image

9 March 2026 10:41 AM IST

Technology

AI in future wars : ഭാവിയിലെ യുദ്ധങ്ങളിൽ എഐ നിർണായകം; സ്വയം നിയന്ത്രിത ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങളും പരീക്ഷിക്കുന്നുവെന്ന് പെന്റഗൺ

MyFin Desk

AI in future wars : ഭാവിയിലെ യുദ്ധങ്ങളിൽ എഐ നിർണായകം; സ്വയം നിയന്ത്രിത ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങളും പരീക്ഷിക്കുന്നുവെന്ന് പെന്റഗൺ
X

Summary

ഹൈപ്പർസോണിക് മിസൈൽ ഭീഷണികൾക്ക് 90 സെക്കൻഡിനുള്ളിൽ പ്രതികരണം; ടെക് കമ്പനികളുടെ പിന്തുണ സൈന്യത്തിന് അനിവാര്യമെന്ന് എമിൽ മൈക്കിൾ


ഭാവിയിലെ യുദ്ധങ്ങളിൽ എഐ നിർണായക പങ്ക് വഹിക്കുമെന്ന് പെന്റഗണിന്റെ ചീഫ് ടെക്‌നിക്കൽ ഓഫീസർ എമിൽ മൈക്കിൾ. യുഎസ് സൈന്യം വിവിധ മേഖലകളിൽ എഐ വൻതോതിൽ പരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് സ്വയംനിയന്ത്രിത ഡ്രോൺ കൂട്ടങ്ങൾ, വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്ന മനുഷ്യരഹിത വാഹനങ്ങൾ, ഓട്ടോമേറ്റഡ് പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയ നിരവധി സാങ്കേതികവിദ്യകൾ സൈന്യം പരീക്ഷിക്കുന്നതായി മൈക്കിൾ പറഞ്ഞത്. ലോകത്തിലെ മറ്റു രാജ്യങ്ങളും സൈനിക മേഖലയിലേക്ക് എഐ സംയോജിപ്പിക്കാൻ വലിയ നിക്ഷേപം നടത്തുന്നതിനാൽ ഇത്തരം സംവിധാനങ്ങൾ യുഎസിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂതന മിസൈൽ ഭീഷണികളെ നേരിടാൻ ലക്ഷ്യമിടുന്ന ‘ഗോൾഡൻ ഡോം’ ബഹിരാകാശ പ്രതിരോധ പദ്ധതിയിലും എഐയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈപ്പർസോണിക് മിസൈൽ ആക്രമണം ഉണ്ടായാൽ പ്രതികരിക്കാൻ യുഎസിന് 90 സെക്കൻഡിൽ താഴെ സമയം മാത്രമേ ലഭിക്കൂ. അത്തരമൊരു സാഹചര്യത്തിൽ അതിവേഗ തീരുമാനമെടുക്കാൻ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ നിർണായകമാകുമെന്ന് മൈക്കിൾ പറഞ്ഞു.

ആന്ത്രോപിക്കിന് വിമർശനം

എഐ ടൂൾ ‘ക്ലോഡ്’ ഉപയോഗിക്കുന്നതിന് യുഎസ് സൈന്യത്തിനുള്ള നിയന്ത്രണങ്ങൾ നീക്കാൻ തയ്യാറാകാത്ത ആന്ത്രോപ്പിക്കിനെ മൈക്കിൾ വിമർശിക്കുകയും ചെയ്തു. സ്വയംനിയന്ത്രിത പ്രതിരോധ സംവിധാനങ്ങളെ പിന്തുണയ്ക്കാൻ തയ്യാറുള്ള ടെക് കമ്പനികളെയാണ് സൈന്യത്തിന് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ പ്രതിരോധ വകുപ്പ് ആന്ത്രോപ്പിക്കിന് വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് ഈ പ്രതികരണം. ഭാവിയിലെ പ്രതിരോധ പദ്ധതികൾക്കായി വിശ്വസ്തരായ ടെക്‌നോളജി പങ്കാളികൾ സൈന്യത്തിന് ആവശ്യമാണെന്നും, എഐ സംവിധാനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാങ്കേതിക പുരോഗതിയെ തടസ്സപ്പെടുത്താമെന്നും മൈക്കിൾ കൂട്ടിച്ചേർത്തു.

അതേസമയം, ആന്ത്രോപ്പിക്കിനുള്ള പിന്തുണ തുടരുമെന്ന് ലോകത്തെ പ്രമുഖ ടെക് കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ആന്ത്രോപ്പിക്കിന്റെ എഐ സാങ്കേതികവിദ്യ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത് തുടരുമെന്ന് അറിയിച്ചു.