5 April 2026 10:58 AM IST
ഇനി കളി മാറും! ചാറ്റ്ജിപിടിക്കും ജെമിനിക്കും എതിരാളിയായി മൈക്രോസോഫ്റ്റിന്റെ MAI
MyFin Desk
Summary
എംഎഐ-ട്രാന്‍സ്‌ക്രൈബ്-1, എംഎഐ-വോയിസ്-1, എംഎഐ-ഇമേജ്-2 എന്നിവയാണ് പുതിയ മോഡലുകള്‍
ഓപ്പണ്‍ എഐക്കും ഗൂഗില്‍ ജെമിനിക്കും ഭീഷണി ഉയര്‍ത്തി പുതിയ എഐ മോഡലുകള്‍ പുറത്തിറക്കി മൈക്രോസോഫ്റ്റ്. എംഎഐ-ട്രാന്‍സ്‌ക്രൈബ്-1, എംഎഐ-വോയിസ്-1, എംഎഐ-ഇമേജ്-2 എന്നീ പേരുകളിലാണ് പുതിയ മോഡലുകള്‍ പുറത്തിറക്കിയത്. ഇമേജ് ക്രിയേഷന്‍, ഓഡിയോ ക്രിയേഷന്‍, ശബ്ദം ടെക്സ്റ്റിലേക്ക് മാറ്റല്‍ എന്നീ പ്രക്രിയകള്‍ക്കായാണ് ഈ പ്രത്യേക എഐ മോഡലുകള്‍ മൈക്രോസോഫ്റ്റ് വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍, ഓപ്പണ്‍എഐ പോലുള്ള പ്രമുഖ എതിരാളികളുടെ മോഡലുകളെക്കാള്‍ മികച്ച പ്രകടനമാണ് ഇവ കാഴ്ചവയ്ക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
എംഎഐ-ട്രാന്‍സ്‌ക്രൈബ്-1, എംഎഐ-വോയിസ്-1, എംഎഐ-ഇമേജ്-2 എന്നീ മോഡലുകൾ മൈക്രോസോഫ്റ്റ് ഫൗണ്ടറി പ്ലാറ്റ്‌ഫോമിലും എംഎഐ പ്ലേ ഗ്രൗണ്ടിലും ലഭ്യമാണ്. കൂടാതെ, വിവിധ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളിലേക്കും ഈ സാങ്കേതികവിദ്യ ഘട്ടംഘട്ടമായി വ്യാപിപ്പിക്കുകയാണ്. ഇവയില്‍ പ്രധാന ശ്രദ്ധ നേടിയിരിക്കുന്നത് എംഎഐ-ട്രാന്‍സ്‌ക്രൈബ്-1 മോഡലാണ്. 25 പ്രമുഖ ഭാഷകളില്‍ മികച്ച നിലവാരത്തിലുള്ള സ്പീച്ച്-ടു-ടെക്സ്റ്റ് ട്രാന്‍സ്‌ക്രിപ്ഷന്‍ നല്‍കാന്‍ ഇതിന് കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
FLEURS ബെഞ്ച്മാര്‍ക്കില്‍ നടത്തിയ ആഭ്യന്തര പരിശോധനകളില്‍, ഇത് ജെമിനി 3.1 ഫ്‌ളാഷ്, ജിപിടി ട്രാന്‍സ്‌ക്രൈബ് എന്നിവയെ അപേക്ഷിച്ച് തെറ്റുകള്‍ വരുത്തുന്നത് കുറവാണെന്ന് കമ്പനി പറയുന്നു. മൂന്ന് മോഡലുകളും കോ പൈലറ്റ്, ബിന്‍ഗ്, പവര്‍പോയിന്റ് തുടങ്ങിയ സേവനങ്ങളിലേക്കും വ്യാപിപ്പിക്കപ്പെടുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. എഐ മേഖലയിലെ മത്സരത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
