25 Nov 2026 1:50 PM IST
AI നിയന്ത്രണം വിട്ടാല്‍ പിടിച്ചാല്‍ കിട്ടില്ല! മുന്നറിയിപ്പുമായി OpenAI മുന്‍ ബോര്‍ഡ് അംഗം
MyFin Desk
Summary
പരിധി വിട്ടാല്‍ മനുഷ്യന് നിയന്ത്രിക്കാനാകില്ല; എഐ എല്ലാം നശിപ്പിക്കുമോ?
നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രണം വിട്ടാല്‍ ഒറ്റ സ്വിച്ച് അമര്‍ത്തി അതിനെ നിയന്ത്രിക്കാനോ ഓഫ് ചെയ്യാനോ കഴിയുമോ? ഇല്ലെന്നാണ് OpenAI മുന്‍ ബോര്‍ഡ് അംഗം ഹെലന് ടോണറിന്റെ മുന്നറിയിപ്പ്.
അതിവേഗം വളരുന്ന എഐ സാങ്കേതികവിദ്യ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണികള്‍ നേരിടാന്‍ ഒരു എമര്‍ജന്‍സി ഷട്ട്ഡൗണ്‍ സംവിധാനം മാത്രം മതിയാകില്ലെന്നും അവര്‍ വ്യക്തമാക്കി. എഐയുടെ നിയന്ത്രണം മനുഷ്യരുടെ കൈകളില്‍ നിന്ന് നഷ്ടപ്പെടാനുള്ള സാധ്യതയും സൈബര്‍ സുരക്ഷാ വെല്ലുവിളികളും ചര്‍ച്ചയാകുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്.
ജോര്ജ്ടൗണ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് എമര്‍ജിങ് ടെക്നോളജിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹെലന് ടോണര്‍. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് എഐ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ അവര്‍ പങ്കുവെച്ചത്. എഐ സംവിധാനങ്ങളെ അടിയന്തരമായി നിര്‍ത്താനുള്ള സംവിധാനങ്ങള്‍ ചില അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകില്ലെന്നാണ് ടോണറുടെ വിലയിരുത്തല്‍.
എഐ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനരീതി തന്നെയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മനുഷ്യരുടെ നേരിട്ടുള്ള നിയന്ത്രണമില്ലാത്ത കംപ്യൂട്ടിങ് സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഐ മോഡലുകള്‍ ഉണ്ടാകാം. അമേരിക്കയുടെ നിയമപരമായ അധികാരപരിധിക്ക് പുറത്തുള്ള സെര്‍വറുകളിലും ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചേക്കാം.
പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന എഐ ഏജന്റുകളെ നിയന്ത്രിക്കുന്നതും വലിയ വെല്ലുവിളിയാണ്. അതിനാല്‍ ഒരു കേന്ദ്രീകൃത Kill Switch ഉപയോഗിച്ച് ലോകത്തെവിടെയുമുള്ള എഐ സംവിധാനങ്ങളെല്ലാം നിര്‍ത്താനാകില്ലെന്നാണ് മുന്നറിയിപ്പ്.
അതേസമയം, എഐ സുരക്ഷ ഉറപ്പാക്കുന്നതില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള സഹകരണത്തിനും ടോണര്‍ പ്രാധാന്യം നല്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സാങ്കേതികവിദ്യാ രംഗത്ത് കടുത്ത മത്സരമുണ്ടെങ്കിലും എഐ മൂലം സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകുന്നത് ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നാണ് അവരുടെ നിലപാട്. ചൈനയെ വിശ്വസിക്കുക എന്നതല്ല പരിഹാരമെന്നും പരസ്പര സഹകരണവും സുരക്ഷാ മാനദണ്ഡങ്ങളുമാണ് ആവശ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ, സാങ്കേതിക കമ്പനികളിലെ അടുത്തിടെയുണ്ടായ വ്യാപകമായ സേവന തടസ്സങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ പൂര്‍ണമായി പുറത്തുവിടുന്നുണ്ടോ എന്ന കാര്യത്തിലും ടോണര്‍ സംശയം പ്രകടിപ്പിച്ചു. സൈബര്‍ കുറ്റവാളികള്‍ സുരക്ഷാ പിഴവുകള്‍ മുതലെടുക്കുന്നതിന് മുമ്പ് അവ പരിഹരിക്കാനുള്ള അടിയന്തര ശ്രമങ്ങളാകാം ചില തടസ്സങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ സൂചിപ്പിച്ചു.
എഐ വികസനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ ഫെഡറല്‍ തലത്തില്‍ നടപടികള്‍ ആലോചിക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്. എഐ സുരക്ഷയ്ക്കായി അടിയന്തര ഷട്ട്ഡൗണ്‍ സംവിധാനങ്ങള്‍ക്കൊപ്പം കര്‍ശനമായ സുരക്ഷാ പരിശോധനകളും തുടര്‍ച്ചയായ നിരീക്ഷണവും അന്താരാഷ്ട്ര സഹകരണവും അനിവാര്യമാണെന്ന ചര്‍ച്ചകള്‍ക്കും ഇത് വീണ്ടും പ്രാധാന്യം നല്‍കുകയാണ്.
ഒറ്റ കില്‍ സ്വിച്ചല്ല, സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഭാവിയിലെ എഐ വെല്ലുവിളികളെ നേരിടാന്‍ ആവശ്യമെന്ന സന്ദേശമാണ് മുന്‍ ഓപ്പണ്‍എഐ ബോര്‍ഡ് അംഗത്തിന്റെ മുന്നറിയിപ്പ് നല്‍കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
