image

23 Oct 2025 3:20 PM IST

Artificial Intelligence

ഡീപ്ഫെയ്ക്കിലൂടെ പറ്റിക്കാനാകില്ല; എഐ ഉള്ളടക്കത്തിന് ലേബല്‍ വരുന്നു

MyFin Desk

ഡീപ്ഫെയ്ക്കിലൂടെ പറ്റിക്കാനാകില്ല;  എഐ ഉള്ളടക്കത്തിന്  ലേബല്‍ വരുന്നു
X

Summary

എഐ ഉള്ളടക്കത്തിന് ഇനി ലേബലിങ് നിർബന്ധം


ഇനി എഐ ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ ലേബലിങ് നിർബന്ധമാകും. എഐ ഉപയോഗിച്ച് ഡീപ്ഫെയ്ക്ക് പോലുള്ള കൃത്രിമ ഉള്ളടക്കങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണിത്. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഇതുസംബന്ധിച്ച കരട് ചട്ടമുണ്ടാക്കി. എഐ ഉപയോഗിച്ചോ അല്‍ഗൊരിതത്തില്‍ മാറ്റംവരുത്തിയോ സൃഷ്ടിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ക്ക് ലേബലിങ് നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമം.

യഥാര്‍ഥമെന്നു തോന്നിക്കുന്ന വീഡീയോകളും ചിത്രങ്ങളും കൃത്രിമമായി സൃഷ്ടിച്ചതാണെങ്കില്‍ അക്കാര്യം ലേബലിങ്ങിലൂടെ വ്യക്തമാക്കിയിരിക്കണമെന്നാണ് പുതിയ നിബന്ധന. 2025ലെ ഐടി നിയമ ഭേദഗതിച്ചട്ടമാണ് ഇപ്പോള്‍ കേന്ദ്ര പുറത്തിറക്കിയിരിക്കുന്നത്.

യഥാര്‍ഥമെന്ന് തോന്നിക്കുന്ന രീതിയിൽ സൃഷ്ടിച്ചതോ മാറ്റംവരുത്തിയതോ ആയ ഉള്ളടക്കങ്ങള്‍ ആണോ പ്രചരിപ്പിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പോലുള്ള സാമൂഹികമാധ്യമങ്ങൾ ഉറപ്പുവരുത്തണം. ഇതിനുള്ള സംവിധാനമുണ്ടാക്കണം. കൂടാതെ കൃത്രിമ ഉള്ളടക്കമല്ലെന്ന് ഉപയോക്താക്കളില്‍നിന്ന് ഡിക്ലറേഷന്‍ വാങ്ങുകയും അത് ശരിയാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും വേണം.

കൃത്രിമമായി സൃഷ്ടിച്ച ഉള്ളടക്കമാണെന്ന് ലേബല്‍ ഇല്ലാത്തവ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ അനുവദിച്ചാൽ ഇത്തരം പ്ലാറ്റ്ഫോമുകൾ ചട്ടലംഘനം നടത്തിയതായി കണക്കാക്കും. വിവിധ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്യപ്പെടുന്നത് കൃത്രിമ ഉള്ളടക്കമാണോ എന്ന് പരിശോധിക്കാന്‍ സാങ്കേതിക സംവിധാനങ്ങളുണ്ടാവണമെന്നും പുതിയ കരട് ചട്ടങ്ങളില്‍ നിഷ്കർഷിക്കുന്നുണ്ട്.

ഓഡിയോക്കും ലേബലിങ്

കൃത്രിമമായി സൃഷ്ടിക്കുന്ന വിവരങ്ങളുടെ ദുരുപയോഗം വ്യാപകമായതിനാലാണ് പുതിയ നിയമം കൊണ്ടു വരുന്നത്.ഡിജിറ്റലായി മാറ്റങ്ങൾ വരുത്തിയ ഡീപ്ഫേക്ക് വീഡിയോകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യൂട്യൂബ്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എഐ ഉള്ളടക്കങ്ങൾ ലേബൽ ചെയ്തിരിക്കണമെന്ന നിർദേശം വന്നത്. അപ്‌ലോഡ് ചെയ്ത ഉള്ളടക്കം “കൃത്രിമമായി സൃഷ്ടിച്ച വിവരമാണോ” എന്നത് ഉപയോക്താക്കൾ സ്ഥിരീകരിക്കുകയും വേണം.

2021 ലെ ഐടി നിയമങ്ങളിലെ കരട് ഭേദഗതികൾ അനുസരിച്ച്, എഐ ഉള്ളടക്കം സൃഷ്ടിക്കാൻ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമുകൾ അത്തരം ഉള്ളടക്കം സ്ഥിരമായ മെറ്റാഡാറ്റയോ ഐഡന്റിഫയറോ ഉപയോഗിച്ച് വ്യക്തമായി ലേബൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വീഡിയോ ലേബൽ മൊത്തം ഉപരിതല വിസ്തീർണ്ണത്തിന്റെ കുറഞ്ഞത് 10 ശതമാനം വേണമെന്നതും നിർബന്ധമാകും.