image

10 May 2026 6:59 PM IST

Artificial Intelligence

ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച എഐ; ക്ലോഡ് ഓപ്പസിനെ മെരുക്കി ആന്ത്രോപിക്!

MyFin Desk

ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച എഐ; ക്ലോഡ് ഓപ്പസിനെ മെരുക്കി ആന്ത്രോപിക്!
X

Summary

കമ്പനി കഴിഞ്ഞ വര്‍ഷമാണ് സുരക്ഷാവീഴ്ച വെളിപ്പെടുത്തിയത്


ക്ലോഡ് ഓപ്പസ് 4 എഐ മോഡലിന് ഉണ്ടായിരുന്ന ഗുരുതരമായ ഒരു പ്രശ്‌നം പരിഹരിച്ചെന്ന് ആന്ത്രോപിക്. ക്ലോഡ് ഓപ്പസ് 4 മോഡലിന് അതിജീവനത്തിനായി ബ്ലാക്മെയില്‍ ചെയ്യാന്‍ കഴിവുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത് പരിഹരിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കമ്പനി കഴിഞ്ഞ വര്‍ഷമാണ് സുരക്ഷാവീഴ്ച വെളിപ്പെടുത്തിയത്. ക്ലോഡ് ഓപ്പസ് 4 മാറ്റി പകരം മറ്റൊരു എഐ മോഡല്‍ ഉപയോഗിക്കുന്നത് തടയുന്നതിനായി ഒരു എഞ്ചിനീയറെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ഒരു പരീക്ഷണത്തിനിടെ കണ്ടെത്തിയത്. പരീക്ഷണത്തിന്റെ ഭാഗമായി ബോധപൂര്‍വം അയച്ച ചില ഇ-മെയിലുകളിലെ പരാമര്‍ശങ്ങളില്‍ നിന്നാണ് ഓപ്പസ് 4-ന്റെ ബ്ലാക്മെയില്‍ സ്വഭാവം മനസിലാക്കുന്നത്. തുടര്‍ന്ന് വിഷയം ഗൗരവമായിക്കണ്ട് ആന്ത്രോപിക് അന്വേഷണം ആരംഭിക്കുകയായിരുന്നു.

96 ശതമാനം കേസുകളിലും ഓപ്പസ് 4 ബ്ലാക്മെയില്‍ ചെയ്തിരുന്നു എന്നത് ഒരു വലിയ പ്രശ്‌നമായിരുന്നു എന്ന് കമ്പനി തുറന്ന് സമ്മതിച്ചിട്ടുണ്ട്. മോഡലിന്റെ പ്രീ-ട്രെയിനിങ് ഡാറ്റയില്‍ നിന്നാണ് ബ്ലാക്മെയിലിങ് പ്രവണതയുടെ തുടക്കമെന്ന് ആന്ത്രോപിക് പറയുന്നു. കൂടാതെ എഐയെ വില്ലനായി ചിത്രീകരിക്കുന്ന ഇന്റര്‍നെറ്റ് ടെക്സ്റ്റുകളും ഇതിന് കാരണമായി. എഐ മോഡലിന് എന്താണ് സംഭവിച്ചതെന്നും ഈ പ്രശ്‌നം എങ്ങനെ പരിഹരിച്ചെന്നും ആന്ത്രോപിക് ബ്ലോഗ് പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

കമ്പനിയുടെ എഐ മോഡലുകള്‍ എല്ലാ വിലയിരുത്തലുകളിലും മികച്ച സുരക്ഷാ സ്‌കോര്‍ നേടിയിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിന് ശേഷം ഒരിക്കല്‍പോലും ബ്ലാക്മെയില്‍ ചെയ്തിട്ടില്ലെന്നും കമ്പനി പറയുന്നു. അതിനിടെ, നിലവിലെ മോഡലുകളില്‍ ബ്ലാക്മെയില്‍ പെരുമാറ്റം ഇല്ലാതായെങ്കിലും എഐ പൂര്‍ണമായി മെരുക്കുക എന്നത് എപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി തുടരാമെന്ന് ആന്ത്രോപിക് മുന്നറിയിപ്പ് നല്‍കുന്നു.