5 Nov 2026 3:56 PM IST
Summary
ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദേശം; പേയ്മെന്റ് സംവിധാനങ്ങൾ ലക്ഷ്യമിട്ട് മെഷീൻ വേഗതയിൽ സൈബർ ആക്രമണം, വാരാന്ത്യങ്ങളും അവധി ദിവസങ്ങളും ആക്രമണത്തിനായി തിരഞ്ഞെടുക്കുന്നതായി കണ്ടെത്തൽ.
ഇന്ത്യയിലെ ബാങ്കിങ്, ധനകാര്യ സേവന മേഖലകളെ ലക്ഷ്യമിട്ടുള്ള AI അധിഷ്ഠിത സൈബർ ആക്രമണങ്ങൾ ശക്തമാകുന്നതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In). നവംബർ നാലിന് പുറത്തിറക്കിയ ഏറ്റവും പുതിയ നിർണായക സുരക്ഷാ മുന്നറിയിപ്പിൽ 'CRAFTY FALCON' എന്ന് പേരിട്ടിരിക്കുന്ന സൈബർ ഭീഷണി സജീവമാണെന്നും ആക്രമണങ്ങളുടെ തീവ്രത വർധിച്ചുവരികയാണെന്നും ഏജൻസി വ്യക്തമാക്കി. ഒക്ടോബർ ഒമ്പതിന് നൽകിയ മുൻ മുന്നറിയിപ്പിന്റെ തുടർച്ചയായാണ് പുതിയ നിർദേശം. നേരത്തെ സുരക്ഷാ നടപടികൾ സ്വീകരിച്ച സ്ഥാപനങ്ങൾ പോലും വീണ്ടും ആക്രമണത്തിന് ഇരയായതായി റിപ്പോർട്ടുകളുണ്ടെന്നും CERT-In അറിയിച്ചു.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (NBFCs), ഡിജിറ്റൽ വായ്പാ പ്ലാറ്റ്ഫോമുകൾ, ഫിൻടെക് കമ്പനികൾ, പേയ്മെന്റ് അഗ്രഗേറ്ററുകൾ, പേയ്മെന്റ് സേവന ദാതാക്കൾ, ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ, വെർച്വൽ ഡിജിറ്റൽ അസറ്റ് സേവന സ്ഥാപനങ്ങൾ എന്നിവയാണ് പ്രധാനമായും ഭീഷണി നേരിടുന്നത്. സ്ഥാപനങ്ങളുടെ പേയ്മെന്റ്, വായ്പാ വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട API-കൾ ദുരുപയോഗം ചെയ്താണ് ആക്രമണകാരികൾ അനധികൃത പണമിടപാടുകൾ നടത്തുന്നത്. സുരക്ഷാ വീഴ്ചകൾ പൂർണമായി പരിഹരിക്കാത്ത സ്ഥാപനങ്ങളെ വീണ്ടും ലക്ഷ്യമിടുന്നതും ആക്രമണത്തിന്റെ പ്രത്യേകതയാണ്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും സുരക്ഷാ നിരീക്ഷണം കുറയുന്ന സമയങ്ങൾ പ്രയോജനപ്പെടുത്തി ആക്രമണം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
CERT-In-ന്റെ ധനകാര്യ മേഖലയിലെ സൈബർ സുരക്ഷാ വിഭാഗമായ CSIRT-Fin ആണ് ആക്രമണത്തിന് പിന്നിലുള്ള സംഘത്തിന് 'CRAFTY FALCON' എന്ന പേര് നൽകിയത്. മെഷീൻ ഇന്റലിജൻസ് ഉപയോഗിച്ച് ലക്ഷ്യസ്ഥാപനങ്ങളെ നിരീക്ഷിക്കുകയും മനുഷ്യരുടെ ഇടപെടൽ പരമാവധി കുറച്ച് അതിവേഗത്തിൽ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. LLM അടിസ്ഥാനമാക്കിയുള്ള ARTEX, സ്വയം പ്രവർത്തിക്കുന്ന മൾട്ടി-ഏജന്റ് പെനട്രേഷൻ ടെസ്റ്റിങ് സംവിധാനമായ PentAGI, Cairn അറ്റാക്ക് സെർച്ച് എൻജിൻ, CyberStrikeAI ഫ്രെയിംവർക്ക് തുടങ്ങിയ പൊതുവായി ലഭ്യമായ എഐ അധിഷ്ഠിത ടൂളുകൾ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതായി ഏജൻസി ചൂണ്ടിക്കാട്ടുന്നു. ലക്ഷ്യങ്ങളുടെ പ്രതികരണത്തിനനുസരിച്ച് ആക്രമണരീതികൾ മാറ്റാനും നിരവധി കസ്റ്റമൈസ്ഡ് സ്ക്രിപ്റ്റുകൾ അതിവേഗം സൃഷ്ടിക്കാനും ഈ ടൂളുകൾക്ക് സാധിക്കുന്നതാണ് ഭീഷണി വർധിപ്പിക്കുന്നത്.
അതേസമയം, രാജ്യത്തെ ബാങ്കിങ് മേഖലയിലെ സൈബർ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്ന മറ്റൊരു സംഭവമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഉപഭോക്തൃ വിവര ചോർച്ചയും ചർച്ചയാകുന്നുണ്ട്. ഏകദേശം 3,900 ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. മൊബൈൽ നമ്പറുകൾ, വിലാസങ്ങൾ, വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. കൂടാതെ, മുംബൈ ആസ്ഥാനമായുള്ള രണ്ട് ബാങ്കിങ് ഇതര വായ്പാ സ്ഥാപനങ്ങളിൽ അനധികൃത പണമിടപാടുകളിലൂടെ ഏകദേശം രണ്ട് മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ സംഭവങ്ങളെല്ലാം 'CRAFTY FALCON' ആക്രമണവുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഭീഷണി നേരിടാൻ ധനകാര്യ സ്ഥാപനങ്ങൾ 24 മണിക്കൂറും സൈബർ സുരക്ഷാ നിരീക്ഷണം ശക്തമാക്കണമെന്നും അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും അധിക സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും CERT-In നിർദേശിച്ചിട്ടുണ്ട്. പേയ്മെന്റ് API-കൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ക്ലൗഡ് സംവിധാനങ്ങളുടെയും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള സെർവറുകളുടെയും സുരക്ഷ ഉറപ്പാക്കുക, അസാധാരണമായ പണമിടപാടുകൾ നിരീക്ഷിക്കുക, ഇടപാടുകൾക്ക് പരിധി നിശ്ചയിക്കുക തുടങ്ങിയ നടപടികളും പ്രധാനമാണ്. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സംവിധാനങ്ങൾ ഉടൻ വേർതിരിച്ച് സുരക്ഷാ രേഖകൾ സംരക്ഷിക്കുകയും CERT-In-നെ അറിയിക്കുകയും വേണം. എഐ സാങ്കേതികവിദ്യയുടെ വളർച്ച സാമ്പത്തിക സേവനങ്ങൾക്ക് പുതിയ സാധ്യതകൾ തുറക്കുമ്പോൾ, അതേ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ ഇന്ത്യയുടെ ധനകാര്യ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയായി മാറുകയാണെന്നാണ് പുതിയ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
