image

21 Aug 2024 12:31 PM IST

Technology

കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ ആഗസ്റ്റ് 23 ന് കൊച്ചിയില്‍

MyFin Desk

robotics round table on 23rd in kochi
X

സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പിനു കീഴിലുള്ള കെഎസ്‌ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ ഏകദിനസമ്മേളനം ആഗസ്റ്റ് 23ന് കൊച്ചിയില്‍ നടക്കും. കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുന്ന സമ്മേളനം വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്‌ഐഡിസി എംഡിയുമായ എസ് ഹരികിഷോര്‍, കെഎസ്‌ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്റണി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. റോബോട്ടിക്‌സ് സാങ്കേതികമേഖലയില്‍ കേരളത്തില്‍ നിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് പത്തോളം ആഗോളവിദഗ്ധര്‍ റൗണ്ട് ടേബിളില്‍ സംസാരിക്കും.

അര്‍മാഡ എഐ യുടെ വൈസ്പ്രസിഡന്റ് പ്രാഗ് മിശ്ര, ഇന്‍ഡസ്ട്രിയല്‍ എഐ അക്‌സഞ്ചര്‍ എം ഡി ഡെറിക് ജോസ്, സ്റ്റാര്‍ട്ടപ്പ് മെന്ററും ഇംപാക്ട് ഇനോവേറ്ററുമായ റോബിന്‍ ടോമി എന്നിവര്‍ പ്രഭാഷണം നടത്തും. ഭാവിയിലെ നൂതനത്വവും സര്‍ക്കാര്‍ വ്യവസായ കൂട്ടായ്മയിലൂടെയുള്ള വാണിജ്യ വളര്‍ച്ചയും എന്ന വിഷയത്തില്‍ കേരള ടെക്‌നിക്കല്‍ സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയുടെ വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഇന്‍കെര്‍ റോബോട്ടിക്‌സ് സിഇഒ രാഹുല്‍ ബാലചന്ദ്രന്‍, ഐറ സിഇഒ പല്ലവ് ബജൂരി, കുസാറ്റ് പ്രൊഫ. എം വി ജൂഡി തുടങ്ങിയവര്‍ സംസാരിക്കും.

കേരളത്തിലെ റോബോട്ടിക്‌സ് സാങ്കേതികവിദ്യയിലെ മുന്‍നിരക്കാരായ ജെന്‍ റോബോട്ടിക്‌സ് സഹസ്ഥാപകന്‍ നിഖില്‍ എന്‍ പി, അസിമോവ് റോബോട്ടിക്‌സ് സിഇഒ ജയകൃഷ്ണന്‍ ടി, ഗ്രിഡ്‌ബോട്ട് ടെക്‌നോളജീസ് സിടിഒ പുള്‍കിത് ഗൗര്‍, ഐറോവ് സഹസ്ഥാപകന്‍ ജോണ്‍സ് ടി മത്തായി തുടങ്ങിയവര്‍ തങ്ങളുടെ അനുഭവം പങ്ക് വയ്ക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക മോഡറേറ്ററാകും.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. നാനൂറിലധികം പ്രതിനിധികള്‍, 35 എക്‌സിബിഷനുകള്‍, അക്കാദമിക-വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുടെ പ്രാതിനിധ്യം തുടങ്ങിയവ റോബോട്ടിക്‌സ് റൗണ്ട് ടേബിളിലുണ്ടാകും. 195 സ്റ്റാര്‍ട്ടപ്പുകളും റൗണ്ട് ടേബിളില്‍ പങ്കെടുക്കും. നൂതന റോബോട്ടിക്‌സ് കണ്ടുപിടിത്തങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. രാവിലെ 9.30ന് പ്രദര്‍ശനം തുടങ്ങും. 32 സ്റ്റാളുകളാണുള്ളത്.