image

8 Dec 2025 7:04 PM IST

Technology

ചിലര്‍ ഒഴിയുന്നു, മറ്റുചിലര്‍ വിരമിക്കുന്നു; ആപ്പിള്‍ കടന്നുപോകുന്നത് പരീക്ഷണങ്ങളിലൂടെ

MyFin Desk

ചിലര്‍ ഒഴിയുന്നു, മറ്റുചിലര്‍ വിരമിക്കുന്നു;   ആപ്പിള്‍ കടന്നുപോകുന്നത് പരീക്ഷണങ്ങളിലൂടെ
X

Summary

കമ്പനിയുടെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നു


ഏറ്റവും സ്ഥിരതയുള്ള എക്‌സിക്യൂട്ടീവുകളുടെ കൂട്ടമായി ഒരുകാലത്ത് കണക്കാക്കപ്പെട്ടിരുന്ന ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ്, ഇപ്പോള്‍ ഏറ്റവും നാടകീയമായ നേതൃത്വ മാറ്റത്തെ അഭിമുഖീകരിക്കുന്നു. നിരവധി മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ അവരുടെ വിടവാങ്ങലോ വിരമിക്കലോ പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവരുന്നു. ചിലര്‍ മറ്റ് കമ്പനികളിലേക്ക് ചേക്കേറുകയുമാണ്.

മെഷീന്‍ ലേണിംഗ് ആന്‍ഡ് എഐ സ്ട്രാറ്റജിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ഗിയാനാന്‍ഡ്രിയ, ഹ്യൂമന്‍ ഇന്റര്‍ഫേസ് ഡിസൈന്‍ മേധാവി അലന്‍ ഡൈ, പോളിസി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മേധാവി ലിസ ജാക്സണ്‍ തുടങ്ങിയവര്‍ ആപ്പിള്‍ വിടുന്നവരില്‍ ഉള്‍പ്പെടുന്നു. എഐ മേഖലയില്‍ നവീകരിക്കാനും മത്സരിക്കാനുമുള്ള ആപ്പിളിന്റെ കഴിവിനെക്കുറിച്ച് ഈ പിരിഞ്ഞുപോകല്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

എഐ സംരംഭങ്ങള്‍ നടപ്പിലാക്കുന്നതില്‍ കമ്പനി നേരിടുന്ന വെല്ലുവിളികളാണ് പലരുടെയും മാറ്റത്തിന് കാരണമാകുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

ആപ്പിളിന്റെ ദീര്‍ഘകാല സിഒഒ ജെഫ് വില്യംസിന്റെ വിടവാങ്ങല്‍ അനിശ്ചിതത്വത്തിന് ആക്കം കൂട്ടി. ഹാര്‍ഡ്വെയര്‍ സാങ്കേതികവിദ്യകളുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണി സ്രൂജി രാജിവെയ്ക്കാനൊരുങ്ങുന്നതായി ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ച്ചുചെയ്തിട്ടുമുണ്ട്. കമ്പനിയുടെ കസ്റ്റം ചിപ്പുകള്‍ വികസിപ്പിക്കുന്നതില്‍ സ്രൂജിക്ക് ഉള്ള പങ്ക് കണക്കിലെടുക്കുമ്പോള്‍, ജോണി സ്രൂജി പുറത്തുപോയാല്‍ അത് തിരിച്ചടിയായിരിക്കും.

നവംബറില്‍ 65 വയസ്സ് തികഞ്ഞ ടിം കുക്ക് സ്ഥാനമൊഴിയുന്ന പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ കമ്പനി ഒരു നേതൃത്വ പരിവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടെര്‍നസ്, കുക്കിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള ആളാണെന്ന് പരക്കെ കണക്കാക്കപ്പെടുന്നു.

അദ്ദേഹത്തിന്റെ ആഴത്തിലുള്ള സ്ഥാപന പരിജ്ഞാനവും അനുഭവപരിചയവും കണക്കിലെടുക്കുമ്പോള്‍, അടുത്ത വര്‍ഷം ആദ്യം കമ്പനി പുതിയ സിഇഒയെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്, ഇത് സുഗമമായ കൈമാറ്റം സാധ്യമാക്കിയേക്കും.

നേതൃത്വ മാറ്റങ്ങള്‍ക്കിടയിലും, ആപ്പിള്‍ സാമ്പത്തികമായി ശക്തമാണ്. 4 ട്രില്യണ്‍ ഡോളറിലധികം വിപണി മൂല്യം. കമ്പനിയുടെ ആവാസവ്യവസ്ഥയും ബ്രാന്‍ഡ് വിശ്വസ്തതയും നേതൃത്വ പരിവര്‍ത്തനത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, അടുത്ത സിഇഒയ്ക്ക് എഐ മേഖലയിലെ മത്സരം രൂക്ഷമാകുന്നതും നവീകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടെയുള്ള കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നത് യാഥാര്‍ത്ഥ്യമാണ്.