image

3 March 2022 6:59 AM GMT

Education

യുക്രെയ്ന്‍: വിദ്യാര്‍ഥികളുടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലാകും

wilson Varghese

യുക്രെയ്ന്‍: വിദ്യാര്‍ഥികളുടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലാകും
X

Summary

  യുക്രെയ്‌നില്‍ അകപ്പെട്ടുപോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്. ഏതു വിധേനയും യുക്രെയ്ന്‍ അതിര്‍ത്തി കടന്ന് അയല്‍രാജ്യങ്ങളിലെത്തി, കാത്ത് കിടക്കുന്ന ഇന്ത്യന്‍ വിമാനങ്ങളില്‍ കയറി പറ്റുകയാണ് ഇപ്പോള്‍ അവരുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആകെ യുക്രെയിനിലുള്ള 20,000 പേരില്‍ ഇതുവരെ 30 ശതമാനം പേരെയാണ് നാട്ടില്‍ തിരിച്ചെത്തിച്ചത്. മറ്റൊരു 30 ശതമാനം പേര്‍ വിവിധ വഴികളിലൂടെ സഞ്ചരിച്ച് യുക്രെയ്ന്‍ അതിര്‍ത്തി കടന്നിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ (ബുധനാഴ്ച വരെ) 8000 ത്തോളം പേരാണ് […]


യുക്രെയ്‌നില്‍ അകപ്പെട്ടുപോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്. ഏതു വിധേനയും യുക്രെയ്ന്‍...

 

യുക്രെയ്‌നില്‍ അകപ്പെട്ടുപോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്. ഏതു വിധേനയും യുക്രെയ്ന്‍ അതിര്‍ത്തി കടന്ന് അയല്‍രാജ്യങ്ങളിലെത്തി, കാത്ത് കിടക്കുന്ന ഇന്ത്യന്‍ വിമാനങ്ങളില്‍ കയറി പറ്റുകയാണ് ഇപ്പോള്‍ അവരുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആകെ യുക്രെയിനിലുള്ള 20,000 പേരില്‍ ഇതുവരെ 30 ശതമാനം പേരെയാണ് നാട്ടില്‍ തിരിച്ചെത്തിച്ചത്. മറ്റൊരു 30 ശതമാനം പേര്‍ വിവിധ വഴികളിലൂടെ സഞ്ചരിച്ച് യുക്രെയ്ന്‍ അതിര്‍ത്തി കടന്നിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ (ബുധനാഴ്ച വരെ) 8000 ത്തോളം പേരാണ് ഇനി യുക്രെയ്‌നില്‍ നിന്ന് രക്ഷപ്പെടുത്താനുള്ളത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ സക്രീയമായ ഇടപെടലുകളിലൂടെ ഇത് ഉടന്‍ സാധ്യാമാകുമെന്ന് കരുതുന്നു.

പഠനം അനിശ്ചിതത്വം

നാട്ടില്‍ ഏതു വിധേനയും സുരക്ഷിതമായി തിരിച്ചെത്തുകയാണ് ഇത്തരുണത്തില്‍ പ്രധാനപ്പെട്ട കാര്യമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പഠനം സംബന്ധിച്ച ആശങ്കകള്‍ നിലവിലുണ്ട്. യുക്രെയ്‌നില്‍ 18,000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പഠിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികളാണ് എല്ലാവരും തന്നെ. ഇതില്‍ 4000 ത്തോളം പേരും മലയാളികളാണ്.

കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ ബിരുദം

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ഉയര്‍ന്ന ചെലവ് താങ്ങാന്‍ കഴിയാത്ത, പഠനത്തില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന കുട്ടികളാണ് മെഡിക്കല്‍ സ്വപ്‌നവുമായി ഇങ്ങനെ നാടു വിടുന്നത്. കേരളത്തില്‍ സ്വശ്രയ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് നേടാന്‍ ഇന്നത്തെ നിരക്കില്‍ ചുരുങ്ങിയത് 40 ലക്ഷം രൂപ വിവിധ ഫീസുകള്‍ ഉള്‍പ്പെടേ ചെലവാക്കേണ്ടി വരും. എന്നാല്‍ മികച്ച മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പേരുകേട്ട യുക്രെയിനില്‍ ഇത് 25 ലക്ഷം രൂപയിലൊതുങ്ങും. ഈ വ്യത്യാസമാണ് കുട്ടികളെയും മാതാപിതാക്കളെയും അങ്ങോട്ട് ആകര്‍ഷിക്കുന്നത്.

വായ്പ ആശ്രയം

നല്ലൊരു ശതമാനം കുട്ടികളും വലിയ തുക ബാങ്ക് വായ്പ എടുത്തിട്ടാണ് വിദേശ വിദ്യാഭ്യാസത്തിനായി പോകുന്നത്. ചില മാതാപിതാക്കളാകട്ടെ നേരിട്ട് വിദ്യാഭ്യാസ വായ്പക്ക് പകരം പണയവായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവ പോലുള്ളവയെ ആണ് ആശ്രയിക്കുക. പഠനം കഴിഞ്ഞ ജോലിയില്‍ കയറി വായ്പാ തിരിച്ചടവ് നടത്താമെന്ന പ്രതീക്ഷയിലാണ് ഇത്തരം വായ്പകള്‍ എടുക്കുന്നത്.
യുദ്ധമുണ്ടാക്കിയ പ്രതിസന്ധി കുട്ടികളുടെ പഠനത്തെയും ബാധിക്കും. പ്രത്യേകിച്ച് അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ കാര്യം. കോഴ്‌സ് കഴിഞ്ഞ് തിരിച്ചെത്തി എഫ് എം ജി (ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്) പരീക്ഷ പാസാകുന്നതോടെയെ ഇന്ത്യയില്‍ ഇവര്‍ക്ക് പ്രാക്ടീസ് ചെയ്യാനാവൂ. ഒരു വര്‍ഷം ഇങ്ങനെ വിവിധ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഈ പരീക്ഷ എഴുതുന്നവരുടെ എണ്ണം രാജ്യത്ത് 24,000 ത്തിന് അടുത്താണ്. യുദ്ധം എത്ര നാള്‍ നീളുമെന്നോ സമാധാനം എന്ന് പുനഃസ്ഥാപിക്കപ്പെടുമെന്നോ നിശ്ചയമില്ലാത്തതിനാല്‍ പഠനം അനിശ്ചിതത്വത്തിലാണ്. കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വൂഹാനിലും ഇതുപോലെ മെഡിക്കല്‍ പഠനത്തിനും മറ്റുമായി പോയ വിദ്യാര്‍ഥികളുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

തിരിച്ചടവ്

ഈ സാഹചര്യത്തിലാണ് ബാങ്ക് വായ്പകളുടെ തിരിച്ചടവ് പ്രതിസന്ധിയുണ്ടാക്കുക. നിലവില്‍ പൊതു മേഖലാ ബാങ്കുകള്‍ അടക്കം വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നുണ്ട്. എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ സജീവമായതോടെ വിദേശ പഠനത്തിന് ബാങ്ക്‌വായ്പകള്‍ അവര്‍ തന്നെ തരപ്പെടത്തി നല്‍കുന്നുണ്ട്. വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് വര്‍ധിച്ചതോടെ ഇതൊരു ബിസിനസ് സെഗ്മെന്റായിട്ടാണ് ബാങ്കുകളും കാണുന്നത്. 8.5 ശതമാനം മുതല്‍ മുകളിലേക്കാണ് പൊതുമേഖലാ ബാങ്കുകളുടെ പലിശ നിരക്ക്. 20 ലക്ഷം രൂപ വരെ ഇങ്ങനെ കോഴ്‌സ്, രാജ്യം, വിദ്യാര്‍ഥികളുടെ പഠന നിലവാരം എന്നിവ എല്ലാം പരിഗണിച്ച് വായ്പകള്‍ നല്‍കുന്നുണ്ട്. സ്വകാര്യ ബാങ്കുകളുടെ പലിശ നിരക്ക് കൂടുതലാണ്. ക്ലാസുകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോള്‍ ഇവരുടെ വായ്പാ തിരിച്ചടവുകള്‍ പ്രതിസന്ധിയിലാകുക സ്വാഭാവികം.

ബാങ്കുകളെ അറിയിക്കാം

നിലവിലെ അന്താരാഷ്ട്ര സാഹചര്യവും ഇതു മൂലം ഉണ്ടായ അനിശ്ചിതത്വവും വായ്പ എടുത്തിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളെ അറിയിക്കാവുന്നതാണ്. അവസാന വര്‍ഷം പഠിക്കുന്നവര്‍ ബാങ്കിലെത്തി ഇക്കാര്യം വ്യക്തമാക്കി കത്ത് നല്‍കാം. അതിനനുസരിച്ച് വായ്പാ തിരിച്ചടവും ഭാവിയില്‍ പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടാം. തിരിച്ചടവ് സംബന്ധിച്ച സാവകാശത്തിനായി സര്‍ക്കാരിലും ശ്രമം നടത്താവുന്നതാണ്.