image

29 March 2022 10:56 AM IST

Corporates

ഫെഡെക്‌സിനെ ഇനി മലയാളിയായ രാജ് സുബ്രഹ്‌മണ്യം നയിക്കും

MyFin Desk

ഫെഡെക്‌സിനെ ഇനി മലയാളിയായ രാജ് സുബ്രഹ്‌മണ്യം നയിക്കും
X

Summary

ന്യൂയോര്‍ക്ക്: അമേരിക്ക ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കൊറിയര്‍ ഡെലിവറി ഭീമനായ ഫെഡെക്‌സിന്റെ പുതിയ സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്‌മണ്യം നിയമിതനായി. നിലവില്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാജ് സുബ്രഹ്‌മണ്യത്തിന് പ്രസിഡന്റും സിഇഒയുമായി സ്ഥാനക്കയറ്റം നല്‍കുകയാണെന്ന് കമ്പനി അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ ചെയര്‍മാനും സിഇഒയുമായ ഫ്രെഡറിക് ഡബ്ല്യു സ്മിത്ത് എക്സിക്യൂട്ടീവ് ചെയര്‍മാനാകുന്ന സാഹചര്യത്തിലാണ് ഈ നിയമനം. "ഞങ്ങള്‍ ഒരു കമ്പനിയായി രൂപാന്തരപ്പെടുത്തുകയും, അടുത്തത് എന്താണെന്ന് പുനര്‍വിചിന്തനം  ചെയ്യുമ്പോള്‍, കമ്പനിയുടെ ജനസേവന ചിന്തയെ ഞങ്ങള്‍ […]


ന്യൂയോര്‍ക്ക്: അമേരിക്ക ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കൊറിയര്‍ ഡെലിവറി ഭീമനായ ഫെഡെക്‌സിന്റെ പുതിയ സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്‌മണ്യം നിയമിതനായി. നിലവില്‍ കമ്പനിയുടെ
പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാജ് സുബ്രഹ്‌മണ്യത്തിന് പ്രസിഡന്റും സിഇഒയുമായി സ്ഥാനക്കയറ്റം നല്‍കുകയാണെന്ന് കമ്പനി അറിയിച്ചു.
ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ ചെയര്‍മാനും സിഇഒയുമായ ഫ്രെഡറിക് ഡബ്ല്യു സ്മിത്ത് എക്സിക്യൂട്ടീവ് ചെയര്‍മാനാകുന്ന സാഹചര്യത്തിലാണ് ഈ നിയമനം.
"ഞങ്ങള്‍ ഒരു കമ്പനിയായി രൂപാന്തരപ്പെടുത്തുകയും, അടുത്തത് എന്താണെന്ന് പുനര്‍വിചിന്തനം ചെയ്യുമ്പോള്‍, കമ്പനിയുടെ ജനസേവന ചിന്തയെ ഞങ്ങള്‍ കാതലായി നിലനിര്‍ത്തും. ലോകമെമ്പാടുമുള്ള ഞങ്ങളുടെ 6,00,000 ടീം അംഗങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ലോകത്തെ മികച്ചതാക്കി മാറ്റുന്ന ആശയങ്ങള്‍ ഞങ്ങള്‍ ഒന്നിച്ച് സജ്ജമാക്കിക്കഴിഞ്ഞു. ഒപ്പം ഞങ്ങളുടെ ആളുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കുമായി ഞങ്ങള്‍ ഒരുമിച്ച് പുതിയ മൂല്യം നൽകും," സുബ്രഹ്‌മണ്യം പറഞ്ഞു.
'കഴിഞ്ഞ 50 വര്‍ഷമായി ആളുകളെയും സാധ്യതകളെയും ബന്ധിപ്പിച്ചുകൊണ്ട് ഫെഡെക്സ് ലോകത്തെ മാറ്റിമറിച്ചു…രാജ് സുബ്രഹ്‌മണ്യത്തെ പോലെ നിലവാരമുള്ള ഒരു നേതാവ് ഫെഡ്എക്സിനെ വളരെ വിജയകരമായ ഭാവിയിലേക്ക് കൊണ്ടുപോകുമെന്ന വലിയ സംതൃപ്തി എനിക്കുണ്ട്. എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയിലുള്ള എന്റെ റോളില്‍, ബോര്‍ഡ് ഗവേണന്‍സിലും സുസ്ഥിരത, നവീകരണം, പൊതുനയം എന്നിവയുള്‍പ്പെടെ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' ഫ്രെഡറിക് ഡബ്ല്യു സ്മിത്ത് പറഞ്ഞു.
പോസ്റ്റ് ഓഫീസുകളേക്കാള്‍ വേഗത്തില്‍ ചെറിയ പാഴ്‌സലുകളും കത്തുകളും എത്തിക്കാനുള്ള കമ്പനി 1973 ലാണ് ഫ്രെഡ് സ്മിത്ത് സ്ഥാപിക്കുന്നത്.
സുബ്രമഹ്ണ്യം 2020 ല്‍ ഫെഡെക്‌സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫെഡ്എക്സ് കോര്‍പ്പറേഷന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എന്ന പദവിക്ക് മുമ്പ്, ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയായ ഫെഡ്എക്സ് എക്സ്പ്രസിന്റെ പ്രസിഡന്റും സിഇഒയും ആയിരുന്നു അദ്ദേഹം. ഫെഡ്എക്സ് കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറായും സുബ്രമഹ്ണ്യം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1991 ലാണ് സുബ്രമഹ്ണ്യം ഫെഡ്എക്സില്‍ ചേരുന്നത്. തുടര്‍ന്ന് കാനഡയിലെ ഫെഡ്എക്സ് എക്സ്പ്രസിന്റെ പ്രസിഡന്റായും ഏഷ്യയിലും അമേരിക്കയിലുടനീളമുള്ള മറ്റ് നിരവധി മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ് റോളുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്‌മണ്യം 1987 ല്‍ മുബൈ ഐഐടിയില്‍ നിന്നുള്ള കെമിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്.