image

16 Nov 2026 12:39 PM IST

Artificial Intelligence

എല്ലാം ചാറ്റ്ജിപിടി; അമേരിക്കയെ മറികടന്ന് ഇന്ത്യ

MyFin Desk

എല്ലാം ചാറ്റ്ജിപിടി; അമേരിക്കയെ മറികടന്ന് ഇന്ത്യ
X

Summary

ലോകത്തിലെ ഏറ്റവും വലിയ വിപണിയായി മാറിയെന്ന് സാം ആള്‍ട്ട്മാന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ താല്‍പര്യം; ചാറ്റ്ജിപിടി ഉപയോഗം അതിവേഗം വളരുന്നു


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് കുതിപ്പിലാണ് ഇന്ത്യ. ചാറ്റ്ജിപിടി ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി മാറിയെന്നാണ് ഓപ്പണ്‍എഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ഇന്ത്യക്കാര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നുമാണ് ആള്‍ട്ട്മാന്‍ പറയുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് അമേരിക്കക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അനുകൂല സമീപനമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ എ.ഐയോടുള്ള പൊതുവായ സമീപനം കൂടുതല്‍ സംശയത്തോടെയുള്ളതാണെന്നും ആള്‍ട്ട്മാന്‍ നിരീക്ഷിച്ചു.

അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും വലിയ ഇന്റര്‍നെറ്റ് ഉപയോക്തൃ അടിത്തറയും എ.ഐ സാങ്കേതികവിദ്യയുടെ വ്യാപനത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. വിദ്യാര്‍ഥികള്‍, സംരംഭകര്‍, പ്രൊഫഷണലുകള്‍, ചെറുകിട ബിസിനസ് മേഖലകള്‍ എന്നിവിടങ്ങളില്‍ ചാറ്റ്ജിപിടിയുടെ ഉപയോഗം വര്‍ധിക്കുന്നത് ആഗോള എ.ഐ വിപണിയില്‍ ഇന്ത്യയുടെ പ്രാധാന്യം കൂടുതല്‍ ഉയര്‍ത്തുകയാണ്.

ഇന്ത്യക്കാരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് വലിയ ആവേശവും പരീക്ഷണ മനോഭാവവുമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചാറ്റ്ജിപിടിയെ വെറുമൊരു ചോദ്യോത്തര ഉപകരണമായി കാണാതെ ദൈനംദിന ജോലികള്‍ക്കും ബിസിനസ് വികസനത്തിനും ഉപയോഗപ്പെടുത്തുന്ന പ്രവണതയാണ് രാജ്യത്ത് ശക്തമാകുന്നത്.

ഇതിന് ഉദാഹരണമായി സ്‌കൂളിനുവേണ്ടി ധനസമാഹരണം നടത്താന്‍ ചാറ്റ്ജിപിടിയുടെ സഹായം തേടിയ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ അനുഭവവും അദ്ദേഹം പങ്കുവെച്ചു.