image

24 May 2022 10:03 AM IST

ആഘാതം കുറയ്ക്കാന്‍ കൂടുതല്‍ നികുതി ഇളവുകള്‍ വന്നേക്കും

MyFin Desk

ആഘാതം കുറയ്ക്കാന്‍ കൂടുതല്‍ നികുതി ഇളവുകള്‍ വന്നേക്കും
X

Summary

രാജ്യം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ഇന്ധനത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ ഇളവ് പ്രഖ്യാപിച്ചത്. ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ യഥാക്രമം 8 രൂപയും 6 രൂപയും കുറച്ചതോടെ പെട്രോളിന്റെ ചില്ലറ വില്‍പ്പന വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറഞ്ഞു. എന്നാല്‍ നിലവിലെ പണപ്പെരുപ്പ നിരക്ക് പിടിച്ച് നിര്‍ത്താന്‍ ഈ നടപടകള്‍ മാത്രം പോര എന്നാണ് വിലയിരുത്തല്‍. ഈ നടപടിയിലൂടെ ഉപഭോക്തൃ പണപ്പെരുപ്പത്തില്‍ 20-40 […]


രാജ്യം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ഇന്ധനത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ ഇളവ് പ്രഖ്യാപിച്ചത്. ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ യഥാക്രമം 8 രൂപയും 6 രൂപയും കുറച്ചതോടെ പെട്രോളിന്റെ ചില്ലറ വില്‍പ്പന വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറഞ്ഞു. എന്നാല്‍ നിലവിലെ പണപ്പെരുപ്പ നിരക്ക് പിടിച്ച് നിര്‍ത്താന്‍ ഈ നടപടകള്‍ മാത്രം പോര എന്നാണ് വിലയിരുത്തല്‍. ഈ നടപടിയിലൂടെ ഉപഭോക്തൃ പണപ്പെരുപ്പത്തില്‍ 20-40 ബേസിസ് പോയിന്റ് കുറവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അതായത് നിലവിലെ 7.79 ശതമാനത്തില്‍ നിന്നും 7.5 ലേക്ക് നിരക്ക് താഴ്ത്താനെ ഇതിന് കഴിയൂ.

പണപ്പെരുപ്പത്തെ പ്രതിരോധിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം ആദ്യം റിപ്പോ നിരക്ക് 0.4 ശതമാനം (40 ബേസിസ് പോയിന്റ്) ഉയര്‍ത്തി 4.4 ശതമാനമാക്കിയിരുന്നു. എന്നാല്‍ നിലവിലെ പണപ്പെരുപ്പ നിരക്കില്‍ കാര്യമായ മാറ്റം വരുത്താന്‍ ഇതുകൊണ്ടാവില്ല എന്ന സൂചനയാണുള്ളത്. ജൂണില്‍ വായ്പാ നിരക്ക് വീണ്ടും ഉയര്‍ത്തുമെന്ന് ആര്‍ബി ഐ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇന്ധനത്തിൻറെ തീരുവ കുറച്ചതോടൊപ്പം സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവയ്ക്കുള്ള കസ്റ്റംസ് തീരുവ കുറച്ചതും സിമന്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെടുത്തതും പണപ്പെരുപ്പം കുറയ്ക്കുവാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സപ്ലൈ സൈഡിലെ പണപ്പെരുപ്പമാണ് നിലവില്‍ എന്നതിനാല്‍ ആര്‍ബി ഐയുടെ മോണിറ്ററി പോളിസികള്‍ക്ക് പരിമിതിയുണ്ട്. ഡിമാന്റിലുണ്ടായ വര്‍ധനയല്ല നിലവിലെ പണപ്പെരുപ്പത്തിന് കാരണം എന്നര്‍ഥം. സപ്ലൈ ലൈനില്‍ ചെലവ് കൂടുന്നതാണ് പ്രശ്‌നം. അതുകൊണ്ടാണ് വൈകിയ വേളയില്‍ സര്‍ക്കാര്‍ നടപടികളുമായി രംഗത്ത് വരുന്നത്. ഇനിയും പല മേഖലകളിലും നികുതിയും സെസും വരും ദിവസങ്ങളില്‍ കുറച്ചേക്കുമെന്ന സൂചനകളുണ്ട്. ഭക്ഷ്യ എണ്ണ, സ്റ്റീല്‍, വ്യവസായങ്ങള്‍ക്ക് ആവശ്യമായ മറ്റ് അംസ്‌കൃത വസ്തുക്കള്‍ എന്നിവയില്‍ കസ്റ്റംസ് തീരുവ കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. ചില ഇറക്കുമതികള്‍ക്ക് ഈടാക്കുന്ന അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്റ് സെസ് (എഐഡിസി) വെട്ടിക്കുറയ്ക്കുന്നതും സര്‍ക്കാരിന്റെ ആലോചനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.