image

31 March 2026 8:02 PM IST

Technology

ഇന്ത്യയിൽ 5ജി വിപ്ലവം; ഡാറ്റാ ഉപയോഗത്തിൽ റെക്കോർഡ് വർധനവ്, ശരാശരി 31 ജിബി കടന്നു

MyFin Desk

indias telecom sector is under scrutiny
X

Summary

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പുകള്‍, 4കെ വീഡിയോ സ്ട്രീമിംഗ്, ക്ലൗഡ് ഗെയിമിംഗ് എന്നിവയുടെ വ്യാപനമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായത്. രാജ്യത്തെ മൊത്തം ഡാറ്റാ ട്രാഫിക്കിന്റെ 47 ശതമാനവും ഇപ്പോള്‍ 5ജി വഴിയാണ് നടക്കുന്നത്


ഇന്ത്യക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ കുതിച്ചുചാട്ടമെന്ന് ടെലികോം ഭീമന്മാരായ നോക്കിയയുടെ വാര്‍ഷിക മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇന്‍ഡക്‌സ്. 2025ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഒരു ശരാശരി ഉപയോക്താവിന്റെ പ്രതിമാസ ഡാറ്റാ ഉപഭോഗം 31 ജിബി കടന്നിരിക്കുകയാണ്. 2024-ല്‍ ഇത് 27.5 ജിബിയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 18 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പുകള്‍, 4കെ വീഡിയോ സ്ട്രീമിംഗ്, ക്ലൗഡ് ഗെയിമിംഗ് എന്നിവയുടെ വ്യാപനമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായത്.

രാജ്യത്തെ മൊത്തം ഡാറ്റാ ട്രാഫിക്കിന്റെ 47 ശതമാനവും ഇപ്പോള്‍ 5ജി വഴിയാണ് നടക്കുന്നത്. 5ജി ഡാറ്റാ ട്രാഫിക്കില്‍ മാത്രം ഒരു വര്‍ഷത്തിനിടെ 70 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണുണ്ടായത്. ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി വരിക്കാരുടെ അടിത്തറയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മെട്രോ നഗരങ്ങളിലാണ് 5ജിസ്വാധീനം ഏറ്റവും കൂടുതല്‍; ഇവിടെ മൊത്തം ഡാറ്റാ ട്രാഫിക്കിന്റെ 58 ശതമാനവും ഈ പുതിയ സാങ്കേതികവിദ്യയാണ് കൈകാര്യം ചെയ്യുന്നത്.

വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് നല്‍കുന്ന ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് സംവിധാനമാണ് ഈ വളര്‍ച്ചയ്ക്ക് മറ്റൊരു കരുത്തായത്. മൊത്തം 5ജി ഡാറ്റയുടെ 25 ശതമാനവും FWA വഴിയാണ് ഉപയോഗിക്കപ്പെടുന്നത്. നിലവില്‍ ഇന്ത്യയിലുള്ള 892 ദശലക്ഷം സജീവ 4ജി ഉപകരണങ്ങളില്‍ 383 ദശലക്ഷത്തിലധികം ഫോണുകള്‍ ഇതിനകം 5ജി സൗകര്യമുള്ളവയാണ്. 100 ഡോളറില്‍ താഴെ വിലയുള്ള ബജറ്റ് 5ജി ഫോണുകളുടെ വരവ് സാധാരണക്കാരിലേക്കും ഈ സാങ്കേതികവിദ്യ എത്താന്‍ സഹായിച്ചു.

ഭാവിയില്‍ ഇന്ത്യന്‍ ഡിജിറ്റല്‍ ലോകം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് നോക്കിയയുടെ പ്രവചനം. 2031 ആകുമ്പോഴേക്കും ഇന്ത്യയിലെ 5ജി വരിക്കാരുടെ എണ്ണം 100 കോടി കവിയുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും ഭാവിയിലെ നൂതന സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ഇന്ത്യന്‍ ടെലികോം കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് നോക്കിയ ഇന്ത്യ കണ്‍ട്രി മാനേജര്‍ വിഭ മെഹ്റ പറഞ്ഞു.