image

13 July 2022 10:22 AM IST

Stock Market Updates

മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി

MyFin Bureau

മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി
X

Summary

മുംബൈ: മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. ആദ്യ ഘട്ട വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താനാകാതിരുന്ന വിപണി അസ്ഥിരതകള്‍ക്കൊടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 372.46 പോയിന്റ് താഴ്ന്ന് 53,514.15 ലും, നിഫ്റ്റി 91.65 പോയിന്റിടിഞ്ഞ് 15,966.65 ലും വ്യാപാരം അവസാനിപ്പിച്ചു. ഡിവിസ് ലാബ്, ജെ എസ് ഡബ്ലിയു, എച് യു എൽ, സിപ്ല, ഏഷ്യൻ പെയിന്റ്സ്, ഗ്രാസിം എന്നിവരാണ് പ്രധാനമായും നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് […]


മുംബൈ: മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. ആദ്യ ഘട്ട വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താനാകാതിരുന്ന വിപണി അസ്ഥിരതകള്‍ക്കൊടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 372.46 പോയിന്റ് താഴ്ന്ന് 53,514.15 ലും, നിഫ്റ്റി 91.65 പോയിന്റിടിഞ്ഞ് 15,966.65 ലും വ്യാപാരം അവസാനിപ്പിച്ചു.
ഡിവിസ് ലാബ്, ജെ എസ് ഡബ്ലിയു, എച് യു എൽ, സിപ്ല, ഏഷ്യൻ പെയിന്റ്സ്, ഗ്രാസിം എന്നിവരാണ് പ്രധാനമായും നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

രാവിലെ 11.42 ഓടെ നേട്ടം കുറയുന്ന കാഴ്ചയാണ് കാണുന്നത്. സെന്‍സെക്‌സ് 92.35 പോയിന്റ് ഉയര്‍ന്ന് 53,978.96 ലേക്കും, നിഫ്റ്റി 32.40 പോയിന്റ് ഉയര്‍ന്ന് 16,090.70 ലേക്കും എത്തി.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "2022 മാര്‍ച്ചിനു ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറില്‍ താഴേക്ക് എത്തിയതാണ് ഇന്ത്യയുടെ സാമ്പത്തികവും, വിപണി പരവുമായ വീക്ഷണത്തിലുള്ള പ്രധാന സംഭവ വികാസം. ബുള്ളുകള്‍ ഈ ശുഭ വാര്‍ത്തയോട് ചേര്‍ന്നു നീങ്ങാന്‍ സാധ്യതയുണ്ട്. പക്ഷേ, വിദേശ നിക്ഷേ സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പനക്കാരായത് വിപണിക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.
യുഎസ് വിപണിയുടെ ദിശ നിശ്ചയിക്കുന്നത്, ഇന്ന് പുറത്തു വരാനിരിക്കുന്ന ജൂണിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളാണ്. വാര്‍ഷികാടിസ്ഥാനത്തില്‍, ജൂണിലെ സിപിഐ 8.8 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. പുറത്തു വരുന്ന കണക്കുകളും, സൂചനകളും പ്രതീക്ഷയ്ക്ക് താഴെയാണെങ്കില്‍ വിപണികള്‍ തിരിച്ചു വരവ് നടത്തും. എന്നാല്‍, പ്രതീക്ഷയ്ക്ക് മുകളിലാണ് കണക്കുകളെങ്കില്‍ ആഗോള തലത്തില്‍ വിപണികളിൽ തകർച്ച സംഭവിക്കും. അതുകൊണ്ട് യുഎസ് പണപ്പെരുപ്പ കണക്കുകള്‍ ശ്രദ്ധിക്കാം."

"വിപണിയിലെ ഇപ്പോഴത്തെ പ്രധാന ഹ്രസ്വകാല ട്രെന്‍ഡ് ഐടി ഓഹരികള്‍ ദുര്‍ബലമാകുന്നതും, ബാങ്കിംഗ് ഓഹരികള്‍ ശക്തിയാര്‍ജിക്കുന്നതുമാണ്. ഐടി മേഖലയിലെ ലാഭ സമ്മര്‍ദ്ദവും, യുഎസിൽ മാന്ദ്യം സംഭവിച്ചേക്കാമെന്നുമുള്ള ഭയവുമാണ് ഐടി വ്യവസായത്തെ ദുര്‍ബലമാക്കുന്നത്. ബാങ്കിംഗ് മേഖലയുടെ ശക്തമായ അടിത്തറയും, മെച്ചപ്പെട്ട വായ്പ വളര്‍ച്ചയുമാണ് ഈ മേഖലയെ ആകർഷകമാക്കുന്നത്," വിജയകുമാര്‍ കൂട്ടിച്ചേർത്തു.

ഏഷ്യന്‍ വിപണികളായ നിക്കെ, തായ്‌വാൻ എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണി ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

uഇന്നലെ പുറത്തുവന്ന റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ജൂണില്‍ നേരിയ കുറവോടെ 7.01 ശതമാനമാണ്. ഇത് ആറാം മാസവും കേന്ദ്ര ബാങ്കിന്റെ സഹന പരിധിക്ക് മുകളിലാണ്. ഭാവിയില്‍ കൂടുതല്‍ നിരക്കു വര്‍ദ്ധനവുണ്ടാകുമെന്നാണ് ഇത് നല്‍കുന്ന സൂചന.

സെന്‍സെക്‌സ് 508.62 പോയിന്റ് താഴ്ന്ന് 53,886.61 ലും, നിഫ്റ്റി 157.70 പോയിന്റ് നഷ്ടത്തില്‍ 16,058.30 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വലി ബാരലിന് 0.27 ശതമാനം ഉയര്‍ന്ന് 99.75 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,565.68 കോടി രൂപയുടെ അറ്റ വില്‍പ്പനക്കാരായിരുന്നു.