image

1 July 2022 4:05 AM IST

Stock Market Updates

മാന്ദ്യ ഭീതി ശക്തിയാര്‍ജിക്കുന്നു, വിപണികള്‍ അനിശ്ചിതത്വത്തില്‍

Suresh Varghese

മാന്ദ്യ ഭീതി ശക്തിയാര്‍ജിക്കുന്നു, വിപണികള്‍ അനിശ്ചിതത്വത്തില്‍
X

Summary

ആഗോള വിപണികളിലെ തളര്‍ച്ച കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഇന്ത്യന്‍ വിപണിയെ ബാധിച്ചു. ഇന്നും സ്ഥിതി മെച്ചമല്ല. ഏഷ്യന്‍ വിപണികളിലെല്ലാം ഇന്ന് രാവിലെ കനത്ത നഷ്ടമാണ് രേഖപ്പെടുത്തുന്നത്. അമേരിക്കന്‍ വിപണിയും ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ഏറെക്കുറെ വ്യക്തമായി വരുന്നതാണ് വിപണിയെ പിന്നോട്ടടിക്കുന്നത്. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത ആഭ്യന്തര ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഔട്ട്പുട്ട് വര്‍ദ്ധിച്ചു എന്നതാണ്. റിയല്‍എസ്‌റ്റേറ്റ് മേഖലയെ സംബന്ധിച്ച് ഇത് പോസിറ്റീവാണ്. അമേരിക്കന്‍ വിപണി ഇന്നലെ പുറത്തു വന്ന സ്ഥിതിവിവര […]


ആഗോള വിപണികളിലെ തളര്‍ച്ച കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഇന്ത്യന്‍ വിപണിയെ ബാധിച്ചു. ഇന്നും സ്ഥിതി മെച്ചമല്ല. ഏഷ്യന്‍ വിപണികളിലെല്ലാം ഇന്ന് രാവിലെ കനത്ത നഷ്ടമാണ് രേഖപ്പെടുത്തുന്നത്. അമേരിക്കന്‍ വിപണിയും ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ഏറെക്കുറെ വ്യക്തമായി വരുന്നതാണ് വിപണിയെ പിന്നോട്ടടിക്കുന്നത്. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത ആഭ്യന്തര ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഔട്ട്പുട്ട് വര്‍ദ്ധിച്ചു എന്നതാണ്. റിയല്‍എസ്‌റ്റേറ്റ് മേഖലയെ സംബന്ധിച്ച് ഇത് പോസിറ്റീവാണ്.

അമേരിക്കന്‍ വിപണി
ഇന്നലെ പുറത്തു വന്ന സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച്, അമേരിക്കന്‍ സമ്പദ്ഘടനയില്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ശക്തമായി. ഇനീഷ്യല്‍ ജോബ്‌ലെസ് ക്ലെയിംസ് വര്‍ദ്ധിച്ചു. പണപ്പെരുപ്പം ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്. ഉപഭോക്താക്കളുടെ 'ഡിസ്‌പോസബിള്‍ ഇന്‍കം' കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി മേയ് മാസത്തിലെ ചെലവഴിക്കലിലും കുറവുണ്ടായി. മാന്ദ്യ ഭീതിയില്‍ ജനങ്ങള്‍ ചെലവിടല്‍ കുറച്ചതാകാം ഒരു കാരണം. പണപ്പെരുപ്പം കാരണം വാങ്ങലിന്റെ അളവ് കുറച്ചതും മറ്റൊരു കാരണമാകാം. ഈ രണ്ടു ഘടകങ്ങളും അന്തിമമായി ബാധിക്കുക കമ്പനികളുടെ വരുമാനത്തെയാണ്. ഫലത്തില്‍ ഇത് ഓഹരി വിപണിക്കും തിരിച്ചടിയാണ്. ഈ പശ്ചാത്തലത്തില്‍, ഫെഡിന്റെ ഭാഗത്തു നിന്നും കടുത്ത നിരക്കു വര്‍ദ്ധനയുണ്ടാകും എന്ന ഊഹാപോഹങ്ങള്‍ക്ക് അല്‍പ്പം ശമനമുണ്ടായിട്ടുണ്ട്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "2022 ന്റെ ആദ്യ പകുതിയില്‍ എസ്ആന്‍ഡ്പി 500 21 ശതമാനം വിലിയിടിവാണ് രേഖപ്പെടുത്തിയത്. 1970 നുശേഷമുള്ള ഏറ്റവും മോശമായ സ്ഥിതിയാണിത്. ഈ തളര്‍ച്ച ആഗോള വിപണികളിലെല്ലാം പടര്‍ന്നിട്ടുണ്ട്. എന്നാല്‍, നിഫ്റ്റിയില്‍ വെറും ഒമ്പത് ശതമാനം മാത്രമേ വിലത്തകര്‍ച്ചയുണ്ടായിട്ടുള്ളു. ഇതൊരു വലിയ നേട്ടമാണ്. "

ഏഷ്യന്‍ വിപണികൾ
ഏഷ്യന്‍ വിപണികളെയും അലട്ടുന്നത് സാമ്പത്തിക വളര്‍ച്ചയില്‍ സംഭവിക്കുന്ന ഇടിവാണ്. നിക്ഷേപകര്‍ക്ക് വ്യക്തമായ ഒരു ചിത്രം ലഭിക്കാത്തതാണ് ഈ അനിശ്ചിതത്വത്തിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഉദാഹരണമായി, യൂറോപ്യന്‍ സമ്പദ്ഘടനയില്‍ നിന്ന് ലഭിക്കുന്ന ചിത്രം ഏറെക്കുറെ വ്യത്യസ്തമാണ്. ബ്രിട്ടന്റെ ജിഡിപി വളര്‍ച്ച പാദാടിസ്ഥാനത്തില്‍ 0.8 ശതമാനമാണ്. ഇത് പ്രതീക്ഷിച്ച നിരക്കാണ്. കൂടാതെ, ജര്‍മനിയിലെ പണപ്പെരുപ്പ നിരക്കില്‍ അപ്രതീക്ഷിതമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഫ്രഞ്ച് സമ്പദ്ഘടനയിലെ ചിത്രം വ്യത്യസ്തമാണ്. ഇത്തരത്തില്‍ വ്യത്യസ്തമായ സാമ്പത്തിക സൂചനകള്‍ ലഭിക്കുന്നത് കേന്ദ്ര ബാങ്കുകള്‍ക്ക് യോജിച്ചൊരു തീരുമാനമെടുക്കുന്നതിന് തടസമായി തീരുന്നുണ്ട്. നിക്ഷേപകര്‍ക്കും ഈ സാഹചര്യത്തില്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. വിപണികളിലെ ചാഞ്ചാട്ടം തുടരുന്നതിന്റെ പ്രധാന കാരണം ഇതാണ്.

ഏഷ്യയിലെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തില്‍ വലിയ അളവില്‍ തടസപ്പെട്ടിട്ടുണ്ടെന്ന് ഇന്നു രാവിലെ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ പ്രധാന കാരണം കോവിഡ് നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകളാണ്. യൂറോപ്യന്‍-അമേരിക്കന്‍ സമ്പദ്ഘടനകളിലെ മാന്ദ്യ ഭീതിയും ഉത്പാദനം കുറയ്ക്കുവാന്‍ ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചു. ഏഷ്യന്‍ വിപണികളില്‍ ക്രൂഡോയില്‍ വില രാവിലെ താഴ്ച്ചയിലാണ്. ഇത് ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. രൂപ ഇന്നലെ അഞ്ചു പൈസ നേട്ടത്തില്‍ 78.98 ല്‍ ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റയനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,138 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,378 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. 2022 ല്‍ ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നു പിന്‍വലിച്ചത് 2.1 ലക്ഷം കോടി രൂപയാണ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,665 രൂപ (ജൂലൈ 01)
ഒരു ഡോളറിന് 78.90 രൂപ (ജൂലൈ 01)
ബ്രെന്റ് ക്രൂഡ് ബാരലിന് 109.16 ഡോളര്‍ (8.35 am)
ഒരു ബിറ്റ് കോയിന്റെ വില 16,90,000 രൂപ (8.35 am)