image

28 April 2022 5:02 AM GMT

People

$44 ബില്യൺ മുടക്കി ഇലോൺ മസ്ക്ക് എന്തിന് ട്വിറ്റർ വാങ്ങി?

Karthika

Summary

ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ സജീവമായി നിലനിന്ന ചർച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് ട്വിറ്റെർ ഇലോൺ മസ്‌ക് സ്വന്തമാക്കിയിരിക്കയാണ്. 44 ബില്യൺ ഡോളറിന്റെ വാഗ്ദാനം കമ്പനി അംഗീകരിച്ചതോടെ ട്വിറ്റെറിന്റെ ഉടമസ്ഥാവകാശം പൂർണമായും ഇലോണിന്റേതു മാത്രമാകും.പക്ഷെ ഇപ്പോഴും പലരും ഉന്നയിക്കുന്ന ഒരു സംശയമുണ്ട്.എന്തിന് ഇത്രയും പണം മുടക്കി ഇലോൺ മസ്ക്ക് ട്വിറ്റെർ വാങ്ങണം? ജാക്ക് ഡോർസി,ബിസ്സ് സ്റ്റോൺ ,ഇവാൻ വില്യംസ്,നോവ ഗ്ലാസ് എന്നിവർ ചേർന്ന് 16 വർഷങ്ങൾക്ക് മുൻപ് 2006 ൽ ആരംഭിച്ച സാമൂഹിക മാധ്യമമാണ് ട്വിറ്റെർ. കുറഞ്ഞ വാക്കുകളിലൂടെ ആശയം പങ്കുവെക്കുക എന്നതാണ് […]


ആകാശ് തെങ്ങുംപള്ളിൽ

ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ സജീവമായി നിലനിന്ന ചർച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് ട്വിറ്റെർ ഇലോൺ മസ്‌ക് സ്വന്തമാക്കിയിരിക്കയാണ്.

44 ബില്യൺ ഡോളറിന്റെ വാഗ്ദാനം കമ്പനി അംഗീകരിച്ചതോടെ ട്വിറ്റെറിന്റെ ഉടമസ്ഥാവകാശം പൂർണമായും ഇലോണിന്റേതു മാത്രമാകും.പക്ഷെ ഇപ്പോഴും പലരും ഉന്നയിക്കുന്ന ഒരു സംശയമുണ്ട്.എന്തിന് ഇത്രയും പണം മുടക്കി ഇലോൺ മസ്ക്ക് ട്വിറ്റെർ വാങ്ങണം?

ജാക്ക് ഡോർസി,ബിസ്സ് സ്റ്റോൺ ,ഇവാൻ വില്യംസ്,നോവ ഗ്ലാസ് എന്നിവർ ചേർന്ന് 16 വർഷങ്ങൾക്ക് മുൻപ് 2006 ൽ ആരംഭിച്ച സാമൂഹിക മാധ്യമമാണ് ട്വിറ്റെർ. കുറഞ്ഞ വാക്കുകളിലൂടെ ആശയം പങ്കുവെക്കുക എന്നതാണ് ട്വിറ്ററിന്റെ ലക്ഷ്യം. എന്നാൽ പലപ്പോഴും ഫേസ്ബുക്കിന്റേയും ടിക്ടോക്കിന്റേയും കച്ചവടമികവ് ട്വിറ്ററിന് നേടുവാൻ കഴിഞ്ഞിരുന്നില്ല.

സാമൂഹികമാധ്യമങ്ങളിൽ, ഉപയോഗിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് എന്ന കുപ്രസിദ്ധി പലപ്പോഴും ട്വിറ്ററിനെ വേട്ടയാടിയിരുന്നു. പുതിയ അപ്‌ഡേറ്റുകളും പരിഷ്കരണങ്ങളും പലപ്പോഴും ഉപഭോക്താക്കളിൽ നിന്നും കടുത്ത വിമർശനവും ഏറ്റുവാങ്ങി. അപ്പോഴും വിശ്വാസ്യതയുള്ള ഒരു സാമൂഹികമാധ്യമം എന്ന നിലയിൽ ട്വിറ്റർ നിലകൊണ്ടു.

ലോകനേതാക്കളിൽ ഏറെപ്പേരും ട്വിറ്ററിന്റെ പ്രവചനങ്ങൾക്കതീതമായ സ്വഭാവത്തെ ഭയപ്പെടുകയും അത് നിയന്ത്രിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ട്വിറ്റർ ഉപയോഗിച്ചു ഏതൊരാൾക്കും രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളെ ഉയർത്തികാണിക്കുവാനാകും. അതിനുള്ള പരിഹാരമാർഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാവിധ ശക്തമായ അഭിപ്രായങ്ങളും (ചിലപ്പോഴൊക്കെ നിയന്ത്രണവിധേയമായും) ഏതൊരാൾക്കും പറയുവാനുമാകും. അറബ് വസന്തവും അമേരിക്കൻ തിരഞ്ഞെടുപ്പും തുടങ്ങി ലോക രാഷ്ട്രീയത്തിലെ ഗതിമാറ്റങ്ങളിൽ ട്വിറ്ററിന് ഉണ്ടായിരുന്നത് നിർണായക സ്വാധീനമാണ്.

ഒരു ട്വീറ്റ്, അത് എത്ര ചെറിയ വാക്യമായാലും,വാക്കുകൾ മാത്രമായാലും അത് കാണുന്ന ഒരാളിൽ മറ്റേതൊരു സാമൂഹിക മാധ്യമവും സൃഷ്ടിക്കുന്നതിനേക്കാൾ വേഗത്തിൽ ചിന്തകൾ സൃഷ്ടിക്കാൻ കഴിയും എന്നത് ട്വിറ്ററിന്റെ മാത്രം സവിശേഷതയാണ്.

സാമൂഹികമാധ്യമം എന്ന നിലയിൽ 'ലൈവ് ഇൻഫർമേഷന്റെ' പ്രവാഹമാണ് ട്വീറ്റിങ്. കുറഞ്ഞ വാക്കുകൾ,വളരെ പെട്ടെന്നുള്ള കൈമാറ്റം/ഷെയറിങ്, പരസ്യങ്ങളും സ്പാമുകളുമില്ലാതെ ഉള്ളടക്കങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശനം എന്നിവ ട്വിറ്ററിനെ "സിംപിൾ" ആക്കി നിലനിർത്തുന്നുണ്ട് (ഫേസ്ബുക്കുമായി താരതമ്യം ചെയ്യുമ്പോൾ അത് ക്രൂരമായ ലാളിത്യം ആണ് താനും.)

ട്വിറ്ററിന്റെ ഷെയർ ഉടമകൾ ലാഭത്തിന്റെ കാര്യത്തിൽ പലപ്പോഴും മാനേജ്മെന്റിന്റെ വിമർശിച്ചിരുന്നു. ട്വിറ്റിറിനു കൂടുതൽ നേടുവാൻ കഴിയും എന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ കമ്പനി സ്വന്തമാക്കിയ ഇലോൺ മസ്ക്കിന്റേത്‌ മറ്റൊരു പ്രതികരണമാണ്.

"ഇത് പണം സമ്പാദിക്കാനുള്ള ഒരു മാർഗമല്ല. സ്വാതന്ത്ര്യത്തിനുള്ള ഒരു വേദി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. പരമാവധി വിശ്വസനീയവും വിശാലമായി ഉൾക്കൊള്ളുന്നതുമായ ഒരു പൊതു വേദി ഉണ്ടായിരിക്കുന്നത് നാഗരികതയുടെ ഭാവിക്ക് വളരെ പ്രധാനമാണ്." ഏപ്രിൽ 14-ന് വാൻകൂവറിൽ നടന്ന ടെഡ് കോൺഫറൻസ് അഭിമുഖത്തിൽ മസ്‌ക് പറഞ്ഞു.

ട്വിറ്ററില്‍ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന നിലപാടുകാരനാണ് അദ്ദേഹം. തന്റെ സ്റ്റോക്ക് വാങ്ങൽ പരസ്യമാക്കുന്നതിന് മുമ്പുതന്നെ, ട്വിറ്റർ യഥാർത്ഥത്തിൽ സ്വതന്ത്ര സംഭാഷണ തത്വങ്ങൾ പാലിക്കുന്നുണ്ടോ എന്ന ചോദ്യം ഇലോൺ മസ്ക്ക് ട്വിറ്ററിൽ തന്നെ ഉയർത്തിയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അടുത്തകാലത്തായി സ്വീകരിച്ചുവരുന്ന കടുത്ത നിലപാടുകള്‍ക്കെതിരാണ് ഇലോണ്‍ മസ്‌ക്. നിലവിലെ ഘടന അതിന് പ്രാപ്തമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ഇലോൺ മസ്ക്ക് ട്വിറ്റർ വാങ്ങുന്നതോടെ ട്വിറ്ററിന്റെ പ്രവർത്തന രീതി തന്നെ മാറും എന്നാണ് കരുതപ്പെടുന്നത്.ഫേസ്ബുക്ക് അടക്കമുള്ള മറ്റു സാമൂഹിക മാധ്യമങ്ങൾ ചെയ്യുന്നതുപോലെ ബിസിനെസ്സ് താല്പര്യങ്ങൾ മുൻനിർത്തിയുള്ള അൽഗോരിതം ആയിരിക്കില്ല ട്വിറ്ററിനുണ്ടാകുക എന്നാണ് വിലയിരുത്തലുകൾ.

എന്നാൽ സാമൂഹിക മാധ്യമ സാഹചര്യങ്ങൾക്ക് ഇപ്പോൾ മാറ്റമുണ്ട്.വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചിരുന്ന ഇടങ്ങൾ എന്നതിൽ നിന്നും വ്യക്തികളുടെ സാമൂഹിക മാധ്യമ ഇടപെടലുകളിൽ കേസെടുക്കുന്നതിലേക്ക് പോലും കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നു. മറ്റൊരർത്ഥത്തിൽ നോക്കിയാൽ ഓരോ വ്യക്തിയുടെ അഭിപ്രായത്തിനും അവർ നിർവചിക്കുന്നതിനേക്കാൾ ആഴവും അർത്ഥവും ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ 'കണ്ടെന്റ് മോഡറേഷൻ' വേണ്ട എന്നൊരു നിലപാട് മസ്ക്ക് എടുത്താൽ അപകടകരമായ സാഹചര്യങ്ങൾ ഉണ്ടാകുമോ എന്ന പേടി പലർക്കുണ്ട്.

ഒരുപക്ഷെ സാമൂഹിക മാധ്യമ മേഖലയിൽ കൗശലം നിറഞ്ഞ ഇടപെടലുകൾ നടത്തുന്നതിൽ മസ്ക്കിനോളം പോന്ന മറ്റൊരാളില്ല. ടെസ്‌ല,സ്പേസ് എക്സ് എന്നീ തന്റെ കമ്പനികളുടെ പ്രൊമോഷൻ നടത്താൻ അദ്ദേഹത്തിന് വെറുമൊരു ട്വീറ്റ് മതി. തന്നോട് ചോദ്യം ചോദിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് പോലും അദ്ദേഹം മറുപടി നൽകുന്നുണ്ട്.

എന്നാൽ ട്വിറ്ററിന്റെ ഏറ്റെടുക്കൽ മസ്‌ക്കിനെ പല വാർത്തകളിൽ നിന്നും രക്ഷിച്ചിട്ടുണ്ട് എന്ന് കൂടെ പറയാതെ വയ്യ. ടെസ്‌ലയുടെ അമേരിക്കൻ ഫാക്ടറികളിൽ വർണവിവേചനം നിലനിൽക്കുന്നുണ്ട്, സർക്കാർ നടപടികൾ ആരംഭിക്കുന്നു എന്നീ റിപ്പോർട്ടുകളെ പ്രതിരോധിക്കാൻ (ഒളിപ്പിക്കാൻ) ഇതിനേക്കാൾ മികച്ച മറ്റൊരു സാഹചര്യം മസ്ക്കിന്‌ മറ്റൊന്നുണ്ടാകില്ല.

ആര്? ആരോട്? എവിടെ? എന്തു? പറയാൻ സാധിക്കും എന്ന അടിസ്ഥാനപരമായ ചോദ്യം ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ പരിഹരിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. ആർക്കും എന്തും ആരോടും പറയുവാനാകുന്ന പൊതു ഇടങ്ങൾ ഇലോൺ മസ്ക്കിന് വേണം. അങ്ങനെ നോക്കുമ്പോൾ ട്വിറ്റെർ ഇലോണിന്‌ ഇഷ്ടമായി, അതങ്ങട് എടുക്കുകയും ചെയ്തു…