image

29 Jun 2023 12:26 PM GMT

Technology

പാപ്പരത്തത്തില്‍ നിന്ന് മൂന്ന് ട്രില്യന്‍ ഡോളറിലെത്തിയ ആപ്പിള്‍

Antony Shelin

apple emerges from bankruptcy at $3 trillion
X

Summary

  • ആപ്പിള്‍-1 വളരെ ചെറിയ യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റത്
  • ആപ്പിള്‍-111 അഥവാ ലിസ പുറത്തിറക്കിയെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല
  • ഉത്പന്നങ്ങളുടെ വന്‍ നിരകള്‍ അവതരിപ്പിച്ചു കൊണ്ട് കമ്പ്യൂട്ടിംഗില്‍ വിപ്ലവം തീര്‍ത്തു ആപ്പിള്‍


2023 ജൂണ്‍ 28 ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ഓഹരി റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. കമ്പനിയുടെ വിപണിമൂല്യം 3 ട്രില്യണ്‍ ഡോളറിന് അടുത്തെത്തുകയും ചെയ്തു.

ബുധനാഴ്ച ആപ്പിള്‍ ഓഹരി 0.6 ശതമാനം ഉയര്‍ന്ന് 189.25 ഡോളറിലാണു വ്യാപാരം അവസാനിപ്പിച്ചത്. ട്രേഡിംഗ് അവസാന സമയത്ത് അതിന്റെ വിപണി മൂല്യം 2.98 ട്രില്യന്‍ ഡോളറിലെത്തി.

ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൂന്നു ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറിയിരുന്നു. എന്നാല്‍ പിന്നീട് മൂല്യമിടിഞ്ഞു. ഇപ്പോള്‍ വീണ്ടും മൂന്ന് ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാകാനുള്ള തയാറെടുപ്പിലാണ്.

ഏതാനും കമ്പനികള്‍ ലോകത്ത് മാറ്റം കൊണ്ടുവരുന്നു. അതില്‍ തന്നെ കുറച്ചു കമ്പനികളെങ്കിലും ഒന്നിലധികം തവണ ലോകത്തെ മാറ്റിമറിക്കുകയും ചെയ്യാറുണ്ട്. ആപ്പിള്‍ അത്തരത്തിലൊരു കമ്പനിയാണ്. 47 വര്‍ഷത്തെ ചരിത്രത്തില്‍ ഉത്പന്നങ്ങളുടെ വന്‍ നിരകള്‍ തന്നെ അവതരിപ്പിച്ചു കൊണ്ട് അവര്‍ കമ്പ്യൂട്ടിംഗില്‍ വിപ്ലവം തീര്‍ത്തു, വ്യവസായങ്ങളെ ഇളക്കി മറിച്ചു, ആത്യന്തികമായി സമൂഹത്തെ മാറ്റിമറിച്ചു.

കമ്പനിയുടെ ആദ്യ കമ്പ്യൂട്ടറായ ആപ്പിള്‍-1 വളരെ ചെറിയ യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റത്. വിപണിയില്‍ കമ്പനിക്കു മതിപ്പ് ഉണ്ടാക്കുവാന്‍ പ്രാപ്തമായിരുന്നില്ല അത്. എന്നാല്‍ 1977-ല്‍ പുറത്തിറക്കിയ ആപ്പിള്‍ II-ന്റേത് (Apple II) വ്യത്യസ്തമായൊരു കഥയാണ്. ആപ്പിള്‍ II-ലൂടെ കമ്പനി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ഇന്നൊവേഷന്‍ വളരെയധികം സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു. ഇന്നു പോലും അത്തരമൊരു ഇന്നൊവേഷനെ നമ്മള്‍ക്കു കാണുവാന്‍ സാധിക്കില്ലെന്നത് ഒരു യാഥാര്‍ഥ്യമാണ്. അത്രയ്ക്കും മികവു പുലര്‍ത്തിയതായിരുന്നു ആപ്പിള്‍-II. മൃദുത്വവും തിളക്കവുമുള്ള പ്ലാസ്റ്റിക് ആവരണത്തോടു കൂടിയതായിരുന്നു ആപ്പിള്‍-II കമ്പ്യൂട്ടര്‍. കളര്‍ ഗ്രാഫിക്സ് ഡിസ്പ്ലേ ചെയ്യാനുള്ള കഴിവുണ്ടായിരുന്നു എന്നതാണ് ആപ്പിള്‍-II ന്റെ പ്രധാന സവിശേഷത. ആപ്പിളിന് അഞ്ച് വര്‍ഷത്തിലേറെക്കാലം വിപണിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ പര്യാപ്തമായിരുന്നു ആപ്പിള്‍-II കമ്പ്യൂട്ടര്‍. ആപ്പിള്‍-II ന് ശേഷം ഗ്രാഫിക് യൂസര്‍ ഇന്റര്‍ഫേസുള്ള (ജിയുഐ) ആപ്പിള്‍-111 അഥവാ ലിസ പുറത്തിറക്കിയെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. പിന്നീട്, മക്കിന്റോഷ് ലോഞ്ച് ചെയ്യുന്നതു വരെ ആപ്പിളിനു വിപണി തിരിച്ചുപിടിക്കാന്‍ 1984 വരെ കാത്തിരിക്കേണ്ടി വന്നു. 1984-ലായിരുന്നു മക്കിന്റോഷ് പുറത്തിറക്കിയത്.

ആപ്പിള്‍-II പോലെ, മക്കിന്റോഷും ലോകത്തിന് സമ്മാനിച്ചത് വലിയൊരു ഇന്നൊവേഷനാണ്. അതിന്റെ ഗുണഫലങ്ങള്‍ കമ്പനിക്ക് ഇന്നും ലഭിക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. കമ്പ്യൂട്ടിംഗ് ജനകീയമാക്കുന്നതില്‍ ആപ്പിള്‍-II പ്രധാന പങ്കാണു വഹിച്ചത്. മക്കിന്റോഷും കമ്പ്യൂട്ടിംഗിനെ കൂടുതല്‍ ജനകീയമാക്കാന്‍ സഹായിച്ചു. ആപ്പിളിനു ഡെസ്‌ക് ടോപ് പബ്ലിഷിംഗ്, ഡിജിറ്റല്‍ ആര്‍ട്ട് എന്നിവയില്‍ പ്രശസ്തി നേടിക്കൊടുത്തു കൊണ്ടു പുതിയ വ്യവസായങ്ങള്‍ സാങ്കേതികവിദ്യയിലേക്കു തിരിഞ്ഞു. 1987-ല്‍ ക്വാര്‍ക്ക് ഇന്‍ക് എന്ന യുഎസ് സോഫ്റ്റ്വെയര്‍ കമ്പനി, ആപ്പിളിന്റെ മക്കിന്റോഷിനു മാത്രമായി ക്വാര്‍ക്ക് എക്സ്പ്രസ് പേജ് ലേഔട്ട് സോഫ്റ്റ്വെയര്‍ പുറത്തിറക്കുകയുണ്ടായി.1990-ല്‍ അഡോബ് സിസ്റ്റംസ് മക്കിന്റോഷിനു മാത്രമായി ഫോട്ടോഷോപ്പ് പുറത്തിറക്കി. ആപ്പിള്‍ കമ്പനി മക്കിന്റോഷ് പുറത്തിറക്കിയത് 1984-ലായിരുന്നു. മക്കിന്റോഷ് പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അതായത് 1985-ല്‍ ആള്‍ഡസ് എന്ന സോഫ്റ്റ്വെയര്‍ കമ്പനി ഡെസ്‌ക് ടോപ് പബ്ലിഷിംഗ് പ്രോഗ്രാം, മക്കിന്റോഷിനു മാത്രമായി പുറത്തിറക്കി. പേജ് മേക്കറിനെ അഡോബ് വാങ്ങിച്ചു. തുടര്‍ന്ന് 1999-ല്‍ ഇന്‍ ഡിസൈന്‍ കൊണ്ട് റീ പ്ലേസ് ചെയ്യുകയും ചെയ്തു. 1984-മുതല്‍ മക്കിന്റോഷ് പ്രചാരത്തിലായതോടെ, ആപ്പിളിന്റെ ശക്തി എന്താണെന്നു ലോകത്തിനു മനസിലായി കഴിഞ്ഞിരുന്നു. ആപ്പിള്‍-II ആദ്യ മൈക്രോ കമ്പ്യൂട്ടര്‍ ആയിരുന്നില്ല. ഗ്രാഫിക് യൂസര്‍ ഇന്റര്‍ഫേസുള്ള ആദ്യ കമ്പ്യൂട്ടറുമായിരുന്നില്ല മക്കിന്റോഷ്. എന്നാല്‍ മുഖ്യധാരയിലേക്ക് ഈ ആശയങ്ങള്‍ കൊണ്ടുവന്നത് ആപ്പിളായിരുന്നു. രണ്ടര പതിറ്റാണ്ട് മുമ്പ് ആപ്പിള്‍-11 ലൂടെയും, മക്കിന്റോഷിലൂടെയും ആപ്പിള്‍ സമ്മാനിച്ച പുതുമ ഇന്നും ഉത്പന്നങ്ങളിലൂടെ അവര്‍ ലോകത്തിനു സമ്മാനിക്കുന്നു. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഐ പോഡ്. ഇത്തരത്തില്‍ ഇന്നൊവേഷന്റെ പാതയിലൂടെ സഞ്ചരിക്കുന്നതു കൊണ്ടായിരിക്കണം ആപ്പിള്‍ ലോകത്തിലെ ആദ്യ ട്രില്യന്‍ ഡോളര്‍ കമ്പനിയായി മാറിയതും.

ഐ പോഡ് ആദ്യമായി പ്രഖ്യാപിച്ചത് 2001-ലായിരുന്നു. അന്ന് ടെക് ലോകത്തു നിന്നുമുള്ള പ്രതികരണം ആപ്പിളിന് അനുകൂലമായിരുന്നില്ല. പക്ഷേ, കാര്യങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആപ്പിളിന് അനുകൂലമായി മാറി. ആപ്പിളിനു ആസ്തിയില്‍ വിപ്ലവകരമായ വരുമാനം കൈവരിക്കാന്‍ ഐ പോഡിലൂടെ സാധിച്ചു. ഒരു കമ്പ്യൂട്ടര്‍ മാനുഫാക്ചറര്‍ എന്ന നിലയില്‍നിന്നും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഡിസൈനറെന്ന വിശേഷണം ആപ്പിളിന് ലഭിക്കാന്‍ ഐ പോഡിലൂടെ സാധിച്ചു. 2007-ല്‍ ആപ്പിള്‍ കമ്പ്യൂട്ടര്‍ എന്നതില്‍നിന്നും ആപ്പിള്‍ ഇന്‍ക് (Apple Inc.) എന്ന പേര് കമ്പനി മാറ്റിയതിനു പിന്നിലുണ്ടായ കാരണവും ഐ പോഡായിരുന്നു. ആപ്പിള്‍ ഇന്‍ക് എന്നു കമ്പനിയുടെ പേര് പ്രഖ്യാപിച്ച ദിവസം തന്നെയായിരുന്നു സ്റ്റീവ് ജോബ്സ് ഐ ഫോണ്‍ അവതരിപ്പിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിനിടെ ഐ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ സ്റ്റീവ് ജോബ്സ് പറഞ്ഞത് മൂന്ന് ഉത്പന്നങ്ങള്‍ അടങ്ങിയതാണ് ഐ ഫോണ്‍ എന്നാണ്. ടച്ച്് കണ്‍ട്രോള്‍ ഉള്ള വിശാലമായ സ്‌ക്രീനുള്ള ഐ പോഡ്, സമൂല പരിവര്‍ത്തനം സമ്മാനിക്കുന്ന മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍ ഡിവൈസ് തുടങ്ങിയവയായിരുന്നു സ്റ്റീവ് ജോബ്സ് സൂചിപ്പിച്ച ആ മൂന്ന് ഉത്പന്നങ്ങള്‍. 2007 ജൂണിനായിരുന്നു ഐ ഫോണ്‍ ആദ്യമായി ലോഞ്ച് ചെയ്തത്. യുഎസില്‍ വന്‍ സ്വീകാര്യതയാണ് ഐ ഫോണിന് ലഭിച്ചത്. ഐ ഫോണ്‍, ഒരു വിപ്ലവം തന്നെയായിരുന്നു. പക്ഷേ, യഥാര്‍ഥ വിപ്ലവം സംഭവിച്ചത് ഒരു വര്‍ഷം പിന്നിട്ടപ്പോഴായിരുന്നു. അതായത് 2008 ജുലൈ പത്തിന്. അന്നായിരുന്നു ആപ്പ് സ്റ്റോര്‍ അവതരിപ്പിച്ചത്. ആപ്പ് സ്റ്റോര്‍ അവതരിക്കുന്നതിനു മുന്‍പ്, ഐ ഫോണ്‍ മൂന്ന് ഉത്പന്നങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നെങ്കില്‍, ആപ്പ് സ്റ്റോര്‍ വന്നതിനു ശേഷം ഐ ഫോണ്‍ 500-ാളം ഉത്പന്നങ്ങള്‍ ഉള്‍പ്പെട്ടതായി മാറി. ഇന്ന് ഐ ഫോണ്‍ എന്നത് ഒരു ഫോണിന്റെ കടമ മാത്രമല്ല നിറവേറ്റുന്നത്, അല്ലെങ്കില്‍ ഉപയോഗപ്പെടുത്തുന്നത്. അത് ഗെയിം കളിക്കാനും, ഇമേജ് എഡിറ്ററായും, മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റായും, ടോര്‍ച്ചായുമൊക്കെ ഉപയോഗപ്പെടുത്തുന്നു. ആപ്പ് സ്റ്റോറില്‍ ലഭ്യമാകുന്ന ഓരോ ആപ്പും ഷോപ്പിംഗ്, ബാങ്കിംഗ് തുടങ്ങിയവയെ മാറ്റി മറിച്ചിരിക്കുന്നു. ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും, ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും, വാര്‍ത്ത വായിക്കാനും അനുവര്‍ത്തിച്ചിരുന്ന പരമ്പരാഗത രീതികളെ അടിമുടി ഉടച്ചുവാര്‍ത്തു അവ. ആപ്പിള്‍ ഇന്നു വ്യവസായത്തെ മാത്രമല്ല പരിവര്‍ത്തനത്തിനു വിധേയകമാക്കുന്നത്. പകരം, ലോകത്തെ തന്നെ മാറ്റി കൊണ്ടിരിക്കുകയാണ്.