13 Jan 2026 3:08 PM IST
ഒടുവിൽ ജെമിനിക്കായി ഗൂഗിളിന് കൈകൊടുത്ത് ആപ്പിൾ; ടെക് രംഗത്തെ തകർപ്പൻ ഡീൽ
MyFin Desk
Summary
എഐക്കായി ടെക്നോളജി രംഗത്തെ രണ്ട് വമ്പൻ കമ്പനികൾ കൈകോർക്കുന്നു. ഗൂഗിളുമായി വമ്പൻ കരാറുണ്ടാക്കിയിരിക്കുകയാണ് ആപ്പിൾ.ആപ്പിളിൻ്റെ എഐ ഉപകരണങ്ങൾക്ക് ഇനി ജെമിനി അടിസ്ഥാനമാകും.
ആപ്പിളിന്റെ പുതിയ എഐ മോഡലുകൾ ഇനി ഗൂഗിളിന്റെ ജെമിനി സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കും. ജെമിനി മോഡലിനായി ആപ്പിൾ ഗൂഗിളിനെ ഒപ്പം കൂട്ടുകയാണ്.ഇരുകമ്പനികളും ചേർന്ന് പുതിയ കരാറിൽ ഏർപ്പെട്ടു.സിരിയുടെ അടുത്ത തലമുറയിലെ എഐ മോഡൽ നിർമ്മിക്കുന്നതിനാണ് ആപ്പിൾ ജെമിനിയുടെ സഹായം തേടുന്നത്.
ടെക്നോളജി രംഗത്തെ രണ്ട് വമ്പൻ കമ്പനികളുടെ പങ്കാളിത്തം വലിയ മാറ്റത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്.ആപ്പിൾ ഭാവി മോഡലുകൾക്കായും ഗൂഗിളിന്റെ ജെമിനി മോഡലുകളെയും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറുകളെയും തന്നെ ആശ്രയിക്കുമെന്നാണ് റിപ്പോർട്ട്. സിരിയ്ക്കും മറ്റ് എഐ-അധിഷ്ഠിത സംവിധാനങ്ങൾക്കും ജെമിനി അടിസ്ഥാനമാകും.
എഐയിൽ മുന്നേറിയില്ലെങ്കിൽ ആപ്പിളിന് കാലിടറും
എഐ രംഗത്തെ മുന്നേറ്റത്തിന് ആപ്പിൾ സജ്ജമല്ലെന്നതും കമ്പനിയുടെ മത്സരക്ഷമതയും ഏറെക്കാലമായി വാർത്തകളിൽ നിറയുന്നുണ്ട്. ഗൂഗിൾ, ഓപ്പൺ എഐ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ജനറേറ്റീവ് എഐ മത്സരത്തിൽ ആപ്പിൾ പിന്നിലാണ്. സിരി പ്രവർത്തനക്ഷമമല്ലെന്നതും ആപ്പിൾ ഇന്റലിജൻസ് വികസിപ്പിക്കുന്നതിൽ കമ്പനിക്കുള്ള കാലതാമസവുമൊക്കെയാണ് ഇപ്പോൾ ഗൂഗിളുമായി കൈകോർക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ഉപഭോക്താക്കൾ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നതും കമ്പനിക്ക് പ്രതിസന്ധിയായി.
ഗൂഗിൾ അസിസ്റ്റൻ്റ്, അലക്സ എന്നിവ പ്രകടനത്തിൽ സിരിയേക്കാൾ മുന്നിലാണ്. കാലഘട്ടത്തിന് അനുസരിച്ച് എഐയിൽ മുന്നേറിയില്ലെങ്കിൽ ആപ്പിളിൻ്റെ ഐഫോൺ മേൽക്കോയ്മ തന്നെ നഷ്ടമായേക്കാം എന്ന ഘട്ടത്തിലാണ് കമ്പനി ഗൂഗിളിനെ ആശ്രയിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
