image

17 Sept 2026 12:37 PM IST

Technology

സാംസങില്‍ എഐ വിപ്ലവം! One UI 9 എത്തി, ഗാലക്‌സിയില്‍ ഇനി പുതിയ കാലം

MyFin Desk

സാംസങില്‍ എഐ വിപ്ലവം! One UI 9 എത്തി,  ഗാലക്‌സിയില്‍ ഇനി പുതിയ കാലം
X

Summary

ഗാലക്‌സി ഉപകരണങ്ങളെ കൂടുതല്‍ വ്യക്തിപരവും സുരക്ഷിതവുമാക്കുന്ന എഐ ഫീച്ചറുകളാണ് പുതിയ അപ്‌ഡേറ്റിന്റെ ഹൈലൈറ്റ്


സാംസങ് ആരാധകര്‍ കാത്തിരുന്ന One UI 9 കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് 17-ല്‍ നിര്‍മ്മിച്ച പുതിയ അപ്ഡേറ്റ് ബുധനാഴ്ച മുതല്‍ ലഭ്യമായിത്തുടങ്ങി. ഗാലക്‌സി എസ് 26, എസ് 26+, എസ് 26 അള്‍ട്രാ എന്നിവയിലാണ് ആദ്യം ഇത് എത്തുക. പുതിയ മടക്കാവുന്ന ഫോണുകളായ ഗാലക്‌സി Z ഫോള്‍ഡ് 8 അള്‍ട്രാ, ഫോള്‍ഡ് 8, ഫ്‌ലിപ് 8 എന്നിവയില്‍ ഇതിനകം ലഭ്യമായിക്കഴിഞ്ഞു. ഗാലക്‌സി ഉപകരണങ്ങളെ കൂടുതല്‍ വ്യക്തിപരവും സുരക്ഷിതവുമാക്കുന്ന എഐ ഫീച്ചറുകളാണ് ഇതിന്റെ ഹൈലൈറ്റ്.

ഇത്തവണത്തെ താരം 'My Fancam' ആണ്. റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വ്യക്തിയെ ഓട്ടോമാറ്റിക് ആയി ട്രാക്ക് ചെയ്ത് ഫ്രെയിമിന്റെ നടുവില്‍ നിര്‍ത്തും, സോഷ്യല്‍ മീഡിയ റീല്‍സ് എഡിറ്റ് ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ വേണ്ട. കൂടാതെ നൗ ബ്രീഫിന് എഡിറ്റ് ചെയ്യാവുന്ന കാര്‍ഡുകള്‍ വന്നു. ആരോഗ്യം, കാലാവസ്ഥ, വീഡിയോ എന്നിവയുടെ ദൈനംദിന സംഗ്രഹം നിങ്ങള്‍ക്ക് ഇഷ്ടം പോലെ മാറ്റാം. ഇവന്റുകള്‍ക്ക് അനുസരിച്ച് ഫോട്ടോ ഐഡിയ നല്‍കുന്ന സംവിധാനവും സംഭാഷണങ്ങള്‍ എളുപ്പമാക്കാനുള്ള ഫീച്ചറും അപ്ഡേറ്റിലുണ്ട്.

ഡോക്യുമെന്റ് സ്‌കാനര്‍ ഇനി വളഞ്ഞ പുസ്തക പേജുകളും മടങ്ങിയ കോണുകളും പോലും കൃത്യമായി സ്‌കാന്‍ ചെയ്യും, വോയ്‌സ് റെക്കോര്‍ഡര്‍ തലക്കെട്ടുകളും ബുള്ളറ്റ് പോയിന്റുകളും ഉള്‍പ്പെടെ സംഗ്രഹങ്ങള്‍ നല്‍കും. സുരക്ഷയിലും വന്‍ മാറ്റങ്ങളുണ്ട് - മാല്‍വെയര്‍, അനാവശ്യ ആപ്പ് അനുമതികള്‍ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സെക്യൂരിറ്റി ബ്രീഫ്, പശ്ചാത്തലത്തില്‍ ഡാറ്റ ചോര്‍ത്തുന്നത് കണ്ടെത്തുന്ന പ്രൈവസി അലേര്‍ട്ട്‌സ്, ഇന്ത്യ അടക്കം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച സ്‌കാം ഡിറ്റെക്ഷന്‍ എന്നിവ പുതിയ പതിപ്പില്‍ എത്തുന്നു.

ഫോണിന്റെ കാര്യം നോക്കാന്‍ ഇനി സര്‍വീസ് സെന്റര്‍ തപ്പി നടക്കേണ്ട. പുതിയ ഫീച്ചര്‍ സെറ്റിംഗ്‌സില്‍ തന്നെ വാറന്റി പരിശോധിക്കാനും റിപ്പയര്‍ എസ്റ്റിമേറ്റ് കാണാനും സാംസഹ് കെയര്‍ പ്ലസ് മാനേജ് ചെയ്യാനും സഹായിക്കും. എസ് 26 സീരീസിന് ശേഷം മറ്റ് ഗാലക്‌സി ഫോണുകളിലേക്കും ഘട്ടം ഘട്ടമായി അപ്ഡേറ്റ് എത്തുമെന്ന് സാംസങ് അറിയിച്ചു.