21 Feb 2026 4:34 PM IST
Summary
ടെക്നിക്കൽ ടാസ്കുകൾക്കായി ഏറ്റവുമധികം ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് ഇന്ത്യാക്കാർ. ആഗോള ശരാശരിയേക്കാൾ നാലു മടങ്ങ് കൂടുതൽ ഉപയോക്താക്കൾ
സാങ്കേതിക ആവശ്യങ്ങൾക്കായി ലോകത്ത് ഏറ്റവും കൂടുതൽ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിൽ ഇന്ത്യാക്കാർ മുന്നിൽ . ആഗോള ശരാശരിയേക്കാൾ ഇന്ത്യയിൽ നാലു മടങ്ങ് ഉപയോക്താക്കളാണ് കൂടുതലുള്ളത്.ചാറ്റ് ജിപിടിയുടെ കോഡിങ് ഏജൻ്റായ കോഡക്സ് ഉപയോഗിക്കുന്നതിലും ഇന്ത്യാക്കാർ മുൻനിരയിലുണ്ട്. ആഗോള ശരാശരിയേക്കാൾ മൂന്ന് മടങ്ങ് ഉപയോക്താക്കളാണ് ഇന്ത്യയിൽ കൂടുതലുള്ളതെന്ന് കമ്പനി വ്യക്തമാക്കി. ഏജൻ്റിക് കോഡിങ് ആപ്ലിക്കേഷനായ കോഡെക്സാണിത്.
അതുപോലെ കോഡിങ് , ലേണിങ് സംബന്ധിച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതും പഠിക്കാൻ ശ്രമിക്കുന്നതും ഇന്ത്യാക്കാരാണെന്നും ഓപ്പൺ എഐ പറയുന്നു. തങ്ങൾക്ക് കണക്കാക്കാനാകുന്നതിലും വേഗത്തിലാണ് എഐയുടെ വ്യാപനം എന്നും ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐ വ്യക്തമാക്കി.
കൂടുതൽ ഓഫീസുകൾ വരുന്നു
ആഗോളതലത്തിൽ ഓപ്പൺ എഐയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ . ഉയർന്ന ട്രാഫിക്ക് കമ്പനിയുടെ ആഗോള കേന്ദ്രങ്ങളിൽ ഒന്നുകൂടെയായി ഇന്ത്യയെ മാറ്റും. രാജ്യത്ത് വിദ്യാർത്ഥികളും ഐടി ജീവനക്കാരുമാണ് ഏറ്റവും കൂടുതൽ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ നിലവിൽ 10 കോടിയിലധികം പ്രതിവാര സജീവ ഉപയോക്താക്കൾ കമ്പനിക്കുണ്ട്.
പകുതിയോളം ഉപയോക്താക്കളും 18–24 പ്രായപരിധിയിലുള്ള ഗ്രൂപ്പാണ് .ആഗോളതലത്തിൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇന്ത്യയിലാണ് കൂടുതൽ എന്ന് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഐഐഎം അഹമ്മദാബാദ്, എയിംസ് ഡൽഹി തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾക്ക് കമ്പനി 100,000-ത്തിലധികം ചാറ്റ്ജിപിടി എഡ്യുക്കേഷൻ ലൈസൻസുകൾ നൽകിയിട്ടുണ്ട്.
ഈ മാസം "ഓപ്പൺഎഐ ഫോർ ഇന്ത്യ" എന്ന പേരിൽ പ്രധാന സംരംഭവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ മുംബൈയിലും ബെംഗളൂരുവിലും പുതിയ ഓഫീസുകൾ തുറക്കാൻ കമ്പനി ലക്ഷ്യമിടുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
