image

20 March 2022 5:34 AM IST

News

ആഗോള പ്രതിസന്ധി, ഇന്ത്യന്‍ ഗോതമ്പ് കര്‍ഷകര്‍ക്ക് 'നേട്ടം'

MyFin Bureau

Agriculture sector
X

Summary

  ഡെല്‍ഹി :  റഷ്യ-യുക്രൈന്‍ യുദ്ധം ആഗോളതലത്തില്‍ ആശങ്കയും വേദനയും സൃഷ്ടിക്കുമ്പോഴും ഇത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ചില ആനുകൂല്യങ്ങള്‍ക്ക് കൂടി കാരണമാകുകയാണ്. കാര്‍ഷിക ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യുന്ന അവസരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇത് വര്‍ധനവുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ഗോതമ്പ് ഉത്പാദകരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു റഷ്യ. യുദ്ധം കടുത്ത് നില്‍ക്കുന്ന അവസരത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ പട്ടികയിലെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയെ മിക്ക രാജ്യങ്ങളും ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. […]


ഡെല്‍ഹി : റഷ്യ-യുക്രൈന്‍ യുദ്ധം ആഗോളതലത്തില്‍ ആശങ്കയും വേദനയും സൃഷ്ടിക്കുമ്പോഴും ഇത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ചില ആനുകൂല്യങ്ങള്‍ക്ക് കൂടി കാരണമാകുകയാണ്. കാര്‍ഷിക ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യുന്ന അവസരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇത് വര്‍ധനവുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ഗോതമ്പ് ഉത്പാദകരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു റഷ്യ. യുദ്ധം കടുത്ത് നില്‍ക്കുന്ന അവസരത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ പട്ടികയിലെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയെ മിക്ക രാജ്യങ്ങളും ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. ഈജിപ്റ്റിലേക്ക് ഗോതമ്പ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും അറിയിപ്പും വന്നു കഴിഞ്ഞു.
2019-20 കാലയളവിനെ അപേക്ഷിച്ച് 2020-21ല്‍ വന്‍ വര്‍ധനയാണ് ഗോതമ്പ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ആഗോള വിതരണ ശൃംഖലയില്‍ നിലവില്‍ തടസ്സങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ വന്‍തോതില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പുകള്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ) എടുത്തിരുന്നു. ഇത്തരത്തില്‍ കയറ്റുമതി സാധ്യതയുള്ള രാജ്യങ്ങളുമായി എപിഇഡിഎ യോഗം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്കും കയറ്റുമതിക്കാര്‍ക്കും ടെസ്റ്റിംഗ് സേവനങ്ങള്‍ നല്‍കുന്നതിനായി എപിഇഡിഎ ഇന്ത്യയിലുടനീളമുള്ള 220 ലാബുകള്‍ക്ക് അംഗീകാരം നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യുദ്ധം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ആനുകൂല്യമാകുമ്പോള്‍
കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഗോതമ്പ് കയറ്റുമതിയുടെ ആകെ മൂല്യം 2020-21 കാലയളവില്‍ 340.17 മില്യണ്‍ യുഎസ് ഡോളറായിരുന്നു. 2021-22 ആയപ്പോഴേയ്ക്കും (ഏപ്രില്‍ മുതല്‍ ജനുവരി വരെ) ഇത് 1.74 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്തും കയറ്റുമതിയില്‍ വര്‍ധന പ്രകടമായി എന്നതാണ് ശ്രദ്ധേയമായ കാര്യം. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചപ്പോള്‍ ആഗോളതലത്തില്‍ ഗോതമ്പ്, ചോളം എന്നിവയ്ക്ക് വില വര്‍ധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും ഗോതമ്പിന്റെ പ്രധാന കയറ്റുമതി രാജ്യങ്ങളുമായിരുന്നു.
ആഗോളതലത്തില്‍ ഉത്പാദിപ്പിക്കുന്ന ഗോതമ്പിന്റെ 14 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇതില്‍ വെറും മുന്നു ശതമാനം മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നതെന്നും ഓര്‍ക്കണം. ആഗോളതലത്തില്‍ ധാന്യങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകുന്ന അവസരത്തില്‍ മിക്ക രാജ്യങ്ങളും ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. 2020-21ലെ കണക്കുകള്‍ പ്രകാരം ബംഗ്ലാദേശ്, നേപ്പാള്‍, യുഎഇ, ശ്രീലങ്ക, യെമന്‍, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഇന്തോനേഷ്യ, ഒമാന്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ ഗോതമ്പ് കയറ്റിയയ്ക്കുന്നുണ്ട്.
ഇതേ കാലയളവിലെ കണക്കുകള്‍ പ്രകാരം 108.75 മില്യണ്‍ ടണ്‍ ഗോതമ്പാണ് ഇന്ത്യ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഗോതമ്പ് ഏറ്റവുമധികം കൃഷി ചെയ്യുന്നത്. നിലവില്‍ കയറ്റുമതിയ്ക്കുള്ള കൂടുതല്‍ സാധ്യതകള്‍ തുറക്കുകയാണെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഗോതമ്പിന് ഈടാക്കുന്ന വില അല്‍പം കൂടുതലാണ്. ഇത് കയറ്റുമതിയെ സാരമായി ബാധിക്കുമോ എന്ന് ഇപ്പോഴത്തെ അവസ്ഥയില്‍ പറയാനാകില്ല. വിലയെ പറ്റി കാര്യമായ ചര്‍ച്ചയില്ലാതെ ഇന്ത്യയില്‍ നിന്നും ഗോതമ്പ് വാങ്ങുവാന്‍ ഒട്ടേറെ രാജ്യങ്ങള്‍ മുന്നോട്ട് വരുന്നത് സര്‍ക്കാരിനും കര്‍ഷകര്‍ക്കും ആശ്വാസമാകുകയാണ്.