15 Aug 2022 6:45 AM IST
വായ്പ ബാധ്യതയില്‍ നിന്ന് പിന്‍മാറാം, 'കൂളിംഗ് ഓഫ് ടൈം' നിര്‍ദേശിച്ച് കേന്ദ്ര ബാങ്ക്
MyFin Desk
Summary
ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത ഒട്ടേറെ പേര്‍ക്ക് റിക്കവറി സംബന്ധിച്ച നടപടികള്‍ കീറാമുട്ടിയായിട്ടുണ്ട്. പണം വാങ്ങാന്‍ എന്ന മട്ടില്‍ 'ഗുണ്ടായിസം' കാട്ടിയിരുന്ന റിക്കവറി ഏജന്റുമാരുടെ 'പണി' ഇനി നടപ്പില്ല. അതിന് വിലങ്ങിടുന്നതാണ് ആര്‍ബിഐ യുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിയോഗിച്ച ആറംഗ സമിതിയുടെ ശുപാര്‍ശകളും ആര്‍ബിഐ ഏതാനും ദിവസം മുന്‍പ് അംഗീകരിച്ചിട്ടുണ്ട്. വായ്പാ റിക്കവറി സംബന്ധിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍: രാവിലെ 8 നു മുന്‍പും വൈകീട്ട് ഏഴിനു […]
ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത ഒട്ടേറെ പേര്‍ക്ക് റിക്കവറി സംബന്ധിച്ച നടപടികള്‍ കീറാമുട്ടിയായിട്ടുണ്ട്. പണം വാങ്ങാന്‍ എന്ന മട്ടില്‍ 'ഗുണ്ടായിസം' കാട്ടിയിരുന്ന റിക്കവറി ഏജന്റുമാരുടെ 'പണി' ഇനി നടപ്പില്ല. അതിന് വിലങ്ങിടുന്നതാണ് ആര്‍ബിഐ യുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിയോഗിച്ച ആറംഗ സമിതിയുടെ ശുപാര്‍ശകളും ആര്‍ബിഐ ഏതാനും ദിവസം മുന്‍പ് അംഗീകരിച്ചിട്ടുണ്ട്.
വായ്പാ റിക്കവറി സംബന്ധിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍: രാവിലെ 8 നു മുന്‍പും വൈകീട്ട് ഏഴിനു ശേഷവും വായ്പയെടുത്തയാളെ വിളിച്ച് ശല്യപ്പെടുത്താരുത്. അനുയോജ്യമല്ലാത്ത സന്ദേശങ്ങള്‍ അയക്കരുത്. തിരിച്ചടവ് മുടങ്ങിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ കൊടുക്കരുത്. റിക്കവറി ഏജന്‍സികള്‍ സ്വീകരിക്കുന്ന എല്ലാ നടപടികളുടെയും ഉത്തരവാദിത്തം വായ്പാ ദാതാവായ ധനകാര്യ സ്ഥാപനത്തിനായിരിക്കും.
റിക്കവറി ഏജന്റുമാര്‍ വായ്പയെടുത്തവരെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഭീഷണിപ്പെടുത്താനോ ശല്യം ചെയ്യാനോ പാടില്ല. പൊതു സമൂഹത്തില്‍ അപമാനിക്കരുത്. പുതിയ ഉത്തരവ് എല്ലാ ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനസ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും ആര്‍ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്.
ഡിജിറ്റല്‍ വായ്പ 'കെണിയാകില്ല'
ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിയോഗിച്ച ആറംഗ സമിതിയുടെ ശുപാര്‍ശകള്‍ ഏതാനും ദിവസം മുന്‍പ് അംഗീകരിച്ചിരുന്നു. ഉപഭോക്താവിന്റെ ഫോണിലെ ഡാറ്റയുടെ സ്വകാര്യത മുതല്‍ വായ്പ എടുത്തവര്‍ക്ക് അതില്‍ നിന്നും പിന്മാറാനുള്ള 'കൂളിംഗ് ഓഫ് ടൈം' വരെ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നുണ്ടായിരുന്നു. വ്യത്യസ്ത മേഖലകളില്‍ നിന്നുയര്‍ന്ന ആവശ്യങ്ങള്‍ പരിഗണിച്ചും ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കുന്നതെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.
ശുപാര്‍ശകള്‍ നിയമമായി മാറുന്നതോടെ രാജ്യത്തെ ഡിജിറ്റല്‍ വായ്പാ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ വലിയൊരളവില്‍ കുറയുകയും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ ആര്‍ബിഐയ്ക്കുള്ള നിയന്ത്രണം ശക്തമാകുകയും ചെയ്യും. ആര്‍ബിഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കോ, മറ്റേതെങ്കിലും നിയമപ്രകാരം വായ്പകള്‍ നല്‍കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ക്കോ, മാത്രമേ വായ്പ ബിസിനസ് നടത്താന്‍ കഴിയൂ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മാനദണ്ഡങ്ങളെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് ഗ്രൂപ്പുകളായിട്ടാണ് ഡിജിറ്റല്‍ വായ്പാ ദാതാക്കളെ തിരിച്ചിരിക്കുന്നത്. ആര്‍ബിഐ നിയന്ത്രിക്കുന്നതും വായ്പാ ബിസിനസ്സ് നടത്താന്‍ അനുവാദമുള്ളതുമായ സ്ഥാപനങ്ങള്‍, ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ പെടുന്നില്ലെങ്കിലും മറ്റ് നിയമാനുസൃത വ്യവസ്ഥകള്‍ പ്രകാരം വായ്പ നല്‍കാന്‍ അധികാരമുള്ള സ്ഥാപനങ്ങള്‍, ഏതെങ്കിലും നിയമപരമായ വ്യവസ്ഥകളുടെ പരിധിക്ക് പുറത്ത് വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് ആ വേര്‍തിരിവ്.
പഠിക്കാം & സമ്പാദിക്കാം
Home
