image

22 Sep 2022 10:26 PM GMT

Stock Market Updates

ആശങ്കകള്‍ ഒഴിയുന്നില്ല, വിപണികളിലെ തകര്‍ച്ച തുടരുന്നു

Suresh Varghese

ആശങ്കകള്‍ ഒഴിയുന്നില്ല, വിപണികളിലെ തകര്‍ച്ച തുടരുന്നു
X

Summary

യുഎസ് ഫെഡിന്റെ നിരക്കുയര്‍ത്തലിനെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ വിപണിയില്‍ അവസാനിക്കുന്നില്ല. വരും മാസങ്ങളില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്ന ജെറോം പവലിന്റെ പ്രസ്താവനയുടെ പ്രതിഫലനമായി ഇന്നും ഏഷ്യന്‍ വിപണികള്‍ തകര്‍ച്ചയിലാണ്. ക്രൂഡ് ഓയില്‍ വില ഏഷ്യയില്‍ മാറ്റമില്ലാതെ തുടരുന്നു. അമേരിക്കന്‍ വിപണി അമേരിക്കന്‍ വിപണി ഇന്നു വെളുപ്പിനെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ അവിടെ പുറത്തുവന്ന തുടര്‍ച്ചയായ തൊഴിലില്ലായ്മ വേതനത്തിനുള്ള അപേക്ഷകളിലും, ആദ്യമായുള്ള അപേക്ഷകളിലും കാര്യമായ കുറവുണ്ട്. ഇത് സമ്പദ് രംഗം മികച്ച നിലയില്‍ വളരുന്നുവെന്നതിന്റെ സൂചനയാണ്. എന്നാല്‍ വിപണികളെ സംബന്ധിച്ചിടത്തോളം […]


യുഎസ് ഫെഡിന്റെ നിരക്കുയര്‍ത്തലിനെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ വിപണിയില്‍ അവസാനിക്കുന്നില്ല. വരും മാസങ്ങളില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്ന ജെറോം പവലിന്റെ പ്രസ്താവനയുടെ പ്രതിഫലനമായി ഇന്നും ഏഷ്യന്‍ വിപണികള്‍ തകര്‍ച്ചയിലാണ്. ക്രൂഡ് ഓയില്‍ വില ഏഷ്യയില്‍ മാറ്റമില്ലാതെ തുടരുന്നു.

അമേരിക്കന്‍ വിപണി

അമേരിക്കന്‍ വിപണി ഇന്നു വെളുപ്പിനെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ അവിടെ പുറത്തുവന്ന തുടര്‍ച്ചയായ തൊഴിലില്ലായ്മ വേതനത്തിനുള്ള അപേക്ഷകളിലും, ആദ്യമായുള്ള അപേക്ഷകളിലും കാര്യമായ കുറവുണ്ട്. ഇത് സമ്പദ് രംഗം മികച്ച നിലയില്‍ വളരുന്നുവെന്നതിന്റെ സൂചനയാണ്. എന്നാല്‍ വിപണികളെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത അല്‍പ്പം നെഗറ്റീവാണ്. അനുകൂലമായ സാമ്പത്തിക വളര്‍ച്ച നിലനില്‍ക്കുമ്പോള്‍ ഫെഡിന് അതിന്റെ നിരക്കുവര്‍ധനയുമായി മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് വിപണി മനസ്സിലാക്കുന്നു. അതിനാല്‍ ഓഹരി വിപണികളിലെല്ലാം മാന്ദ്യം തുടരുകയാണ്. ഏഷ്യന്‍ വിപണികളില്‍ നിന്നും വിദേശമൂലധനം ഡോളറിലേയ്ക്ക് പ്രവഹിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഡോളര്‍ ഇന്‍ഡെക്‌സില്‍ വന്‍ കുതിപ്പ് അനുഭവപ്പെടുന്നത്. തല്‍ഫലമായി രൂപയുള്‍പ്പടെയുള്ള വളരുന്ന വിപണികളിലെ കറന്‍സികള്‍ സര്‍വ്വകാല തകര്‍ച്ചയെ നേരിടുന്നു. രൂപ ഇന്നലെ 80.87 വരെ ചെന്നെത്തിയിരുന്നു.

ക്രൂഡ് ഓയില്‍

ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണികളില്‍ താഴുകയാണ്. റഷ്യന്‍-യുക്രെയ്ന്‍ സംഘര്‍ഷം ചൂടുപിടിക്കുന്നതിന് ഇടയില്‍ എണ്ണവില നേരിയ തോതില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച കുറയുമെന്ന യാഥാര്‍ത്ഥ്യം എണ്ണയുടെ ഡിമാന്റിനെ തടയിടുന്നുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഇന്നലെ 50 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തിയിരുന്നു. ലോകമെമ്പാടും കേന്ദ്ര ബാങ്കുകള്‍ നിരക്കുവര്‍ധനയിലേയ്ക്ക് പോകുമ്പോള്‍ സാമ്പത്തിക വളര്‍ച്ച കുറയുന്നത് സ്വാഭാവികമാണ്. ഈ സാഹചര്യത്തില്‍ എണ്ണ വിപണിയില്‍ അനിശ്ചിതത്വം തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചഴ്‌സ് ബാരലിന് രാവിലെ 8.30 ന് 90 ഡോളറിനടുത്താണ്.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,510 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 263 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിദേശ നിക്ഷേപകരുടെ വിപണിയില്‍ നിന്നുള്ള പിന്മാറ്റം വരും ദിവസങ്ങളില്‍ വര്‍ധിക്കാനാണിട. ഇത് ഓഹരി വിപണിയ്ക്ക് തിരിച്ചടിയാകും. ലോകമെമ്പാടും ഓഹരികള്‍ക്കും, ട്രഷറി ബില്ലുകള്‍ക്കും, ബോണ്ടുകള്‍ക്കും, സ്വര്‍ണത്തിനും ആകര്‍ഷണീയത കുറയുകയാണ്. യുഎസ് ഡോളറിനാണ് മാറ്റ് കൂടുന്നത്. പത്ത് വര്‍ഷക്കാലാവധിയുള്ള യുഎസ് ട്രഷറി ബില്ലുകളുടെ യീല്‍ഡ് ഇന്നലെ 3.71 ശതമാനമാണ്. ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കാണ്. ബോണ്ടുകളുടെ ഡിമാന്റ് കുറയുമ്പോഴാണ് അവയുടെ യീല്‍ഡ് വര്‍ധിക്കുന്നത്.

ആഭ്യന്തര വിപണി

ആഭ്യന്തര വിപണിയില്‍ ഇന്ന് ബാങ്ക് വായ്പാ-നിക്ഷേപ കണക്കുകള്‍ പുറത്ത് വരും. കൂടാതെ വിദേശ നാണ്യശേഖരത്തിന്റെ വിവരങ്ങളും ലഭ്യമാകും. രൂപ റെക്കോര്‍ഡ് തകര്‍ച്ചയെ നേരിടുന്ന സമയത്ത് വിദേശ നാണ്യശേഖരം എത്രയാണെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വായ്പാ-നിക്ഷേപ കണക്കുകള്‍ ബാങ്കിംഗ്, ധനകാര്യ ഓഹരികളുടെ പ്രകടനത്തില്‍ പ്രതിഫലിക്കും.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,570 രൂപ (സെപ്റ്റംബര്‍ 23)
ഒരു ഡോളറിന് 80.28 രൂപ (സെപ്റ്റംബര്‍ 23)
ബ്രെന്റ് ക്രൂഡ് ബാരലിന് 90.12 ഡോളര്‍ (സെപ്റ്റംബര്‍ 23, 8.34 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 16,25,600 രൂപ (സെപ്റ്റംബര്‍ 23, 8.35 am, വസീര്‍എക്‌സ്)