേണ്ട നിക്ഷേപ സമാഹരണത്തിന് നിക്ഷേപത്തിന് ആകർഷകമായ പലിശ നൽകേണ്ടതുണ്ട്. റിപോ നിരക്ക് താഴേക്ക് വരുന്ന മുറക്ക് വായ്പയുടെ പലിശ നിരക്ക് കുറക്കണം. അതിന് ആനുപാതികമായി നിക്ഷേപത്തിന്റെ പലിശയും കുറക്കേണ്ട സാഹചര്യം ഉണ്ട്. ഇത് നിക്ഷേപ സമാഹരണം ബുദ്ധിമുട്ടിലാക്കും. ഷെയറിലും മ്യൂച്ചൽ ഫണ്ടിലും മറ്റുമുള്ള നിക്ഷേപങ്ങൾക്ക് മുൻതൂക്കം കൂടിവരുന്ന ഇക്കാലത്ത് നിക്ഷേപങ്ങൾക്ക് പലിശ കുറയുന്നത് ബാങ്കുകളുടെ നിക്ഷേപ സമാഹരണ ശ്രമങ്ങളെ തീർച്ചയായും പ്രതികൂലമായി ബാധിക്കും. സ്റ്റോക്ക് മാർക്കറ്റ് ഇത്രയും ബുള്ളിഷ് ആയി നിൽക്കുന്ന ഈ സമയത്ത് പ്രത്യേകിച്ചും. ബാങ്കുകളെ സഹായിക്കുവാൻ റിപോ നിരക്ക് കൂട്ടുവാൻ സാധിക്കുമോ? തീർച്ചയായും ഇല്ല. അതല്ല റിസർവ് ബാങ്കിന്റെ ഉത്തരവാദിത്തം.
അമേരിക്കൻ തീരുവ ഏറ്റിട്ടില്ല
യുദ്ധങ്ങൾ അടക്കമുള്ള രാജ്യാന്തര വെല്ലുവിളികൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചിട്ടില്ല എന്ന് തന്നെയാണ് ഇത് വരെ കാണുന്നത്. അതിനാൽ ഈ സാമ്പത്തിക വർഷത്തെ തുടർന്നുള്ള മാസങ്ങളിലും ഇക്കാര്യത്തിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ട. അമേരിക്കൻ തീരുവയുടെ കാര്യത്തിൽ ആശാവഹമായ തീരുമാനങ്ങൾ വന്നാൽ അത് വളർച്ചയെ ഇനിയും സപ്പോർട്ട് ചെയ്യും. ഇക്കാര്യത്തിൽ തൽസ്ഥിതി തുടർന്നാൽ അതിന്റെ പ്രതിഫലനം ആഭ്യന്തര വളർച്ചയിൽ ഇനി കണ്ടേക്കാം. ഇതൊഴികെ ഈ വർഷത്തെ വളർച്ചയെ പുറകോട്ടു വലിക്കുന്ന കാതലായ മറ്റൊരു മാറ്റം ഇപ്പോൾ കാണുന്നില്ല.
ഈ വിധം പല ഘടകങ്ങളാണ് ഇത്തവണ കേന്ദ്ര ബാങ്കിന്റെ മുമ്പിൽ ഉള്ളത്. അതിനാൽ ഡിസംബറിൽ റിപോ നിരക്ക് വീണ്ടും കുറച്ചേക്കാം എന്ന കഴിഞ്ഞ മാസങ്ങളിലെ പ്രതീക്ഷ അങ്ങനെതന്നെ നിലനിർത്തേണ്ട. മോനിറ്ററി സ്റ്റാൻസ് ന്യൂട്രലിൽ തന്നെ നില നിർത്തി റിപോ നിരക്ക് 5.50 ശതമാനത്തിൽ തന്നെ തുടരാനാവും ഏറെ സാധ്യത. രൂപയുടെ മൂല്യം താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രത്യേകിച്ചും.
ആവശ്യമെന്നു കണ്ടാൽ ഫെബ്രുവരിയിലെ ധനനയ അവലോകനത്തിൽ വേണ്ട മാറ്റങ്ങൾ കൊണ്ടുവരാം. അത്യാവശ്യമെന്ന് കാണുകിൽ, അതിന് മുമ്പും അങ്ങനെ ചെയ്യാം. അതാണല്ലോ കേന്ദ്ര ബാങ്കിനുള്ള കരുത്തും കൈവഴക്കവും.
കെ എ ബാബു
ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്
kallarakkalbabu@gmail.com
പഠിക്കാം & സമ്പാദിക്കാം
Home
