image

2 Sept 2022 5:15 AM IST

Stock Market Updates

വിട്ടുകൊടുക്കാതെ ആഭ്യന്തര വിപണി; ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടം

MyFin Bureau

വിട്ടുകൊടുക്കാതെ ആഭ്യന്തര വിപണി; ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടം
X

Summary

മുംബൈ: ആഗോള വിപണികളില്‍ തുടരുന്ന സമ്മിശ്ര പ്രതികരണങ്ങളെ തുടര്‍ന്ന് ഇന്നലെ നഷ്ടത്തിലവസാനിച്ച ആഭ്യന്തര വിപണി ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ തിരിച്ചുവരാൻ ഒരു ശ്രമം നടത്തുന്നുണ്ട്. ബിഎസ്ഇ സെന്‍സെക്സ് 342.07 പോയിന്റ് ഉയര്‍ന്ന് 59,108.66 ല്‍ എത്തിയെങ്കിലും 10.30-ഓടെ 37 പോയിന്റ് താഴ്ന്നു. അതുപോലെ, എന്‍എസ്ഇ നിഫ്റ്റിയും 101.05 പോയിന്റ് ഉയര്‍ന്ന് 17,643.85 ലെത്തിയെങ്കിലും ഇപ്പോൾ 12.65 പോയിന്റ് താഴ്ചയിലാണ്.. എന്‍ടിപിസി, ഐടിസി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് […]


മുംബൈ: ആഗോള വിപണികളില്‍ തുടരുന്ന സമ്മിശ്ര പ്രതികരണങ്ങളെ തുടര്‍ന്ന് ഇന്നലെ നഷ്ടത്തിലവസാനിച്ച ആഭ്യന്തര വിപണി ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ തിരിച്ചുവരാൻ ഒരു ശ്രമം നടത്തുന്നുണ്ട്.

ബിഎസ്ഇ സെന്‍സെക്സ് 342.07 പോയിന്റ് ഉയര്‍ന്ന് 59,108.66 ല്‍ എത്തിയെങ്കിലും 10.30-ഓടെ 37 പോയിന്റ് താഴ്ന്നു.

അതുപോലെ, എന്‍എസ്ഇ നിഫ്റ്റിയും 101.05 പോയിന്റ് ഉയര്‍ന്ന് 17,643.85 ലെത്തിയെങ്കിലും ഇപ്പോൾ 12.65 പോയിന്റ് താഴ്ചയിലാണ്..

എന്‍ടിപിസി, ഐടിസി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ ആദ്യ ഘട്ടവ്യാപാരത്തില്‍ നേട്ടത്തോടെയാണ് മുന്നേറുന്നത്. എന്നാല്‍
ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവ വിപണിയില്‍ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്.

വ്യാഴാഴ്ച്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 770.48 പോയിന്റ് അഥവാ 1.29 ശതമാനം ഇടിഞ്ഞ് 58,766.59 എന്ന നിലയിലെത്തി. നിഫ്റ്റി 216.50 പോയിന്റ് അഥവാ 1.22 ശതമാനം ഇടിഞ്ഞ് 17,542.80 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

'ഏഷ്യന്‍ വിപണികളുടെ സമ്മിശ്ര സൂചനകള്‍ക്കിടയില്‍ ആഭ്യന്തര സൂചികകള്‍ വെള്ളിയാഴ്ച ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ആഗോള സൂചകങ്ങള്‍ മെച്ചപ്പെടുകയാണെങ്കില്‍ നിഫ്റ്റിക്ക് മികച്ച നിലയില്‍ ഉയരാന്‍ നല്ല അവസരമുണ്ട്,' മേത്ത ഇക്വിറ്റീസിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ പറഞ്ഞു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: വിപണി ഉയര്‍ന്ന ചാഞ്ചാട്ട ഘട്ടത്തിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയുടെ സമീപകാല പ്രതിരോധത്തിന് പ്രധാന കാരണം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ അധികമായി വാങ്ങിയതാണ്. എന്നാല്‍ ഈ ബുള്ളിഷ്‌നെസ് സമീപകാലത്ത് അവസാനിച്ചതായി തോന്നുന്നു. ഇന്നലെ വിദേശ നിക്ഷേപകരുടെ വില്‍പ്പന 2290 കോടി രൂപയായിരുന്നു. കൂടാതെ എഫ്‌ഐഐകള്‍ ഡെറിവേറ്റീവുകളില്‍ അവരുടെ ഷോര്‍ട്ട് പൊസിഷനുകള്‍ വര്‍ധിപ്പിക്കുന്നു. ഇന്നലെ ഡോളര്‍ സൂചിക 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 109.6 ശതമാനം എത്തിയത് യുക്തിസഹമായ പ്രതികരണമാണ്. ഇതും, യുഎസ് 10 വര്‍ഷത്തെ ബോണ്ട് യീല്‍ഡ് റേസിംഗ് 3.26 ശതമാനമാകുന്നതും ഓഹരി വിപണിക്ക് പ്രതികൂലമാണ്. അതിനാല്‍ നിക്ഷേപകര്‍ സമീപകാലത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്.

"ഇന്ന് പുറത്തുവരാനിരിക്കുന്ന യുഎസ് തൊഴില്‍ കണക്കുകളും, സെപ്റ്റംബര്‍ 13 ന് പ്രതീക്ഷിക്കുന്ന സിപിഐ കണക്കുകളും, അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തിയെക്കുറിച്ചും ഈ മാസാവസാനം വരാനിരിക്കുന്ന യുഎസ് ഫെഡിന്റെ നിരക്ക് തീരുമാനത്തെക്കുറിച്ചുമുള്ള സൂചന നല്‍കും. ആരോഗ്യകരവും മെച്ചപ്പെടുന്നതുമായ അടിസ്ഥാന ഘടകങ്ങളുടെ പിന്തുണയോടെ ശക്തമായ പ്രതിരോധശേഷി കാണിക്കുന്ന ഓട്ടോ മേഖല പോലുള്ളവയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം", അദ്ദേഹം തുടർന്നു.

രാവിലെ, സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -26 പോയിന്റ് കുറഞ്ഞു 17,484.00 ലാണ് വ്യാപാരം നടക്കുന്നത്.

ഏഷ്യയിലെ മറ്റ് ഓഹരി വിപണികളായ ഹാങ്ങ് സെങ്, തായ്വാൻ എന്നിവ താഴ്ന്ന വ്യാപാരത്തിലാണ്.

നിക്കെ, കോസ്‌പി, ഷാങ്ഹായ് എന്നീ സൂചികകൾ നേരിയ തോതിൽ വര്ധിച്ചാണ് കാണുന്നത്.

നസ്‌ഡേക് ഇന്നലെ 31.07 പോയിന്റ് ഇടിഞ്ഞു.

യൂറോപ്യൻ വിപണികളെല്ലാം ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്.

ബ്രെന്റ് ക്രൂഡ് ബാരലിന് 1.87 ശതമാനം ഉയര്‍ന്ന് 94.09 ഡോളറിലെത്തി.

വ്യാഴാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 2,290.31 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.