ഏത് സംസ്ഥാനത്തും വാഹന പരിശോധന നടത്താന്‍ സാധിക്കുന്ന വിധം രാജ്യമാകെ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷന്‍ (എടിഎസ്) വരുമെന്ന...
ഏത് സംസ്ഥാനത്തും വാഹന പരിശോധന നടത്താന്‍ സാധിക്കുന്ന വിധം രാജ്യമാകെ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷന്‍ (എടിഎസ്) വരുമെന്ന അറിയിപ്പിന് പിന്നാലെയാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെ (എടിഎസ്) ഉടമയ്ക്കും ഓപ്പറേറ്റര്‍ക്കും 3 കോടി രൂപയുടെ ആസ്തി നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നത്. രാജ്യത്തെ ഏത് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കിലും മറ്റ് ഏത് സംസ്ഥാനത്തും പരിശോധന നടത്താനുള്ള സൗകര്യം അടുത്ത വര്‍ഷം നിലവില്‍ വരും.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെ (എടിഎസ്) അംഗീകാരം, നിയന്ത്രണം എന്നിവ സംബന്ധിച്ചുള്ള നിയമങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവരുന്നതിനുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചു. അടുത്ത ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ വഴി മാത്രം നടത്താനാണ് സര്‍ക്കാര്‍ നീക്കം. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് എടിഎസ് വഴി ഫിറ്റ്നസ് പരിശോധന നടത്തുന്നത്. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണത്തിനായി ചില പുതിയ ഉപകരണങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ടെസ്റ്റിംഗ് ഉപകരണത്തില്‍ നിന്നും സെര്‍വറിലേക്ക് പരിശോധന സംബന്ധിച്ച വിവരങ്ങള്‍ കൈമാറും.
വിജ്ഞാപനമനുസരിച്ച് 2023 ഏപ്രില്‍ 1 മുതല്‍ ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്കും ഹെവി പാസഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍ക്കുമുള്ള (ഭാരവാഹനങ്ങള്‍) ഫിറ്റ്‌നസ് പരിശോധന എടിഎസ് മുഖേന നിര്‍ബന്ധക്കി. ഇടത്തരം ചരക്ക് വാഹനങ്ങള്‍, ഇടത്തരം പാസഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് 2024 ജൂണ്‍ 1 മുതല്‍ നിയമം ബാധകമാകും. എടിഎസ് പരിശോധനയില്‍ ഏതെങ്കിലും പരാജയപ്പെട്ടാല്‍ 30 ദിവസത്തിനുള്ളില്‍ റീ ടെസ്റ്റ് നടത്താനുള്ള അവസരവുമുണ്ട്.
അഥവാ റീ ടെസ്റ്റ് നടത്താന്‍ സാധിക്കാതെ വരികയോ റീ ടെസ്റ്റില്‍ പരാജയപ്പെടുകയോ ചെയ്താല്‍ വാഹനത്തിന്റെ കാലാവധി അവസാനിച്ചതായി കണക്കാക്കും (എന്‍ഡ് ഓഫ് ലൈഫ്). ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് എട്ട് വര്‍ഷം വരെ പഴക്കമുണ്ടെങ്കില്‍ 2 വര്‍ഷത്തില്‍ ഒരിക്കല്‍ ടെസ്റ്റ് നടത്തണം. എട്ട് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓരോ വര്‍ഷവും ഫിറ്റ്നസ് ടെസ്റ്റ് നടത്തണമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍, കമ്പനികള്‍, അസോസിയേഷനുകള്‍, വ്യക്തികളുടെ സംഘം തുടങ്ങിയവയ്ക്ക് വ്യക്തിഗത വാഹനങ്ങളുടെയും ഗതാഗത വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധിക്കാന്‍ എടിഎസ് ആരംഭിക്കുന്നതിന് അനുമതി നല്‍കാമെന്ന് മന്ത്രാലയം കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.