image

18 Feb 2026 3:49 PM IST

Artificial Intelligence

മാനക്കേടായി; ഇന്ത്യ എഐ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടിനെ

MyFin Desk

മാനക്കേടായി; ഇന്ത്യ എഐ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടിനെ
X

Summary

സംഭവം വൈറലായതോടെ ഉച്ചകോടിയില്‍ നിന്ന് ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയെ പുറത്താക്കി


ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ രാജ്യത്തിന് നാണക്കേട് ഉണ്ടാക്കി ഗല്‍ഗോട്ടിയാസ് സര്‍വകലാശാല. സ്വന്തം ലാബില്‍ ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് സര്‍വകലാശാല പ്രദര്‍ശിപ്പിച്ചത് ചൈനീസ് നിര്‍മ്മിത റോബോട്ടിനെ.

സര്‍വകലാശാല പ്രതിനിധി റോബോട്ടിന്റെ സവിശേഷതകള്‍ വിശദീകരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇത് ചൈനീസ് റോബോട്ട് ആണെന്ന് പറഞ്ഞ് കമന്റുകള്‍ വരാന്‍ തുടങ്ങുകയായിരുന്നു. സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നിന്ന് ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയെ പുറത്താക്കി. ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള സര്‍വകലാശാലയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് വികസിപ്പിച്ചെടുത്തതെന്ന് അവകാശപ്പെട്ടാണ് ഉച്ചകോടിയില്‍ റോബോട്ടിനെ പ്രദര്‍ശിപ്പിച്ചത്. ചൈനീസ് റോബോട്ടിക് കമ്പനിയായ യൂണീട്രീയുടെ യൂണീട്രീ ഗോ2 റോബോട്ടാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണം. ഓണ്‍ലൈനില്‍ ഇന്ത്യയില്‍ രണ്ട് ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ വിലയ്ക്ക് ഈ റോബോട്ടിക് നായയെ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓറിയോണ്‍ എന്ന പേരിലാണ് റോബോട്ടിനെ അവതരിപ്പിച്ചത്.

നടപടിക്ക് പിന്നാലെ വിശദീകരണവുമായി ഗല്‍ഗോട്ടിയാസ് സര്‍വകലാശാല രംഗത്തെത്തി. ഈ റോബോട്ട് തങ്ങള്‍ നിര്‍മിച്ചതാണെന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രമിങ്ങില്‍ പ്രായോഗിക പരിശീലനം നല്‍കാന്‍ വേണ്ടി വാങ്ങിയതാണെന്നും സര്‍വകലാശാല പറഞ്ഞു.എക്‌സിലൂടെയായിരുന്നു വിശദീകരണം. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അറിവ് നല്‍കുന്നതിനായി അമേരിക്ക, ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആധുനിക സാങ്കേതികവിദ്യകള്‍ തങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഈ പ്രത്യേക റോബോട്ട് തങ്ങള്‍ നിര്‍മ്മിച്ചതല്ലെങ്കിലും, ഭാവിയില്‍ സമാനമായ സാങ്കേതികവിദ്യകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കി.